ഇലോൺ മസ്കിന്റെ ‘ഗ്രോക്’ എ.ഐ ചാറ്റ്ബോട്ടിനെ പരിഹസിച്ച് ചാറ്റ്ജിപിടി തലവൻ
text_fieldsഓപൺ എ.ഐയുടെ ചാറ്റ്ജിപിടിക്കും ഗൂഗിളിന്റെ ബാർഡിനും ബദലായി ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ എ.ഐ കമ്പനിയായ എക്സ്‍എഐ (xAI) വികസിപ്പിച്ച ലാര്‍ജ് ലാംഗ്വേജ് ജനറേറ്റീവ് എഐ മോഡലാണ് ഗ്രോക് (Grok). ചാറ്റ്ജിപിടി പോലെ നമ്മുടെ ചോദ്യങ്ങളോട് പ്രതികരിക്കുന്ന ഗ്രോക് ആദ്യ ഘട്ടത്തിൽ പരിമിതമായ യൂസർമാർക്ക് മാത്രമാണ് ലഭ്യമാവുക. യൂസർമാരുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കുമൊക്കെ തമാശരൂപേണ മറുപടി നൽകുന്ന വിധത്തിലാണ് ഗ്രോക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് മസ്ക് പറഞ്ഞിരുന്നു.
എന്നാൽ, എ.ഐ ചാറ്റ്ബോട്ടുമായി മസ്ക് എത്തിയത് ഓപൺഎ.ഐ തലവനായ സാം ആൾട്ട്മാന് അത്ര രസിച്ച മട്ടില്ല. മൈക്രോ ബ്ലോഗിങ് സൈറ്റായ എക്സിൽ അദ്ദേഹം തമാശ രൂപേണ ‘ഗ്രോക്കി’നെ കൊട്ടി രംഗത്തുവന്നു. ഉപഭോക്താക്കള്‍ക്ക് അവരുടെ താല്പര്യം അനുസരിച്ച് ചാറ്റ് ബോട്ടുകള്‍ നിര്‍മിക്കാന്‍ സാധിക്കുന്ന ജിപിടി ബില്‍ഡര്‍ എന്ന പുതിയ സംവിധാനത്തെ കുറിച്ചുള്ള പോസ്റ്റിലാണ് അദ്ദേഹം മസ്കിന്റെ എ.ഐ ചാറ്റ്ബോട്ടിനെ കളിയാക്കിയത്.
ജിപിടി ബില്‍ഡറുടെ പ്രവർത്തനം കാണിക്കുന്ന സ്ക്രീൻ ഷോട്ടും ആൾട്ട്മാൻ പങ്കുവെച്ചിരുന്നു. "ചിരിക്കാൻ തോന്നുന്ന തരത്തിൽ ഞെട്ടിപ്പിക്കുന്ന നർമ്മത്തിൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന ഒരു ചാറ്റ്ബോട്ട് ആകുക." - അദ്ദേഹം ചാറ്റ്ജിപിടിയോട് ആവശ്യപ്പെട്ടത് ഇങ്ങനെയായിരുന്നു. "കൊള്ളാം, ചാറ്റ്ബോട്ട് സജ്ജീകരിച്ചിരിക്കുന്നു! അതിന്റെ പേര് ഗ്രോക്ക്. നിങ്ങൾക്ക് ഈ പേര് ഇഷ്ടമായോ, അതോ വേറെ എന്തെങ്കിലും വേണോ..? -ഇങ്ങനെയായിരുന്നു മറുപടി ലഭിച്ചത്. എന്തായാലും ആൾട്ട്മാന്റെ ഈ തമാശക്ക് മസ്ക് എന്ത് തരത്തിലുള്ള മറുപടിയാണ് നൽകുകയെന്ന് ഉറ്റുനോക്കുകയാണ് യൂസർമാർ.
അതേസമയം, എക്സിലെ ഡാറ്റ ഉപയോഗിച്ചാണ് ഇലോൺ മസ്കിന്റെ എ.ഐ മോഡൽ പ്രവർത്തിക്കുന്നത്. ഇന്റർനെറ്റ് ബ്രൗസിങ് സംവിധാനവുമുണ്ടായിരിക്കും. അതായത്, നമ്മൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാനായി ഇന്റർനെറ്റിൽ തിരയാനും ഗ്രോക്കിന് കഴിയുമെന്ന് ചുരുക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.