ഗൂഗ്ള്‍ ആക്സിലറേറ്റര്‍ പദ്ധതിയിലേക്ക് മലയാളികളുടെ കൊകോ ഗെയിംസ്
text_fieldsകൊച്ചി: സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഗൂഗ്ള്‍ ഏര്‍പ്പെടുത്തിയ ഇന്‍ഡി ഗെയിംസ് ആക്സിലറേറ്റര്‍ പരിപാടിയിലേക്ക് കേരള സ്റ്റാർട്ടപ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത കൊകോ ഗെയിംസ് തെരഞ്ഞെടുക്കപ്പെട്ടു. വര്‍ഷത്തിലൊരിക്കല്‍ ആഗോളതലത്തില്‍ നടത്തുന്ന ഈ പരിപാടിയില്‍ ഇന്ത്യയില്‍നിന്ന് രണ്ട് സ്റ്റാര്‍ട്ടപ്പുകളെ മാത്രമാണ് തെരഞ്ഞെടുത്തത്.
സ്റ്റാർട്ടപ് സംരംഭങ്ങള്‍ക്ക് വിദഗ്ധ ഉപദേശം, നിക്ഷേപം, ലോകോത്തര സാങ്കേതിക സൗകര്യങ്ങള്‍ എന്നിവ ലഭ്യമാക്കുന്ന ഹ്രസ്വകാല പരിപാടിയാണ് ആക്സിലറേറ്റര്‍. നാലു മാസമാണ് ആക്സിലറേറ്റര്‍ പരിപാടി നടക്കുന്നത്. ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് ഗൂഗ്ളിെൻറ വിദഗ്ധ സംഘവുമായി ആശയവിനിമയം നടത്താനും വിദഗ്ധ ഉപദേശം തേടാനും ഗൂഗ്ള്‍ ഉൽപന്നങ്ങള് കൈകാര്യം ചെയ്യാനും അവസരമുണ്ടാകും. ഇതിനു പുറമെ തങ്ങളുടെ ഉൽപന്നങ്ങള് നിക്ഷേപകര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാനും നിക്ഷേപം ആകര്‍ഷിക്കാനും കഴിയും.
മുഹമ്മദ് അബൂബക്കര്‍, അജ്മല്‍ ജമാല്‍, പി. കപില്‍ എന്നിവര്‍ ചേര്‍ന്നാണ് കൊകോ ഗെയിംസ് ആരംഭിച്ചത്. ഗെയിമിങ് മേഖലയില്‍ എട്ടു വര്‍ഷം പരിചയസമ്പന്നത ഉള്ളവരാണ് കൊകോ ഗെയിംസിലെ പ്രധാനികള്‍. സാന്‍ഫ്രാന്‍സിസ്കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വൈകോമ്പിനേറ്ററില് പങ്കെടുത്തയാളാണ് മുഹമ്മദ്. ഇദ്ദേഹം ആരംഭിച്ച ആദ്യകമ്പനി 2015ല്‍ ഫ്രഷ് വര്‍ക്സ് ഏറ്റെടുത്തിരുന്നു.
ആയിരക്കണക്കിന് അപേക്ഷകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് മുഹമ്മദ് അബൂബക്കര്‍ പറഞ്ഞു. മൊബൈല്‍ ഗെയിമിങ് കമ്പനിയായതിനാല്‍ തന്നെ ഗൂഗ്ള്‍ സേവനങ്ങളുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ഗൂഗ്ളിലേക്ക് ഇത്തരമൊരു വഴി തുറന്നുകിട്ടുന്നതിലൂടെ കമ്പനി പുതിയ ദിശയിലേക്ക് തിരിയുമെന്നും അദ്ദേഹം പറഞ്ഞു.
2019ല്‍ ആരംഭിച്ച കൊകോ ഗെയിംസ് ഇതിനകം അഞ്ച് ഗെയിമുകളാണ് പുറത്തിറക്കിയിട്ടുള്ളത്. ഏകദേശം 74 കോടിയാണ് കമ്പനിയുടെ വാര്‍ഷിക വരുമാനം. കളമശ്ശേരിയിലെ കിന്‍ഫ്ര ഹൈടെക് പാര്‍ക്കിലെ ടെക്നോളജി ഇനോവേഷന്‍ സോണിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.