‘ജോലി സ്ഥലത്തേക്ക് ഐഫോൺ കൊണ്ടുവരരുത്’ - ജീവനക്കാരോട് ചൈനീസ് കമ്പനികൾ
text_fieldsജോലി സ്ഥലത്തേക്ക് ഐഫോണുകൾ കൊണ്ടുവരരുതെന്ന് ജീവനക്കാരോട് ആവശ്യപ്പെട്ട് ചൈനീസ് കമ്പനികൾ. എട്ട് ചൈനീസ് പ്രവിശ്യകളിലുടനീളമുള്ള നിരവധി കമ്പനികളും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റുകളുമാണ് പുതിയ നീക്കവുമായി എത്തിയിരിക്കുന്നത്. പകരം, ജോലി സമയത്ത് പ്രാദേശിക ബ്രാൻഡുകൾ നിർമ്മിച്ച ഫോണുകൾ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടതായി ഒന്നിലധികം റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
മറ്റ് രാജ്യങ്ങൾ വികസിപ്പിച്ച സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നത് വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണിത്. സെജിയാങ്, ഗ്വാങ്‌ഡോങ്, ജിയാങ്‌സു, അൻഹുയി, ഷാൻസി, ഷാൻഡോങ്, ലിയോണിങ്, ലോകത്തിലെ ഏറ്റവും വലിയ ഐഫോൺ ഫാക്ടറിയുള്ള സെൻട്രൽ ഹെബെയ് എന്നീ പ്രവിശ്യകളിലെ ചൈനീസ് ഏജൻസികളും സർക്കാർ പിന്തുണയുള്ള കമ്പനികളുമാണ് ഐഫോൺ അടക്കമുള്ള വിദേശ നിർമിത ഡിവൈസുകളോട് അകലം പാലിക്കാൻ ജീവനക്കാരോട് ,ആവശ്യപ്പെട്ടിരിക്കുന്നത്.
റോയിട്ടേഴ്‌സ് റിപ്പോർട്ട് അനുസരിച്ച്, കുറഞ്ഞത് മൂന്ന് മന്ത്രാലയങ്ങളിലെയും സർക്കാർ സ്ഥാപനങ്ങളിലെയും ജീവനക്കാരോട് ജോലിസ്ഥലത്ത് ഐഫോൺ ഉപയോഗിക്കരുതെന്ന് നിലവിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹ്വാവേ ഉൾപ്പെടെയുള്ള ആഭ്യന്തര കമ്പനികളെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ചൈന ഇത്തരമൊരു നടപടിയുമായി എത്തിയതെന്ന് അൽ ജസീറ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഈയിടെ, ബാങ്കുകൾ അടക്കമുള്ള സർക്കാർ സ്ഥാപനങ്ങളോട് പ്രാദേശിക സോഫ്‌റ്റ്‌വെയറിലേക്ക് മാറാൻ ചൈനീസ് ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തര അർദ്ധചാലക ചിപ്പ് നിർമാണവും രാജ്യം കാര്യമായി പ്രോത്സാഹിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.