ടിക് ടോകിനെ ചൊറിഞ്ഞാൽ ‘മെറ്റയെ മാന്തും’; വാട്സ്ആപ്പും ത്രെഡ്സും ചൈനയിലെ ആപ്പ് സ്റ്റോറിൽ നിന്ന് ഔട്ട്
text_fieldsചൈനയിലെ ‘ആപ്പ് സ്റ്റോറിൽ’ നിന്ന് വാട്ട്‌സ്ആപ്പ്, ത്രെഡ്സ്, സിഗ്നൽ, ടെലിഗ്രാം എന്നിവ, നീക്കം ചെയ്ത് യു.എസ് ടെക് ഭീമൻ ആപ്പിൾ. ദേശീയ സുരക്ഷാ പ്രശ്‌നങ്ങളുടെ പേരിൽ ചൈനീസ് സർക്കാർ ഉത്തരവിട്ടതിനെത്തുടർന്നാണ് നടപടിയെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. “വിയോജിപ്പുണ്ടെങ്കിൽ പോലും നമ്മൾ പ്രവർത്തിക്കുന്ന രാജ്യങ്ങളിലെ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്,”- സംഭവത്തിൽ ആപ്പിൾ വക്താവ് വാൾസ്ട്രീറ്റ് ജേണലിനോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
ചൈനയുടെ അപ്രതീക്ഷിത നീക്കം കാരണം, മാർക് സക്കർബർഗിന്റെ ഉടമസ്ഥതയിലുള്ള യു.എസ് കമ്പനിയായ മെറ്റയാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടിരിക്കുന്നത്. ചൈനീസ് ടെക് ഭീമനായ ബൈറ്റ് ഡാന്‍സിന്റെ കീഴിലുള്ള ഷോർട് വിഡിയോ ആപ്പായ ടിക് ടോക്കിനെതിരെ അമേരിക്കന്‍ ജനപ്രതിനിധി സഭയില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ചൈനയുടെ നടപടി എന്നതും ശ്രദ്ധേയമാണ്.
മെറ്റയുടെ വാട്സ്ആപ്പിനും ത്രെഡ്സിനും ചൈനയിൽ യൂസർമാരുണ്ട്. ടെലഗ്രാമും സിഗ്നലുമടങ്ങുന്ന മെസേജിങ് ആപ്പുകളും ചൈനക്കാർ ഉപയോഗിക്കാറുണ്ട്, എന്നാൽ വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കുകൾ (VPN-കൾ) വഴി മാത്രമേ ഇവ ആക്‌സസ് ചെയ്യാൻ കഴിയൂ. ടെന്‍സെന്റിന്റെ ‘വീചാറ്റ്’ ആണ് ചൈനയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മെസേജിങ് ആപ്പ്. ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും എക്സിനും ചൈനയിൽ നിലവിൽ പ്രവർത്തനാനുമതിയില്ല.
ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങിൻ്റെ ചില "വിവാദ പരാമർശങ്ങൾ" ഉൾപ്പെടെയുള്ള രാഷ്ട്രീയ ഉള്ളടക്കം കാരണമാണ് വാട്ട്‌സ്ആപ്പും ത്രെഡ്സും നീക്കം ചെയ്യാൻ ചൈനയുടെ സൈബർസ്‌പേസ് അഡ്മിനിസ്‌ട്രേഷൻ ഉത്തരവിട്ടതെന്ന് ജേണലിന്റെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ആപ്പുകൾ നീക്കം ചെയ്തത് അക്കാരണം കൊണ്ടല്ലെന്നാണ് ആപ്പിൾ പറയുന്നത്.
തട്ടിപ്പുകൾക്കെതിരായ നടപടിയെന്ന് കാട്ടി, കഴിഞ്ഞ ആഗസ്തിൽ ചൈന പുതിയ നിർദേശങ്ങൾ പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തര, വിദേശ ആപ്പ് ഡെവലപ്പർമാർ അവരുടെ ബിസിനസിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ചൈനീസ് സർക്കാരിന് മുന്നിൽ റിപ്പോർട്ട് ചെയ്യണമെന്നായിരുന്നു ഉത്തരവ്. നിലവിലുള്ള ആപ്പുകൾക്ക് ആവശ്യമായ പേപ്പർ വർക്ക് ഫയൽ ചെയ്യാൻ ആപ്പ് ഡെവലപ്പർമാർക്ക് മാർച്ച് വരെ സമയമുണ്ടായിരുന്നു, അതേസമയം സെപ്തംബർ മുതൽ പുതിയ ആപ്പുകൾക്ക് റിലീസിന് മുമ്പ് തന്നെ പേപ്പർ വർക്ക് ആവശ്യമാണെന്നും സർക്കാർ പ്രഖ്യാപിക്കുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.