മെറ്റക്കു പിന്നാലെ പണിമുടക്കി ഓപൺ എ.ഐ പ്ലാറ്റ്ഫോം; ചാറ്റ് ജിപിടി നിശ്ചലമായത് മണിക്കൂറുകളോളം
text_fieldsമെറ്റയുടെ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും വാട്സ്ആപ്പും പണിമുടക്കിയതിനു പിന്നാലെ ഓപൺ എ.ഐയുടെ ചാറ്റ് ടൂളായ ചാറ്റ് ജിപിടിയും നിശ്ചലമായി. ആപ്പിൾ ഡിവൈസുകളായ ഐഫോൺ, ഐപാഡ്, മാക്ബുക്ക് എന്നിവയുമായി ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്ന ചാറ്റ് ജിപിടിയിൽ വ്യാഴാഴ്ച പുലർച്ചെ മുതലാണ് പ്രോംപ്റ്റ് സർവീസുകൾ നിലച്ചത്. എന്നാൽ ഏതാനും മണിക്കൂറുകൾക്കകം സേവനം പുനഃസ്ഥാപിക്കാൻ കഴിഞ്ഞതായി ഓപൺ എ.ഐ വ്യക്തമാക്കി.
നേരത്തെ ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും വാട്സ്ആപ്പും ലോകവ്യാപകമായി പണിമുടക്കിയതോടെ മാർക് സുക്കർബർഗും ടീമും ട്രോളുകൾ ഏറ്റുവാങ്ങി. ഫേസ്ബുക്കിന്റെ ലോഗിൻ ആക്സസ് ഉൾപ്പെടെ 50,000ത്തോളം പേർക്കും ഇതിന്റെ പകുതിയോളം പേർക്ക് ഇൻസ്റ്റഗ്രാമിന്റെ സേവനവും മുടങ്ങിയത് കഴിഞ്ഞ രാത്രിയിലാണ്. വാട്സ്ആപ്പും ചെറിയ തോതിൽ പണിമുടക്കി. പിന്നാലെ മസ്കിന്‍റെ എക്സിലെത്തിയാണ് ആളുകൾ നിരാശയും അമര്‍ഷവും പങ്കിട്ടത്. മീമുകളും ട്രോളുകളും പങ്കുവെച്ച് സംഭവം തമാശയാക്കി മാറ്റിയവരും കുറവല്ല.
‘അവരായി, അവരുടെ പാടായി’, ‘ഒന്നും കാണാത്തതുപോലെ ഇരിക്കാം’ എന്നിങ്ങനെയായിരുന്നു എക്‌സ് ഉപഭോക്താക്കളുടെ പ്രതികരണം. മെറ്റയുടെ പ്രശ്നം പരിഹരിക്കാന്‍ തലപുകക്കുന്ന സക്കര്‍ബര്‍ഗും മീമുകളില്‍ നിറഞ്ഞു. മിസ്റ്റര്‍ ബീനിന്‍റെ മീമുകളാണ് കൂട്ടത്തില്‍ വൈറലായത്. വൈകാതെ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും മെറ്റ എക്സിലൂടെതന്നെ അറിയിച്ചു. 99 ശതമാനം പ്രശ്നവും പരിഹരിച്ചുവെന്നും ആപ്പുകള്‍ വൈകാതെ പൂര്‍ണമായും ലഭ്യമാകുമെന്നും മെറ്റ വ്യക്തമാക്കി. ഇതോടെ ആപ്പുകള്‍ക്ക് തകരാറുണ്ടെന്ന് പറയാന്‍ എക്സിലെത്തിയ മെറ്റയെ അഭിനന്ദിക്കാനും ചിലര്‍ മറന്നില്ല. നാല് മണിക്കൂറിലേറെ സമയമെടുത്താണ് തകരാർ പരിഹരിക്കാന്‍ മെറ്റക്കായത്.
ലോഗ് ഇന്‍ ചെയ്യാന്‍ പറ്റാത്തതും, മെസേജ് അയക്കാന്‍ സാധിക്കാത്തതുമായിരുന്നു തുടക്കത്തിലെ പ്രശ്നം. പോസ്റ്റുകള്‍ ഇടാന്‍ കഴിയുന്നില്ല, ഉള്ളടക്കം എഡിറ്റ് ചെയ്യാന്‍ കഴിയുന്നില്ല എന്നിങ്ങനെയുള്ള പരാതികളും പിന്നാലെയെത്തി. തകരാര്‍ ഡെസ്ക്ടോപ്പിലും മൊബൈല്‍ ആപ്പിലും ബാധിച്ചു. ഇന്‍സ്റ്റയില്‍ പോസ്റ്റുകള്‍ ഇടാന്‍ കഴിയുന്നില്ലെന്നും റീല്‍സ് ഇന്‍റര്‍ഫേസ് അപ്രത്യക്ഷമായി എന്നുമായിരുന്നു പ്രധാന പരാതികള്‍. ട്രോളുകൾ നിറഞ്ഞെങ്കിലും പ്രശ്നങ്ങൾ ഏറെക്കുറെ പരിഹരിച്ചതിന്റെ ആശ്വാസത്തിലാണ് മെറ്റ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.