പ്രതിമാസം 100 കോടി യൂസർമാരെന്ന റെക്കോർഡിലേക്ക് കുതിച്ച് ചാറ്റ്ജിപിടി സൃഷ്ടാക്കളായ ഓപൺഎഐ
text_fieldsഎഐ അധിഷ്ഠിത ചാറ്റ്ബോട്ട് ചാറ്റ്‌ജിപിടിയുടെ സ്രഷ്ടാക്കളായ ഓപൺഎഐ (OpenAI) പുതിയ റെക്കോർഡിലേക്ക് കുതിക്കുകയാണ്. പ്രതിമാസം ഒരു ബില്യൺ (100 കോടി) സന്ദർശകരിലേക്കാണ് ഓപൺഎഐ-യുടെ വെബ് സൈറ്റ് അടുക്കുന്നത്. ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന മികച്ച 50 സൈറ്റുകളിൽ ഏറ്റവും വേഗത്തിൽ വളരുന്ന വെബ്‌സൈറ്റായും അത് മാറി.
ട്രാഫികിന്റെ കാര്യത്തിൽ ഓപൺഎഐയുടെ വെബ് സൈറ്റായ ‘openai.com’ ഒരു മാസത്തിനുള്ളിൽ 54.21 ശതമാനമാണ് വളർച്ച നേടിയതെന്ന് യു.എസ് ആസ്ഥാനമായ വെസഡിജിറ്റലിന്റെ (VezaDigital) റിപ്പോർട്ടിൽ പറയുന്നു. Similarweb-ൽ നിന്നുള്ള (ഇസ്രായേൽ ആസ്ഥാനമായ സോഫ്റ്റ്‌വെയർ & ഡാറ്റ കമ്പനി) ഡാറ്റയെ അടിസ്ഥാനമാക്കി, മാർച്ചിൽ ഏറ്റവും കൂടുതൽ സന്ദർശനങ്ങൾ ലഭിച്ച മികച്ച 50 വെബ്‌സൈറ്റുകളുടെ ട്രാഫിക് കണക്കുകൾ ഏജൻസി വിശകലനം ചെയ്യുകയായിരുന്നു.
"ചാറ്റ്ജിപിടി പ്രതിഭാസം 2022 അവസാനത്തോടെ കാട്ടുതീ പോലെയാണ് പടർന്നുപിടിച്ചത്, അവിശ്വസനീയമാംവിധം ചുരുങ്ങിയ സമയത്തിനുള്ളിൽ 100 കോടി പ്രതിമാസ സജീവ ഉപയോക്താക്കളിൽ എത്തുന്ന ഏറ്റവും വേഗതയേറിയ വെബ്‌സൈറ്റ് എന്നതിന്റെ എല്ലാ റെക്കോർഡുകളും അത് ഉടൻ തകർക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നുത്," - വെസ ഡിജിറ്റലിന്റെ സിഇഒ സ്റ്റെഫാൻ കറ്റാനിക് പറഞ്ഞു.
മാർച്ച് മാസത്തിൽ മൊത്തം 847.8 ദശലക്ഷം സന്ദർശകരാണ് ഓപ്പൺഎഐയുടെ വെബ്‌സൈറ്റ് ആക്‌സസ് ചെയ്‌തത്, അതോടെ, ആഗോള റാങ്കിംഗിൽ ഒമ്പത് സ്ഥാനങ്ങൾ കയറി 18-ാം സ്ഥാനത്തെത്തി. അതേസമയം, ഈ വർഷം ഫെബ്രുവരിയിൽ തന്നെ ഒരു ബില്യൺ സന്ദർശകർ എന്ന നാഴികക്കല്ല് ഓപൺഎഐ മറികടന്നിരുന്നു, അത് 1.6 ബില്യൺ സന്ദർശനങ്ങളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യുഎസിൽ നിന്നാണ് ഓപൺഎഐക്ക് ഏറ്റവും കൂടുതൽ സന്ദർശകരെ ലഭിക്കുന്നത്. വെബ്‌സൈറ്റ് ട്രാഫിക്കിന്റെ പ്രാഥമിക ഉറവിടവും യു.എസാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.