ഇൻറർനെറ്റിന് 'കൺട്രോൾ' മുറുക്കി ചൈന; കഴിഞ്ഞവർഷം അടച്ചുപൂട്ടിയത് 18,489 വെബ്സൈറ്റുകൾ
text_fieldsലോകത്ത് ഇൻറർനെറ്റ് ഉപയോഗത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തുന്ന രാജ്യങ്ങളിൽ മുമ്പനാണ് ചൈന. വിദേശ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും സേർച്ച് എഞ്ചിനുകളും ഒാൺലൈൻ ഷോപ്പിങ് സൈറ്റുകളും നിരോധിച്ച്, ചൈനീസ് ഭരണകൂടം അവയുടെ സ്വദേശി പകരക്കാരെയാണ് പ്രോത്സാഹിപ്പിക്കാറുള്ളത്. ചൈന കഴിഞ്ഞ വർഷം രാജ്യത്ത് അടച്ചുപൂട്ടിയത് 18,489 വെബ്സൈറ്റുകളാണ്. 4,551 ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകുകയും ചെയ്തതായി സർക്കാർ നിയന്ത്രിത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നിയമവിരുദ്ധം എന്ന് കാട്ടിയാണ് സൈറ്റുകൾ വിലക്കിയത്. ഒാൺലൈൻ കോഴ്സുകൾ എന്ന വ്യാജേന, ഒാൺലൈൻ ഗെയിമിങ്ങും ഡേറ്റിങ് വിവരങ്ങളും പ്രമോട്ട് ചെയ്തതിനാണ് വെബ് സൈറ്റുകൾ അടച്ചുപൂട്ടിയത്. അതേസമയം, അശ്ലീലവും അക്രമപരവുമായ ഉള്ളടക്കം ഉൾപ്പെടെയുള്ള നിയമവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചതിനാണ് മറ്റുള്ളവക്ക് മുന്നറിയിപ്പ് നൽകിയതെന്നും സൈബർസ്പേസ് അഡ്മിനിസ്ട്രേഷൻ ഓഫ് ചൈന (സിഎസി) അറിയിച്ചു. എന്നാൽ, ചൈനീസ് സർക്കാരിനെ വിമർശിച്ചുകൊണ്ടുള്ള ഉള്ളടക്കങ്ങളുള്ള വെബ്സൈറ്റുകളും വിലക്കിയവയിൽ പെടുമെന്ന് വിമർശകർ ആരോപിക്കുന്നുണ്ട്.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതും സമൂഹത്തിൽ പ്രതികൂല സ്വാധീനം ചെലുത്തുന്നതും കുട്ടികളെ മോശമായി ബാധിക്കുന്ന വിവരങ്ങൾ ഉൾക്കൊള്ളുന്നതുമായ പ്ലാറ്റ്ഫോമുകളുള്ള സൈബർ സ്പേസ് ശുദ്ധീകരിക്കുന്നതിനായി 2020 ൽ സൈബർസ്പേസ് അഡ്മിനിസ്ട്രേഷൻ വകുപ്പുകൾ നിരവധി പ്രചാരണ പരിപാടികൾ ആരംഭിച്ചതായി സർക്കാർ നിയന്ത്രിത വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.