ചാറ്റ്ജി.പി.ടി തയ്യാറാക്കിയ ഇ-മെയിൽ കണ്ട് ‘പേടിച്ച്’ 90 ലക്ഷം നൽകി ക്ലയന്റ്; അനുഭവം പറഞ്ഞ് ഡിസൈൻ കമ്പനി സി.ഇ.ഒ
text_fieldsപണം തരാതെ മുങ്ങിയ ക്ലയന്റിൽ നിന്ന് 109,500 ഡോളർ (90 ലക്ഷത്തോളം രൂപ) വീണ്ടെടുക്കാൻ ചാറ്റ്ജി.പി.ടി സഹായിച്ച അനുഭവം പങ്കുവെച്ച് ഒരു സി.ഇ.ഒ. അഭിഭാഷകനെ നിയമിക്കാതെയും, ഒരു രൂപ ചിലവില്ലാതെയും തങ്ങൾക്ക് അവകാശപ്പെട്ട പണം തിരിച്ചുപിടിച്ച കഥ ട്വിറ്ററിലൂടെയാണ് ഡിസൈൻ ഏജൻസിയായ ലേറ്റ് ചെക്കൗട്ടിന്റെ (Late Checkout) സി.ഇ.ഒ ഗ്രെഗ് ഐസൻബെർഗ് പങ്കുവെച്ചത്.
‘‘നിങ്ങൾ ചെയ്തു കൊടുത്ത മികച്ചൊരു വർക്കിന് ശതകോടീശ്വരനായ ഒരു ക്ലയന്റ് പ്രതിഫലം നൽകാതിരിക്കുന്നതായി സങ്കൽപ്പിക്കുക. മിക്ക ആളുകളും അത്തരം സാഹചര്യങ്ങളിൽ അഭിഭാഷകരുടെ അടുത്തേക്ക് പോകും. എന്നാൽ ഞാൻ പോയത് ചാറ്റ്ജി.പി.ടിയുടെ അടുത്തേക്കായിരുന്നു. ലീഗൽ ഫീസായി ഒരു രൂപ പോലും ചെലവഴിക്കാതെ ഞാൻ 109,500 ഡോളർ വീണ്ടെടുത്തതിന്റെ കഥ പറയാം: ” -ഐസെൻബെർഗ് ട്വിറ്ററിൽ കുറിച്ചു.
ക്ലയന്റിന്റെ ശ്രദ്ധ ആകർഷിക്കുന്നതിനുള്ള 'ഭയപ്പെടുത്തുന്ന ഇമെയിൽ' തയ്യാറാക്കാൻ ചാറ്റ്ജി.പി.ടി എങ്ങനെയാണ് തന്നെ സഹായിച്ചതെന്ന് വിശദീകരിക്കാനായി, അദ്ദേഹം ട്വീറ്റുകളുടെ ഒരു പരമ്പര തന്നെയാണ് പങ്കുവെച്ചത്.
കഴിഞ്ഞ വർഷം, ഒരു പ്രമുഖ ബ്രാൻഡിന് വേണ്ടി ഞങ്ങൾ ചില ഡിസൈൻ ജോലികൾ ചെയ്തു. അവർക്ക് നമ്മുടെ ജോലി ഇഷ്ടപ്പെട്ടതോടെ തുടരെ കൂടുതൽ വർക്കുകൾ ആവശ്യപ്പെട്ടു. ഞങ്ങൾ അവർ പ്രതീക്ഷിക്കുന്നതിലും ഗംഭീരമായി എല്ലാം ചെയ്തുകൊടുത്തു, ഒരു ഘട്ടത്തിൽ അവരുമായി ആശയവിനിമയം നിലയ്ക്കുന്നതുവരെ എല്ലാം സുഖകരമായി പോയിരുന്നു.
ഡിസൈനിങ് രംഗത്തും എൻജിനീയറിങ്ങിലും ദശലക്ഷക്കണക്കിന് വരുമാനം ലഭിച്ച നൂറുകണക്കിന് പ്രോജക്റ്റുകൾ ഞങ്ങളുടെ ഡിസൈൻ ഏജൻസി പൂർത്തിയാക്കിയിട്ടുണ്ട്, ഒരിക്കൽ പോലും ആരും ഞങ്ങളെ പൂർണ്ണമായി പേയ്‌മെന്റിന്റെ കാര്യത്തിൽ പറ്റിച്ചിട്ടില്ല. എന്നാൽ, ഈ സംഭവം എന്റെ ടീമിന്റെ മനോവീര്യം കെടുത്തി...
‘ഞങ്ങളുടെ ഫിനാൻസ് ആൻഡ് ഓപ്പറേഷൻസ് ടീം എന്നോട് ഇടപെടാൻ ആവശ്യപ്പെട്ടു. യാതൊരു പ്രതികരണവും ലഭിക്കാൻ സാധ്യതയില്ലാത്ത മറ്റൊരു ഇ-മെയിൽ അയക്കുന്നതിന് പകരം, അല്ലെങ്കിൽ ഉയർന്ന ഫീസുള്ള അഭിഭാഷകനെ നിയമിക്കുന്നതിന് പകരമായി എന്റെയുള്ളിൽ ഒരു ആശയമുദിച്ചു. അയാളുടെ ശ്രദ്ധ ക്ഷണിക്കാനായി കുറച്ചുകൂടി ഭയപ്പെടുത്തുന്ന ഇമെയിൽ ഡ്രാഫ്റ്റ് ചെയ്യാൻ എന്തുകൊണ്ട് ചാറ്റ്ജി.പി.ടിയെ ആശ്രയിച്ചുകൂടാ..?
അതിനായി ഓപൺഎ.ഐയുടെ വൈറൽ ചാറ്റ്ബോട്ടായ ചാറ്റ്ജി.പി.ടിക്ക് നൽകിയ ഇൻപുട്ടുകളും അതിനെ അടിസ്ഥാനമാക്കി ബോട്ട് നൽകിയ മെയിലും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ഓപ്പൺ എഐയുടെ പ്രതികരണവും അദ്ദേഹം മറ്റൊരു ട്വീറ്റിൽ പങ്കുവച്ചു.
ചാറ്റ്ജി.പി.ടി തനിക്ക് നൽകിയ ഡ്രാഫ്റ്റഡ് മെയിലിൽ ചെറിയ മാറ്റങ്ങൾ വരുത്തിയതിന് ശേഷം ക്ലയന്റിന് ഫോർവേഡ് ചെയ്തതായും ഗ്രെഗ് പറഞ്ഞു. “ഞാൻ ചില ചെറിയ കാര്യങ്ങളിൽ മാത്രം മാറ്റം വരുത്തി. എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു. രണ്ട് മിനിറ്റ് കഴിഞ്ഞ് എനിക്ക് കമ്പനിയുടെ എക്‌സിക്യൂട്ടീവിൽ നിന്ന് ഒരു ഇമെയിൽ ലഭിച്ചു. അപ്പോഴെന്റെ ഹൃദയം നിലച്ച അവസ്ഥയായിരുന്നു!, -അദ്ദേഹം ട്വീറ്റ് ചെയ്തു.
ചാറ്റ്ജി.പി.ടി തയ്യാറാക്കിയ ‘പേടിപ്പെടുത്തുന്ന ഇ-മെയിൽ’ അയച്ചതിന് ശേഷം വെറും രണ്ട് മിനിറ്റ് കഴിഞ്ഞാണ് പ്രതിഫലം നൽകാം എന്ന് പറഞ്ഞുകൊണ്ടുള്ള മറുപടി മെയിൽ ഗ്രെഗിന്റെ കമ്പനിക്ക് ലഭിച്ചത്.
‘‘ചാറ്റ്ജി.പി.ടിക്ക് നന്ദി. ഞങ്ങൾക്ക് അവകാശപ്പെട്ട പണം വീണ്ടെടുക്കാൻ കഴിഞ്ഞു. ഇത്ര പെട്ടന്ന് കാര്യം നടന്നത് ഞങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ഇവിടെ ചാറ്റ്ജി.പി.ടി മോശം പൊലീസുകാരനെപോലെയും എന്നെ നല്ല പൊലീസുകാരനെപോലെയും തോന്നിക്കുന്നതാണ് ഈ കഥയിലെ ഏറ്റവും നല്ല ഭാഗം’’. -ഗ്രെഗ് ട്വീറ്റ് ചെയ്തു.
ക്ലയന്റിനെ പേടിപ്പിക്കാൻ ചാറ്റ്ജി.പി.ടി തയ്യാറാക്കിയ നൽകിയ ‘ഇ-മെയിൽ’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.