ചാറ്റ് ജി.പി.ടി ഡീപ് റിസർച്ച് ഇനി എല്ലാവർക്കും
text_fieldsഓപൺ എ.ഐ തങ്ങളുടെ ഡീപ് റിസർച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ടൂളിനെ എല്ലാ ചാറ്റ് ജി. പി.ടി ഉപയോക്താക്കൾക്കും ലഭ്യമാക്കുന്നു. ‘ലൈറ്റ്വെയ്റ്റ്’ വേർഷൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ടൂൾ, പെയ്ഡ് ഉപയോക്താക്കൾക്കുവേണ്ടി മാത്രമായി ചുരുക്കിയതായിരുന്നു.
o4-mini AI മോഡലിലൂടെ ലഭ്യമാക്കുന്ന ഈ വേർഷന് ചില നിരക്ക് പരിധികളുണ്ട്. അതായത് പെയ്ഡ് ഉപയോക്താക്കൾക്ക് ലഭിക്കുന്ന എല്ലാ സൗകര്യവും സൗജന്യ ഉപയോക്താക്കൾക്ക് കിട്ടില്ല എന്ന്. ഗൂഗ്ൾ തങ്ങളുടെ ഡീപ് റിസർച്ച് മോഡൽ എല്ലാവർക്കും ലഭ്യമാക്കിയതിന് പിന്നാലെയാണ് ഓപൺ എ.ഐയും ഈ വഴിയിലെത്തുന്നത്.
സൗജന്യമെത്ര?
സൗജന്യ ഉപയോക്താക്കൾക്ക് ഡീപ് റിസർച്ച് ആക്സസ് ആദ്യമായി ലഭിക്കുകയാണ് ഈ പ്രഖ്യാപനത്തിലൂടെ. അതായത് ഒരു മാസം അഞ്ച് ലൈറ്റ് വെയ്റ്റ് ഡീപ് റിസർച്ച് ചോദ്യങ്ങൾക്ക് അവസരമുണ്ട്. ചാറ്റ് ജി.പി.ടി പ്രോ ഉപയോക്താക്കൾക്കാകട്ടെ, നിലവിലെ 100 ഡീപ് റിസർച്ച് അന്വേഷണങ്ങൾ എന്നത് 250 ആക്കി ഉയർത്തും.
അത്ര ലൈറ്റല്ല
ലൈറ്റ് വെയ്റ്റ് ഡീപ് റിസർച്ച്, റെഗുലർ വേർഷനോളം തന്നെ ‘ബുദ്ധി’യുള്ളതാണെന്നാണ് കമ്പനിയുടെ അവകാശവാദം. റെഗുലർ വേർഷന്റെ അത്ര വിശദമായി മറുപടി ഉണ്ടാവില്ലെങ്കിലും ഗുണമേന്മയിൽ ഒട്ടും കുറവില്ലെന്നും ഓപൺ എ.ഐ തങ്ങളുടെ ഔദ്യോഗിക ‘എക്സ്’ അക്കൗണ്ടിൽ വിശദീകരിക്കുന്നു.
എന്താണ് ഡീപ് റിസർച്ച് ?
ഒരു വിഷയത്തെക്കുറിച്ച് ഒട്ടേറെ വിശ്വസനീയ ഉറവിടങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച്, വിശകലനം ചെയ്ത്, സമന്വയിപ്പിച്ച് ആ വിഷയം ആഴത്തിൽ മനസ്സിലാക്കാനുപയോഗിക്കുന്ന എ.ഐ ടൂളുകളാണ് ഡീപ് റിസർച്ച്. അക്കാദമിക്, സാങ്കേതിക വിദ്യ, മാർക്കറ്റ് അനാലിസിസ്, നയരൂപീകരണം തുടങ്ങിയ ആഴത്തിലുള്ള വിശകലനം ആവശ്യമായ മേഖലയിൽ ഡീപ് റിസർച്ച് വ്യാപകമായി ഉപയോഗിക്കുന്നു. വെറും വിവരശേഖരണത്തിന് പകരം, വിമർശന വിശകലനം, ക്രോസ് റഫറൻസ്, ഡാറ്റ പോയന്റുകൾ പരസ്പരം ബന്ധിപ്പിക്കൽ തുടങ്ങിയവയിലൂടെയാണ് വിഷയത്തെ ആഴത്തിൽ അന്വേഷിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.