ക്ഷേമപദ്ധതികളുടെ ‘സെർച്ച് എൻജിനായി’ ഇനി വാട്സ്ആപ്പ്; ചാറ്റ്ജി.പി.ടിയെ കൂട്ടുപിടിച്ച് ഐ.ടി മന്ത്രാലയം
text_fieldsവാട്സ്ആപ്പിൽ ഓഡിയോ സന്ദേശങ്ങളിലൂടെ ചോദ്യങ്ങൾ ചോദിച്ച് പ്രധാനപ്പെട്ട സർക്കാർ സ്കീമുകളെ കുറിച്ചുള്ള വിവരങ്ങൾ നേരിട്ട് ശേഖരിക്കാൻ കഴിഞ്ഞാൽ എങ്ങനെയിരിക്കും...? കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള ‘ഭാഷിണി’ എന്ന ടീം, വാട്സ്ആപ്പ് അടിസ്ഥാനമാക്കിയുള്ള ഒരു ചാറ്റ്ബോട്ട് നിർമിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ 15 കോടിയോളം വരുന്ന കർഷകർക്ക് ഏറെ ഉപകാരപ്പെടുന്ന സംഭവമാണ് അണിയറയിൽ ഒരുങ്ങുന്നത്.
ആഗോളതലത്തിൽ വലിയ ചർച്ചയായി മാറിക്കൊണ്ടിരിക്കുന്ന ചാറ്റ്ജി.പി.ടിയെ (ChatGPT) കൂട്ടുപിടിച്ചാണ് ഭാഷിണി പുതിയ എ.ഐ ചാറ്റ്ബോട്ടിനെ തയ്യാറാക്കുന്നത്. ഇന്ത്യയിലെ 150 ദശലക്ഷം കർഷകർക്ക് വേണ്ടിയുള്ള പ്രധാന സർക്കാർ ക്ഷേമപദ്ധതികളുടെ ഒരു സെർച്ച് എൻജിനായി വാട്ട്‌സ്ആപ്പിനെ മാറ്റുകയാണ് അവരുടെ ലക്ഷ്യം. ചോദ്യങ്ങൾക്ക് ഉചിതമായ പ്രതികരണങ്ങൾ നൽകുന്നതിന് ചാറ്റ്ജി.പി.ടി സൃഷ്ടിച്ച വിവരങ്ങളെയാകും വാട്സ്ആപ്പിലെ എ.ഐ ചാറ്റ്ബോട്ട് ആശ്രയിക്കുക.
സർക്കാർ പദ്ധതികളെയും സബ്‌സിഡികളെയും ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സമൂഹത്തിലെ ഗ്രാമീണ, കർഷക വിഭാഗങ്ങളെയും അവർ സംസാരിക്കുന്ന വിവിധ ഭാഷകളെയും കണക്കിലെടുത്താണ് ചാറ്റ്ബോട്ട് വികസിപ്പിക്കുന്നത്. നിലവിൽ പരീക്ഷണ ഘട്ടത്തിലാണ് നമ്മുടെ എ.ഐ ചാറ്റ്ബോട്ട്
ഗ്രാമപ്രദേശങ്ങളിലെ കർഷകരടക്കമുള്ളവർക്ക് ചോദ്യങ്ങൾ ടൈപ്പ് ചെയ്ത് ബുദ്ധിമുട്ടേണ്ട ആവശ്യമില്ല, മറിച്ച് അവരുടെ ഭാഷകളിൽ വോയ്‌സ് നോട്ടുകളായി ചോദ്യങ്ങൾ ചോദിച്ചാൽ മതി എന്നതാണ് ചാറ്റ്ബോട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത. മറുപടിയായി ചാറ്റ്ജി.പി.ടി സൃഷ്ടിച്ച ഒരു വോയ്‌സ് അടിസ്ഥാനമാക്കിയുള്ള പ്രതികരണമാകും ലഭിക്കുക. അതിനായി രാജ്യത്തെ ഗ്രാമീണ ജനത സംസാരിക്കുന്ന പ്രാദേശിക ഭാഷകൾ തിരിച്ചറിയാനും മനസ്സിലാക്കാനും കഴിയുന്ന ഒരു ഭാഷാ മാതൃക നിർമ്മിക്കേണ്ടത് പ്രധാനമാണെന്ന് പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞു.
പരീക്ഷണ ഘട്ടത്തിലുള്ള ചാറ്റ്ബോട്ട് മോഡൽ, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മറാത്തി, ബംഗാളി, കന്നഡ, ഒഡിയ, അസമീസ് എന്നിവയുൾപ്പെടെ 12 ഭാഷകളെ പിന്തുണയ്ക്കുന്നു. ഇതിനർത്ഥം, ഈ ഭാഷകളിൽ ഏതെങ്കിലും ഒരു ഉപയോക്താവ് ചാറ്റ്ബോട്ടിലേക്ക് ഒരു വോയ്‌സ് നോട്ട് അയച്ചാൽ, അതിനുള്ള പ്രതികരണവുമായി ചാറ്റ്ബോട്ട് മടങ്ങിവരും, തീർച്ച.
ഈ ചാറ്റ്ബോട്ടിന്റെ മോഡൽ മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയെ കാണിച്ചിരുന്നതായും, ഈ വർഷം ആദ്യം ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചതായും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.