തേർഡ് പാർട്ടി സേവനദാതാവാക്കണമെന്ന് പേടിഎം; പരിഗണിക്കണമെന്ന് ആർ.ബി.ഐ
text_fieldsമുംബൈ: പേടിഎം പേമെന്റ്സ് ബാങ്കിന്റെ പ്രവർത്തനം വിലക്കിയ സാഹചര്യത്തിൽ, തേർഡ് പാർട്ടി സേവനദാതാവ് (ടി.പി.എ.പി) എന്ന നിലയിൽ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന പേടിഎമ്മിന്റെ അപേക്ഷ പരിഗണിക്കാൻ നാഷനൽ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയോട്(എൻ.പി.സി.ഐ) റിസർവ് ബാങ്ക് ആവശ്യപ്പെട്ടു. അപേക്ഷ അംഗീകരിച്ചാൽ, ഗൂഗ്ൾ പേ, ഫോൺപേ എന്നിവയെപ്പോലുള്ള സേവനദാതാവായി പേടിഎം മാറും. നിലവിൽ സ്വന്തം ബാങ്കിനെ നോഡൽ അക്കൗണ്ടായി ഉപയോഗിക്കുന്നത് പേടിഎമ്മിന് മേൽക്കൈ നൽകിയിരുന്നു.
മാർച്ച് 15ന് ശേഷം പുതിയ നിക്ഷേപം സ്വീകരിക്കരുതെന്നാണ് റിസർവ് ബാങ്ക് പേടിഎം പേമെന്റ്സ് ബാങ്കിന് നിർദേശം നൽകിയിട്ടുള്ളത്. ബാങ്കിന്റെ പ്രവർത്തനം നിലക്കുന്നതോടെ @paytm എന്ന യു.പി.ഐ ഹാൻഡിലും മാറ്റണം.
പണമിടപാടുകൾക്കുള്ള നോഡൽ ബാങ്കായി മറ്റേതെങ്കിലും ബാങ്കുകളെ ആശ്രയിക്കുകയും വേണം. നിലവിൽ തങ്ങളുടെ നോഡൽ അക്കൗണ്ട് പേടിഎം ആക്സിസ് ബാങ്കിലേക്ക് മാറ്റിയിട്ടുണ്ട്. നാലോ അഞ്ചോ ബാങ്കുകളെ നോഡൽ ബാങ്കായി നിശ്ചയിക്കണമെന്നാണ് ആർ.ബി.ഐ നിർദേശം. പേടിഎം പേമെന്റ്സ് ബാങ്കിന്റെ കാര്യത്തിൽ സംഭവിച്ചതുപോലുള്ള സാഹചര്യം ഉണ്ടാകാതിരിക്കാനാണ് ഇത്.
ആമസോൺ പേ, ഗൂഗ്ൾ പേ, ഫോൺപേ, വാട്സ്ആപ് തുടങ്ങി 22 സ്ഥാപനങ്ങൾക്കാണ് ടി.പി.എ.പി ലൈസൻസുള്ളത്. @okhdfcbank, @okaxis , @oksbi, @okicici തുടങ്ങിയ യു.പി.ഐ ഹാൻഡിലുകളാണ് ഇവ ഉപയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.