ഗൂഗ്‌ളിന് 4,400 കോടി രൂപ പിഴയിട്ട് ഫ്രാൻസ്; കാരണമിതാണ്...!
text_fieldsപാരിസ്: ഫ്രഞ്ച് പ്രസിദ്ധീകരണ സ്ഥാപനങ്ങളുടെ ഉള്ളടക്കം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് അമേരിക്കൻ സെർച്ച് എഞ്ചിൻ ഭീമനായ ഗൂഗ്‌ളിന് 50 കോടി യൂറോ (4400 കോടിയോളം രൂപ) പിഴയിട്ട് ഫ്രാൻസിലെ കോംപറ്റീഷൻ റഗുലേറ്റർ. ഉള്ളടക്കത്തിൽ യൂറോപ്യൻ യൂണിയൻ നിയമങ്ങൾ പാലിച്ചില്ലെന്ന കുറ്റത്തിനാണ് പിഴ. ഒരു കമ്പനിക്കെതിരെ ഒരു രാജ്യത്തെ കോംപിറ്റീഷൻ അതോറിറ്റി ചുമത്തുന്ന ഏറ്റവും വലിയ പിഴയാണിത്. പകർപ്പാവകാശമുള്ള ഉള്ളടക്കങ്ങൾക്ക് പ്രതിഫലം ഉറപ്പാക്കാൻ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്. അല്ലെങ്കിൽ ദിനംപ്രതി 900,000 യൂറോ പിഴയൊടുക്കേണ്ടി വരുമെന്നും ഉത്തരവിൽ പറയുന്നു.
പരസ്യവരുമാനം ധാരാളമുണ്ടായിട്ടും ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവയ്ക്ക് വേണ്ടത്ര നഷ്ടപരിഹാരം ലഭിച്ചില്ല എന്നാണ് പ്രസാധകൾ പരാതിപ്പെടുന്നത്. എ.എഫ്.പി അടക്കമുള്ള അന്താരാഷ്ട്ര വാർത്താ ഏജൻസികളും റെഗുലേറ്ററി ബോഡിയിൽ പരാതി നൽകിയിരുന്നു. അതേസമയം, ഫ്രഞ്ച് പത്രങ്ങളുമായും മാഗസിനുകളുമായും ഇക്കാര്യത്തിൽ വ്യക്തിഗത കരാറുകൾ ഉണ്ടാക്കിയതായി നവംബറിൽ ഗൂഗ്ൾ പ്രഖ്യാപിച്ചിരുന്നു.
സർക്കാർ തീരുമാനം നിരാശാജനകമാണെന്നാണ് ഗൂഗ്ൾ പ്രതിനിധി സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഉടനീളം മികച്ച വിശ്വാസത്തോടെയാണ് തങ്ങൾ പ്രവർത്തിച്ചതെന്നും അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എ.എഫ്.പിയോട് പ്രതിനിധി വ്യക്തമാക്കി. തങ്ങൾ ചെയ്ത ശ്രമങ്ങളെയും യാഥാർത്ഥ്യത്തെയും പ്രതിഫലിപ്പിക്കുന്നതല്ല കോംപിറ്റീഷൻ അതോറിറ്റിയുടെ പിഴ. 2020 മെയ്-സെപ്തംബർ മാസത്തിലായിരുന്നു അതോറ്റിയുമായുള്ള കൂടിക്കാഴ്ച. അക്കാലം മുതൽ വാർത്താ ഏജൻസികളുമായും പ്രസാധകരുമായും മികച്ച ധാരണയിൽ പ്രവർത്തിച്ചുവരികയാണെന്നും വക്താവ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.