കവിത കാരണം ചൈനീസ് ടെക് ബില്യണയർക്ക് നഷ്ടമായത് 18,365 കോടി; പുറത്തിറങ്ങരുതെന്ന് സർക്കാരും
text_fieldsബെയ്ജിങ്: ആലിബാബ തലവനായ ജാക്ക് മാക്ക് പിന്നാലെ മറ്റൊരു ടെക് ബില്യണയർക്കെതിരെയും കടുത്ത നടപടി സ്വീകരിച്ച് ചൈന. മൈറ്റ്വൻ സ്ഥാപകൻ വാങ് സിങ്ങിനെയാണ് ചൈനീസ് സർക്കാർ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. വലിപ്പത്തിൽ ചൈനയിൽ മൂന്നാം സ്ഥാനത്തുള്ള ടെക് കോർപ്പറേഷനാണ് മൈറ്റ്വൻ. അതിെൻറ തലവനായ വാങ് സിങ്ങ് 1,100 വർഷം പഴക്കമുള്ള ഒരു ചൈനീസ് കവിത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് പ്രശ്നം ആരംഭിക്കുന്നത്.
ഒാൺലൈൻ ഭക്ഷ്യ വിതരണ ശൃംഘല നടത്തുന്ന ശതകോടീശ്വരെൻറ പോസ്റ്റ് സർക്കാരിനെ വിമർശിക്കുന്ന തരത്തിലുള്ളതാണെന്ന് ചിലർ വ്യാഖ്യാനിച്ചതോടെ രണ്ട് ദിവസത്തിനുള്ളിൽ മൈറ്റ്വെൻറ വിപണി മൂല്യത്തിൽ 26 ബില്യൺ ഡോളർ ഇടിവ് നേരിട്ടു. വാങ് സിങ്ങിനും തെൻറ സമ്പാദ്യത്തിൽ നിന്നും 2.5 ബില്യൺ ഡോളർ (18,365 കോടിയിലധികം) നഷ്ടമായിരുന്നു.
കവിത പോസ്റ്റ് ചെയ്തതിന് ശേഷം ചൈനീസ് സർക്കാർ വാങ് സിങ്ങിനെ വിളിപ്പിച്ചു. അദ്ദേഹത്തോട് കുറച്ചുകാലത്തേക്ക് ആർക്കും മുഖം കൊടുക്കാതെയും പൊതുയിടങ്ങളിൽ ഇറങ്ങാതെയും ജീവിക്കാനും ഉത്തരവിട്ടു. കവിത ചൈനീസ് സർക്കാരിനെ നിശിതമായി വിമർശിക്കുന്ന തരത്തിലുള്ളതാണെന്നാണ് ബെയ്ജിങ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ചൈനയിലെ ആദ്യത്തെ ചക്രവർത്തിയുടെ ഭരണകാലത്ത് പുസ്തകങ്ങൾ കത്തിച്ച സംഭവം പറയുന്ന 'ടാങ് രാജവംശത്തിെൻറ കവിതയെ, രാജ്യ വിരുദ്ധമായാണ് ഇപ്പോഴും കണക്കാക്കപ്പെടുന്നത്.
എന്നാൽ, വലിയ രീതിയിലുള്ള വിവാദം പൊട്ടിപ്പുറപ്പെട്ടതോടെ തെൻറ പ്രവർത്തിയിൽ വിശദീകരണവുമായി മൈറ്റ്വൻ സി.ഇ.ഒ രംഗത്തെത്തി. തെൻറ പോസ്റ്റ് ലക്ഷ്യമിട്ടത് സ്വന്തം വ്യവസായത്തിെൻറ ഹ്രസ്വ ദൃഷ്ടിയെ ആണെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. എന്നാൽ, ചില നിക്ഷേപകർ അലിബാബ ഗ്രൂപ്പ് ഹോൾഡിങ് ലിമിറ്റഡ് സ്ഥാപകൻ ജാക്ക് മാ നടത്തിയ വിമർശനങ്ങൾക്ക് സമാനമായി അതിനെ കാണുകയായിരുന്നു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഇനി കൂടുതൽ തിരിച്ചടികളുണ്ടാവില്ലെന്ന് അധികൃതർ വാങ്ങിനോട് സൂചിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.