രോഗം ബാധിച്ച പട്ടിയുടെ ജീവൻ രക്ഷിച്ച് ചാറ്റ് ജി.പി.ടി
text_fieldsസാങ്കേതിക രംഗത്തെ പുതിയ തരംഗമാണ് നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ചാറ്റ് ജി.പി.ടി. മനുഷ്യൻ ചെയ്യുന്ന പല ജോലികളും ഇതിന്റെ പുതിയ വേർഷനായ ചാറ്റ് ജി.പി.ടി 4ന് വഴിമാറുമെന്നാണ് വിലയിരുത്തലുകൾ. ഇത്തരം 20 പ്രഫഷനുകളുടെ പട്ടികയും പുറത്തുവന്നിരുന്നു. ഏറെ പ്രയാസമുള്ള പരീക്ഷകൾ പോലും വളരെ എളുപ്പത്തിൽ പാസായി ചാറ്റ് ജി.പി.ടി മികവ് തെളിയിച്ചിരുന്നു.
ചികിത്സ രംഗത്ത് ഡോക്ടർമാർക്ക് പോലും കണ്ടെത്താനാകാത്ത ചില കാര്യങ്ങൾ ഇതിന്റെ സഹായത്തോടെ അറിയാനാകുമെന്ന് അവകാശപ്പെടുന്നതാണ് പുതിയൊരു സംഭവം. വളർത്തുനായയുടെ രോഗം എന്തെന്ന് മനസ്സിലാക്കുന്നതിൽ വെറ്ററിനറി ഡോക്ടർമാർ പരാജയപ്പെട്ടപ്പോൾ ചാറ്റ് ജി.പി.ടി അത് കണ്ടെത്തി ജീവൻ രക്ഷിച്ചെന്നാണ് ട്വിറ്റർ ഉപയോക്താവായ കൂപർ എന്നയാൾ അവകാശപ്പെടുന്നത്.
തന്റെ വളർത്തുനായ ‘സാസി’ക്ക് അസുഖം വന്നപ്പോൾ പല വെറ്ററിനറി ഡോക്ടർമാരെയും കാണിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും അവസാനം ചാറ്റ് ജി.പി.ടി 4ൽ രോഗ ലക്ഷണങ്ങൾ കാണിച്ചപ്പോൾ കൃത്യമായ പരിഹാരം നിർദേശിച്ചെന്നും ഇപ്പോൾ അസുഖം പൂർണമായി ഭേദമായെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. നായക്ക് അസുഖം വന്നപ്പോൾ ആദ്യം വെറ്ററിനറി ഡോക്ടർമാരുടെ സഹായത്താൽ ആശ്വാസമുണ്ടായെന്നും എന്നാൽ, പിന്നീട് സ്ഥിതി മോശമായെന്നും കൂപ്പർ പറയുന്നു. ഇതോടെയാണ് ചാറ്റ് ജി.പി.ടിയുടെ സഹായം തേടിയതെന്നും ഇതിൽനിന്നുള്ള നിർദേശപ്രകാരം വീണ്ടും മറ്റൊരു വെറ്ററിനറി ഡോക്ടറെ സമീപിച്ചപ്പോൾ ഏതാനും ദിവസങ്ങൾക്കകം രോഗം പൂർണമായി സുഖപ്പെട്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.