ചാറ്റ്ജി.പി.ടി യൂസർമാർക്ക് 16 ലക്ഷം രൂപ വരെ പാരിതോഷികം; പ്രഖ്യാപനവുമായി ഓപൺഎ.ഐ
text_fieldsഎ.ഐ ചാറ്റ്ബോട്ടായ ചാറ്റ്ജി.പി.ടിയുടെ സൃഷ്ടാക്കളായ ഓപൺഎ.ഐ യൂസർമാർക്ക് പുതിയ ഓഫറുമായി രംഗത്തുവന്നിരിക്കുകയാണ്. ഓപൺഎ.ഐയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിസ്റ്റങ്ങളിലുള്ള കേടുപാടുകൾ റിപ്പോർട്ട് ചെയ്യുന്ന ഉപയോക്താക്കൾക്ക് 20,000 ഡോളർ വരെ (16.39 ലക്ഷം രൂപ) പാരിതോഷികം നൽകുമെന്നാണ് വാഗ്ദാനം.
അതെ, ഗൂഗിളിനും മൈക്രോസോഫ്റ്റിനും മെറ്റയ്ക്കും പുറമേ ‘ബഗ് ബൗണ്ടി പ്രോഗ്രാ’മുമായി എത്തിയിരിക്കുകയാണ് ഓപൺഎ.ഐ. ഇനി ചാറ്റ്ജി.പി.ടിയിലുള്ള പിഴവുകളും ബഗ്ഗുകളും റിപ്പോർട്ട് ചെയ്യുന്നവർക്ക് 200 ഡോളർ മുതൽ (16,000 രൂപ) പ്രതിഫലം ലഭിക്കും. ബഗുകളുടെ തീവ്രതയെ അടിസ്ഥാനമാക്കിയാണ് റിവാർഡുകൾ വാഗ്ദാനം ചെയ്യുന്നത്. യൂസർമാർക്ക് അത്തരത്തിൽ 20,000 ഡോളർ വരെയുണ്ടാക്കാം.
തങ്ങളുടെ സോഫ്റ്റ്‌വെയർ സിസ്റ്റങ്ങളിലെ ബഗുകൾ റിപ്പോർട്ടുചെയ്യാൻ പ്രോഗ്രാമർമാരെയും എത്തിക്കൽ ഹാക്കർമാരെയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ടെക് കമ്പനികൾ പലപ്പോഴും ബഗ് ബൗണ്ടി പ്രോഗ്രാമുകളെ ആശ്രയിക്കുന്നത്. അതേസമയം, ഓപൺഎ.ഐ സിസ്റ്റങ്ങൾ സൃഷ്ടിക്കുന്ന തെറ്റായ അല്ലെങ്കിൽ ക്ഷുദ്രകരമായ ഉള്ളടക്കം ബഗ് ബൗണ്ടി പ്രോഗ്രാമിൽ ഉൾപ്പെടുന്നില്ല.
ബഗ് ബൗണ്ടി പ്ലാറ്റ്‌ഫോമായ ബഗ്‌ക്രൗഡിലുള്ള വിശദാംശങ്ങൾ അനുസരിച്ച് ചാറ്റ്ജി.പി.ടിയുടെ ചില പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി ഓപൺഎ.ഐ ഗവേഷകരെ ക്ഷണിച്ചിരിക്കുകയാണ്. ഓപൺഎ.ഐ സിസ്റ്റങ്ങൾ തേർഡ് പാർട്ടി ആപ്ലിക്കേഷനുകളുമായി ആശയവിനിമയം നടത്തുകയും ഡാറ്റ പങ്കിടുകയും ചെയ്യുന്നതിന്റെ ചട്ടക്കൂടും ഗവേഷകർ അവലോകനം ചെയ്യണം.
സ്വകാര്യതാ നിയമങ്ങളുടെ ലംഘനം ആരോപിച്ച് ചാറ്റ്ജി.പി.ടി ഇറ്റലിയിൽ നിരോധിക്കപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ നീക്കം. ഇറ്റലിയുടെ നീക്കം മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെ റെഗുലേറ്റർമാരെ ജനറേറ്റീവ് AI സേവനങ്ങൾ കൂടുതൽ സൂക്ഷ്മമായി പഠിക്കാൻ പ്രേരിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.