എഴുത്തുകാരും പേടിക്കണം; ചാറ്റ്ജി.പി.ടി രചയിതാവായ 300 പുസ്തകങ്ങൾ ആമസോൺ കിൻഡിൽ സ്റ്റോറിൽ
text_fieldsഓപൺ എഐ വികസപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) അധിഷ്ഠിത ചാറ്റ്ബോട്ടായ ചാറ്റ്ജി.പി.ടി തുടർച്ചയായി ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. വിഷയം നൽകിയാൽ ലേഖനങ്ങൾ മുതൽ പൈത്തൺ കോഡുകൾ വരെ എഴുതിത്തരുന്ന ടെക് ലോകത്തെ വൈറൽ ചാറ്റ്ബോട്ട് ഏറ്റവും ഒടുവിലായി നൂറുകണക്കിന് പുസ്തകങ്ങളുടെ രചയിതാവായാണ് വാർത്തകളിൽ ഇടംനേടുന്നത്.
ആമസോണിന്റെ ‘കിൻഡിൽ സ്റ്റോറി’ൽ നിലവിൽ ഏകദേശം 300-ഓളം ഇ-ബുക്കുകളുടെ രചയിതാവോ, സഹ-രചയിതാവോ ആണ് ചാറ്റ്ജി.പി.ടി. ആമസോണിൽ പുസ്തക രചയിതാക്കൾ എ.ഐയുടെ സഹായം സ്വീകരിക്കുന്നത് വെളിപ്പെടുത്തേണ്ടത് നിർബന്ധമില്ലാത്തതിനാൽ, സംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് റോയിട്ടേഴ്‌സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
'ചാറ്റ്‌ജിപിടി മനുഷ്യരേക്കാൾ സ്മാർട്ടാണോ?' (ChatGPT smarter than humans?), 'ചാറ്റ്‌ജിപിടി ഉപയോഗിച്ച് കൂടുതൽ പണം സമ്പാദിക്കാം'(Make more money with ChatGPT), 'ദ സ്റ്റാർ വീവേഴ്സ് ലെസൺ: മാജിക്കൽ ബെഡ്‌ടൈം സ്റ്റോറി' (The star weaver's lesson: Magical bedtime story) തുടങ്ങി, ചാറ്റ്ജി.പി.ടി എഴുതിയ പുസ്തകങ്ങൾ കണ്ട് അന്തംവിടുകയാണ് നെറ്റിസൺസ്.
അതേസമയം, ‘‘ഇത് നമ്മൾ ശരിക്കും ആശങ്കപ്പെടേണ്ട കാര്യമാണെ’ന്നാണ് ഓതേഴ്‌സ് ഗിൽഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ മേരി റാസൻബെർഗർ പറയുന്നത്. ‘‘ഇത്തരം പുസ്‌തകങ്ങൾ വിപണിയിൽ നിറയുമെന്നും അത്, ധാരാളം എഴുത്തുകാരുടെ ജോലി ഇല്ലാതാകുമെന്നും’’ അവർ റോയിട്ടേഴ്സിനോട് പറഞ്ഞു.
“ഈ പുസ്‌തകങ്ങൾ എങ്ങനെയാണ് സൃഷ്‌ടിക്കപ്പെട്ടത് എന്നതിനെക്കുറിച്ച് രചയിതാക്കളിൽ നിന്നും പ്ലാറ്റ്‌ഫോമുകളിൽ നിന്നും സുതാര്യത ആവശ്യമാണ്. അല്ലെങ്കിൽ ഗുണനിലവാരം കുറഞ്ഞ ധാരാളം പുസ്‌തകങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്,” -റാസൻബെർഗർ കൂട്ടിച്ചേർത്തു.
‘കിൻഡിൽ സ്റ്റോറിലെ എല്ലാ പുസ്‌തകങ്ങളും തങ്ങളുടെ ഉള്ളടക്ക മാർഗ്ഗനിർദ്ദേശങ്ങൾ അടക്കം എല്ലാം നിയമങ്ങളും പാലിക്കണമെന്നാണ് ആമസോൺ വക്താവ് ലിൻഡ്സെ ഹാമിൽട്ടൺ സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. എന്നാൽ, ‘രചയിതാക്കൾ എ.ഐയുടെ സഹായം സ്വീകരിക്കുന്നത് വെളിപ്പെടുത്താൻ ആമസോൺ ആവശ്യപ്പെടുന്നുണ്ടോ..?’ എന്നതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് അവർ വ്യക്തമായി പ്രതികരിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.