സൈബർ സുരക്ഷ സഹകരണ പ്രാധാന്യം വ്യക്തമാക്കി കോൺഫറൻസ്
text_fieldsകുവൈത്ത് സിറ്റി: സൈബർ സുരക്ഷ സഹകരണത്തിൽ രാജ്യങ്ങൾക്കിടയിലും വകുപ്പുകൾക്കിടയിലുമുള്ള പ്രാധാന്യം വ്യക്തമാക്കി കോൺഫറൻസ്. സൈബർ കുറ്റകൃത്യങ്ങൾ, സൈബർ സുരക്ഷ മേഖലയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഭാവി തുടങ്ങിയ വിവിധ വിഷയങ്ങളിൽ ചർച്ചകളും സെഷനുകളും കോൺഫറൻസിൽ നടന്നു. സൈബർ സുരക്ഷ, ഡേറ്റ സംരക്ഷണം എന്നീ മേഖലകളിലെ പുതിയ കണ്ടുപിടിത്തങ്ങൾ, സംഭവവികാസങ്ങൾ എന്നിവ കോൺഫറൻസിൽ പങ്കുവെച്ചു.
സർക്കാർ, സ്വകാര്യ മേഖലകളിലെ ഈ രംഗത്തുനിന്നുള്ള സൈബർ സുരക്ഷ ഉദ്യോഗസ്ഥരും വിദഗ്ധരും പങ്കെടുത്തു. ജി.സി.സി രാജ്യങ്ങൾക്കിടയിൽ സൈബർ സുരക്ഷ, വിവര സുരക്ഷ എന്നീ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെയും സഖ്യങ്ങൾ കെട്ടിപ്പടുക്കുന്നതിന്റെയും പ്രാധാന്യം വലുതാണെന്ന് ദേശീയ സൈബർ സുരക്ഷ കേന്ദ്രം മേധാവി മേജർ ജനറൽ റിട്ട. മുഹമ്മദ് ബൗർക്കി പറഞ്ഞു. കമ്യൂണിക്കേഷൻ, ഡിജിറ്റൽ ടെക്നോളജി എന്നിവയാൽ നയിക്കപ്പെടുന്ന നാലാമത്തെ വ്യവസായിക വിപ്ലവത്തിന്റെ കൊടുമുടിയിലാണ് ലോകം.
ഇതിലെ വർധിച്ചുവരുന്ന ഭീഷണികളെ ചെറുക്കാൻ സാങ്കേതികവിദ്യ മാത്രം മതിയാകില്ല. സാങ്കേതിക വിദ്യക്കൊപ്പം സർക്കാറുകളും കമ്പനികളും തമ്മിലുള്ള തുടർച്ചയായ പങ്കാളിത്തം ആവശ്യമാണ്. ഇതാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹത്തെയും സമ്പദ്വ്യവസ്ഥയെയും പുനർനിർമിക്കുന്നതിൽ ഡിജിറ്റൽ പരിവർത്തനത്തിന് നിർണായക പങ്കുണ്ടെന്ന് ഹുവായ് നോർത്ത് ഗൾഫ് സൈബർ സുരക്ഷ മേധാവി കമാൽ സെയ്ൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.