ഇനി മുതൽ 'മി' ബ്രാൻഡില്ല; ഗുഡ്ബൈ പറയാൻ ഷവോമി
text_fieldsചൈനീസ് ടെക് ഭീമനായ ഷവോമി, റെഡ്മി, പോകോ, മി (Mi) തുടങ്ങിയ ബ്രാൻഡ് നെയിമുകളിൽ അവരുടെ ഉത്പന്നങ്ങൾ ആഗോളതലത്തിൽ വിപണിയിലെത്തിക്കുന്നുണ്ട്. ഒരു കാലത്ത് ബജറ്റ് ഫോണുകൾ മാത്രം ലോഞ്ച് ചെയ്തിരുന്ന റെഡ്മി ബ്രാൻഡിന് കീഴിൽ ഇപ്പോൾ പവർ ബാങ്ക് മുതൽ ലാപ്ടോപ്പുകൾ വരെ ലഭ്യമാണ്. പ്രീമിയം കാറ്റഗറിയിലുള്ള പ്രൊഡക്റ്റുകൾ ഷവോമി അവതരിപ്പിച്ചിരുന്നത് 'മി'-യുടെ കീഴിലായിരുന്നു. 'മി' ബ്രാൻഡിങ്ങിൽ സ്മാർട്ട്ഫോണുകളും സ്മാർട്ട് ടിവികളുമടക്കം സ്മാർട്ട് ഉത്പന്നങ്ങളുടെ വലിയൊരു നിരതന്നെയുണ്ട്.
എന്നാൽ, മി (Mi) എന്ന പേര് ഉപേക്ഷിക്കാനുള്ള തീരുമാനവുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ ഷവോമി. കഴിഞ്ഞ പത്ത് വർഷത്തോളമായി തങ്ങളുടെ ഉത്പന്നങ്ങളിൽ പതിച്ചിരുന്ന 'മി' എന്ന ബ്രാൻഡിങ്ങിന് പകരം ഇനിയങ്ങോട്ട് ഷവോമി എന്ന ബ്രാൻഡിങ് മതിയെന്ന നിലപാടിലാണ് കമ്പനി. അതിെൻറ തുടക്കമെന്നോണം ഉടൻ ലോഞ്ച് ചെയ്യാനിരിക്കുന്ന 'മിക്സ് 4' എന്ന പ്രീമിയം വിഭാഗത്തിലുള്ള ഫോൺ 'ഷവോമി മിക്സ് 4' എന്ന പേരിലായിരിക്കും അവതരിപ്പിക്കുക.
''2021 മൂന്നാം പാദം മുതൽ ഷവോമിയുടെ ഉത്പന്ന സീരീസായ മി, 'ഷവോമി' എന്ന് പുനർനാമകരണം ചെയ്യപ്പെടും, ഈ മാറ്റത്തോടെ ഞങ്ങളുടെ ആഗോളതലത്തിലുള്ള ബ്രാൻഡ് സാന്നിധ്യം ഏകീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മാറ്റം എല്ലാ പ്രദേശങ്ങളിലും പ്രാബല്യത്തിൽ വരാൻ കുറച്ച് സമയമെടുത്തേക്കാം. " -കമ്പനിയുടെ വക്താവിനെ ഉദ്ധരിച്ച് ദ വെർജ് റിപ്പോർട്ട് ചെയ്തു
അതേസമയം, പുതിയ മാറ്റം ഫോണുകളുടെ കാര്യത്തിൽ മാത്രമാണോ, അതോ മറ്റ് ഉത്പന്നങ്ങൾക്കും ബാധകമാണോ എന്ന കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. കമ്പനി സമീപകാലത്ത് ലോഞ്ച് ചെയ്ത ഫോണുകളും ടാബ്ലറ്റുകളും 'മി' ബ്രാൻഡിങ്ങിൽ തന്നെയായിരുന്നു. 2011 ആഗസ്തിലായിരുന്നു ഷവോമിയുടെ ആദ്യത്തെ മി സ്മാർട്ട്ഫോൺ വിപണിയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.