നമ്മുടെ കുട്ടികൾ ഓൺലൈനിൽ സുരക്ഷിതരാണോ?
text_fieldsസൈബർ ലോകം ഒരേ സമയം സാധ്യതകളുടെയും അപകടങ്ങളുടേതുമാണ്. ശ്രദ്ധിച്ചില്ലെങ്കിൽ ആർക്കും പണി കിട്ടുമെന്ന് ദിനംപ്രതി കേൾക്കുന്ന സൈബർ തട്ടിപ്പിന്റെയും കുറ്റകൃത്യങ്ങളുടെയും കഥകൾ നമുക്ക് പറഞ്ഞുതരുന്നുണ്ട്. നമ്മുടെ കുട്ടികളാണ് പലപ്പോഴും സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാക്കപ്പെടാറുള്ളത്. എന്നുവെച്ച്, അവരെ സൈബർലോകത്തുനിന്ന് മാറ്റിനിർത്താനുമാകില്ല. അവരുടെ പഠനത്തിനും വിനോദത്തിനും മറ്റും ഒഴിച്ചുനിർത്താനാവാത്തതാണ് കമ്പ്യൂട്ടറും ഇന്റർനെറ്റും മൊബൈൽ ഫോണും ഇതര ഇലക്ട്രോണിക് ഗാഡ്ജറ്റുകളുമെല്ലാം.
യുനിസെഫിന്റെ കണക്കനുസരിച്ച്, ഓരോ ദിവസവും 1.75 ലക്ഷം കുട്ടികൾ പുതുതായി സൈബൽ ലോകത്തേക്ക് വരുന്നുണ്ട്. ഓരോ മിനിറ്റിലും രണ്ടു പേർ വീതം! അപ്പോൾ, സൈബർ ലോകം കൂടുതൽ സുരക്ഷിതമാക്കുകയാണ് ചെയ്യേണ്ടത്. കൂടുതൽ മികവുറ്റതും കുറ്റകൃത്യങ്ങൾക്ക് തടയിടുന്നതുമായ ഒരു സൈബർ സംസ്കാരത്തിലേക്ക് കുട്ടികളെ കൊണ്ടുവരികയും അതിനായി അവരെ പരിശീലിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിൽ പ്രധാനം.
പതിയിരിക്കുന്ന അപകടങ്ങൾ
സൈബർ ബുള്ളിയിങ് ആണ് കുട്ടികൾക്കുനേരെയുള്ള സൈബർ ‘ആക്രമണങ്ങളി’ൽ ഏറ്റവും അപകട സ്വഭാവമുള്ളതായി വിദഗ്ധർ പറയുന്നത്. സോഷ്യൽ മീഡിയവഴിയും മറ്റും ഭീഷണിപ്പെടുത്തുന്നതും അപകീർത്തിപ്പെടുത്തുന്നതുമൊക്കെയാണ് സൈബർ ബുള്ളിയിങ്. സൈബർ ലോകത്തെ അപകടകരമായ ഉള്ളടക്കങ്ങളാണ് മറ്റൊന്ന്. വിദ്വേഷ പ്രസംഗങ്ങൾ, സംഘർഷങ്ങളുടെ വിഡിയോകൾ, പോണോഗ്രഫി എന്നിവയെല്ലാം കുട്ടികളെ ഏറെ അപകടത്തിലാക്കും.
കുട്ടികളെയും കൗമാരക്കാരെയും ലൈംഗികമായി ചൂഷണം ചെയ്യുന്ന സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റുകളും ഇന്ന് ധാരാളമുണ്ട്. കുട്ടികളെ പലതരത്തിൽ വിശ്വാസത്തിലെടുത്താണ് അണിയറക്കാർ ഇതിന്റെ രഹസ്യസ്വഭാവം സൂക്ഷിക്കുന്നത്. ഓൺലൈൻ ഫ്രോഡുകൾ, സാമ്പത്തിക തട്ടിപ്പുകൾ, ഓൺലൈൻ ഗെയിം വഴിയുള്ള തട്ടിപ്പുകൾ എന്നിവയും കുട്ടികളുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്. ഭോപാൽ ഐയിംസ് നടത്തിയ പഠനത്തിൽ മധ്യപ്രദേശിലെ 33 ശതമാനം കൗമാരക്കാരും സൈബർ കുരുക്കുകളിൽപെട്ട് വിഷാദരോഗാവസ്ഥയിലുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.