ദുബൈയിലെ സർവകലാശാല പരീക്ഷയിൽ ചാറ്റ് ജി.പി.ടി ‘കോപ്പിയടി’
text_fieldsദുബൈ: എമിറേറ്റിലെ പ്രധാന സർവകലാശാലയിലെ പരീക്ഷയിൽ വ്യാപക ചാറ്റ് ജി.പി.ടി ‘കോപ്പിയടി’ കണ്ടെത്തി. വെസ്റ്റേൺ ആസ്ട്രേലിയയിലെ കർട്ടിൻ യൂനിവേഴ്സിറ്റിയുടെ കാമ്പസായ കർട്ടിൻ യൂനിവേഴ്സിറ്റി ദുബൈയിലെ പരീക്ഷക്കിടയിലാണ് ചാറ്റ് ജി.പി.ടി ഉപയോഗം കണ്ടെത്തിയത്. ഒരു ക്ലാസിലെ മൂന്നിലൊന്ന് കുട്ടികളും കോപ്പിയടിച്ചതായാണ് കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ സർവകലാശാലയിലെ മുഴുവൻ പരീക്ഷകളും പഴയ എഴുത്ത് രൂപത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ശ്രമമാരംഭിച്ചു.
ഇൻട്രൊഡക്ഷൻ ടു മാനേജ്മെന്റ് എന്ന വിഷയത്തിലെ പരീക്ഷയിലാണ് കോപ്പിയടി കണ്ടെത്തിയത്. ഉത്തരപേപ്പറിൽ സംശയം തോന്നിയ അധ്യാപകൻ വിദ്യാർഥികളിൽനിന്ന് ഉത്തരങ്ങൾ എഴുതിത്തരാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ എഴുതി നൽകിയ ഉത്തരങ്ങളും ഡിജിറ്റൽ പരീക്ഷയിലെ ഉത്തരങ്ങളും തമ്മിൽ വ്യത്യാസം കണ്ടെത്തുകയായിരുന്നു. ഉപന്യാസം എഴുതുന്നതിനാണ് വിദ്യാർഥികൾ പ്രധാനമായും ചാറ്റ് ജി.പി.ടി ഉപയോഗപ്പെടുത്തിയിരിക്കുന്നത്.
പ്രശ്നം ഒരിടത്ത് ഒതുങ്ങുന്നതല്ലെന്നും വളരെ വ്യാപകമാണെന്നുമാണ് അധികൃതർ കണ്ടെത്തിയിട്ടുള്ളത്. വളരെ വിദൂരമല്ലാത്ത ഭാവിയിൽ എല്ലാ സർവകലാശാലകളും പഴയ സംവിധാനത്തിലേക്ക് മാറേണ്ടിവരുമെന്നതാണ് സാഹചര്യമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ദുബൈയിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കുന്ന നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റിയുടെ പട്ടികയിൽ കർട്ടിൻ യൂനിവേഴ്സിറ്റി ഏറ്റവും മികച്ച സർവകലാശാലകളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നേരത്തെ നിർമിത ബുദ്ധി സാങ്കേതികവിദ്യയുടെ ഉപയോഗം തടയാൻ യു.എ.ഇയിലെ വിവിധ സ്കൂളുകൾ പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.