‘50 ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ചാറ്റ്ജി.പി.ടി കുടിക്കുന്നത് 500ml വെള്ളം’; മുന്നറിയിപ്പുമായി ഗവേഷകർ
text_fieldsആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടായ ചാറ്റ്ജി.പി.ടിയെ നിങ്ങൾ ഇതുവരെ ടെസ്റ്റ് ചെയ്ത് നോക്കിയിട്ടുണ്ടോ.? ഒരു വിഷയം കൊടുത്ത് അതിനെ അടിസ്ഥാനമാക്കിയുള്ള ലേഖനമോ കഥയോ കവിതയോ ഒക്കെ ചാറ്റ്ജി.പി.ടിയെ കൊണ്ട് എഴുതിച്ച് കൗതുകം കൂറിയവർ ഒരു കാര്യം കൂടി അറിയണം. ലോകമെമ്പാടുമായി കോടിക്കണക്കിന് ആളുകൾ ദിനേനെയെന്നോണം ഇത്തരത്തിൽ ചാറ്റ്ജി.പി.ടി ഉപയോഗിക്കുമ്പോൾ അതിന് നമ്മൾ വലിയ വില തന്നെ നൽകേണ്ടി വരുന്നുണ്ട്.
സെക്കൻഡുകൾ കൊണ്ട് വലിയ ലേഖനങ്ങളും പൈത്തൺ കോഡുകളും സൃഷ്ടിച്ചു തരുന്ന ഓപൺഎ.ഐയുടെ ചാറ്റ്ബോട്ട് ഒരേസമയം അനേകായിരമാളുകൾ ഉപയോഗിക്കുന്നുണ്ട്. അത്തരം സാഹചര്യങ്ങളിൽ ചാറ്റ്ജി.പി.ടി പ്രവർത്തിപ്പിക്കുന്നതിനായി ഡാറ്റാ സെന്ററുകൾക്ക് ആവശ്യം വരുന്ന ജലത്തിന്റെ അളവ് നമുക്ക് വിശ്വസിക്കാൻ പറ്റാത്തത്രയും വലുതാണെന്നാണ് ഏറ്റവും പുതിയ പഠനം പറയുന്നത്.
ചാറ്റ്ജി.പി.ടിയും വെള്ളവും തമ്മിൽ എന്താണ് ബന്ധം എന്ന് സംശയം തോന്നാം. ഡാറ്റാ സെന്ററുകൾ അവരുടെ സെർവറുകൾക്ക് വൈദ്യുതി നൽകുന്നതിനും ചാറ്റ്ജി.പി.ടി പോലുള്ള എ.ഐ മോഡലുകൾ പ്രവർത്തിപ്പിക്കുമ്പോൾ ആ സെർവറുകൾ തണുപ്പിക്കുന്നതിനും വേണ്ടിയാണ് വലിയ അളവിൽ വെള്ളം ഉപയോഗിക്കുന്നത്.
യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ റിവർസൈഡും യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ആർലിംഗ്ടണിലെ ഗവേഷകരും ചേർന്ന് നടത്തിയ ഒരു പഠനം പറയുന്നത്, 20 മുതൽ 50 വരെയുള്ള ചോദ്യങ്ങളും ഉത്തരങ്ങളുമുള്ള ലളിതമായ സംഭാഷണത്തിനായി ChatGPT പ്രവർത്തിപ്പിക്കുന്നതിന് ഡാറ്റാ സെന്ററുകൾ 500 മില്ലീ ലിറ്റർ വെള്ളം ഉപയോഗിക്കുന്നുണ്ട് എന്നാണ്.
മൈക്രോസോഫ്റ്റിന്റെ ജിപിടി-3 മോഡലിന്റെ പരിശീലനത്തിന് വേണ്ടി മാത്രമായി 370 ബി.എം.ഡബ്ല്യു അല്ലെങ്കിൽ 320 ടെസ്‌ല കാറുകൾ നിർമ്മിക്കുന്നതിന് ആവശ്യമായ ശുദ്ധജലം വേണ്ടിവരുമെന്നും പഠനം കണ്ടെത്തി. അതായത് 700,000 ലിറ്റർ (185,000 ഗാലൻ) വെള്ളം. ചാറ്റ്ജി.പി.ടിയുടെ സൃഷ്ടാക്കളായ ഓപൺഎ.ഐയുമായി സഹകരിക്കുന്ന മൈക്രോസോഫ്റ്റ് കമ്പനിയിൽ 10 ബില്യൺ ഡോളർ നിക്ഷേിപ്പിച്ചിട്ടുണ്ട്.
ഗൂഗിളിന്റെ LaMDA പോലുള്ള മറ്റ് എ.ഐ മോഡലുകളും ദശലക്ഷക്കണക്കിന് ലിറ്റർ വെള്ളം ഉപയോഗിച്ചാണ് പ്രവർത്തിപ്പിക്കുന്നതെന്നും ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു.
ആഗോള ജലക്ഷാമം നേരിടുന്ന ഈ സാഹചര്യത്തിൽ എ.ഐ മോഡലുകൾ പ്രവർത്തിപ്പിക്കുന്ന കമ്പനികൾ അതിന്റെ "സാമൂഹിക ഉത്തരവാദിത്തം ഏറ്റെടുക്കാനും" അവരുടെ ജല ഉപഭോഗം കുറച്ച് ജലക്ഷാമത്തെ നേരിടാനുള്ള കൂട്ടായ ശ്രമങ്ങളിൽ പങ്കാളികളാകാനും ഗവേഷകർ പഠനത്തിൽ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.