നിരന്തരം റെയ്ഡും നടപടികളും; ഇന്ത്യ വിടാനൊരുങ്ങി ഷവോമി, ഒപ്പോ വിവോ, അടക്കമുള്ള ചൈനീസ് കമ്പനികൾ
text_fieldsചൈനീസ് കമ്പനികൾക്കെതിരെ ഇന്ത്യയിൽ തുടരുന്ന കടുത്ത നടപടികൾക്കിടെ, ഷവോമി, ഒപ്പോ, വിവോ അടക്കമുള്ള ചൈന ആസ്ഥാനമായുള്ള സ്മാർട്ട്‌ഫോൺ ബ്രാൻഡുകൾ ഇന്ത്യ വിടാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇന്ത്യക്ക് പകരം, ഈജിപ്ത്, ഇന്തോനേഷ്യ, ബംഗ്ലാദേശ്, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽ നിർമ്മാണ പ്ലാന്റുകൾ സ്ഥാപിക്കലാണ് അവരുടെ പദ്ധതിയെന്നും ഒരു കമ്പനിയുടെ എക്‌സിക്യൂട്ടീവിനെ ഉദ്ധരിച്ച് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് നിരന്തരം തുടരുന്ന റെയ്ഡുകൾക്കും അന്വേഷണങ്ങൾക്കും പിന്നാലെയാണ് കടുത്ത തീരുമാനവുമായി കമ്പനികൾ മുന്നോട്ടുവരുന്നത്. ഈജിപ്തിൽ 20 മില്യൻ ഡോളറിന് സ്മാർട്ട്‌ഫോൺ നിർമാണ ഫാക്ടറി ആരംഭിക്കാനുള്ള നടപടികൾ ഒപ്പോ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്.
അടുത്തിടെ ഷവോമി, വിവോ, ഒപ്പോ തുടങ്ങിയ ചൈനീസ് കമ്പനികളുടെ ഓഫീസുകളിൽ കേന്ദ്ര സർക്കാർ ഏജൻസികൾ നിരവധി തവണ റെയ്ഡ് നടത്തിയിരുന്നു. തുടർനടപടികളും സ്വീകരിക്കുകയുണ്ടായി. ഇന്ത്യൻ ഗവൺമെന്റിന്റെ നിരന്തര വേട്ടയാടൽ കാരണം രാജ്യത്തെ നിലനിൽപ്പ് അവതാളത്തിലാകുമെന്ന ചിന്ത ഇവിടെ പ്രവർത്തിക്കുന്ന ചൈനീസ് സ്മാർട്ട്‌ഫോൺ നിർമാതാക്കൾക്കിടയിലുണ്ടെന്നാണ് ചൈനീസ് എക്‌സിക്യൂട്ടീവ് ഗ്ലോബൽ ടൈംസിനോട് പ്രതികരിച്ചത്.
ഇന്ത്യൻ കമ്പനികളെ അത്യാധുനികമായ സ്മാർട്ട്‌ഫോണുകൾ ഉൽപാദിപ്പിക്കാൻ സഹായിക്കുന്നതിനായാണ് സർക്കാരിന്റെ നീക്കമെന്നും ചൈനീസ് കമ്പനികൾ ഭയക്കുന്നു. അതുകൊണ്ട് തന്നെ ഭാവി മുന്നിൽ കണ്ട് ഇപ്പോൾ തന്നെ ഇന്ത്യയിൽനിന്ന് പിൻവാങ്ങാനുള്ള ആലോചനയിലാണ് കമ്പനികളെന്നും എക്‌സിക്യൂട്ടീവ് വെളിപ്പെടുത്തി. മറ്റ് രാജ്യങ്ങളിൽ നിർമ്മാണ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനായി ഉഭയകക്ഷി ബന്ധങ്ങൾ, വിപണി സാധ്യതകൾ, മുൻഗണനാ നയങ്ങൾ, തൊഴിൽ ചെലവുകൾ എന്നിവ കമ്പനികൾ വിലയിരുത്തുമെന്ന് ചൈനീസ് എക്സിക്യൂട്ടീവ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.