വിഡിയോ ഡിലീറ്റ് ചെയ്തില്ല, ടിക് ടോക്കിന് 40.77 ലക്ഷം പിഴ; എൽ.ജി.ബി.ടി വിഡിയോ വികലമായ ലൈംഗിക കാഴ്ചപ്പാട് പ്രോത്സാഹിപ്പിക്കുന്നതായി കോടതി
text_fieldsമോസ്കോ: വികലമായ ലൈംഗിക കാഴ്ചപ്പാട് പ്രചരിപ്പിക്കുന്ന തരത്തിൽ എൽ.ജി.ബി.ടി വിഡിയോ പ്രസിദ്ധീകരിച്ചതിന് ചൈനീസ് ടെക് ഭീമൻ ടിക് ടോക്കിന് 40.77 ലക്ഷം രൂപ പിഴ ചുമത്തി റഷ്യ. എൽ.ജി.ബി.ടി (ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്ജെൻഡർ) ഉള്ളടക്കമുള്ള വിഡിയോ ഡിലീറ്റ് ചെയ്യണമെന്നാവശ്യപ്പെട്ടിട്ടും നടപ്പാക്കാത്തതിനാണ് റഷ്യൻ കോടതി ചൊവ്വാഴ്ച ടിക്‌ടോക്കിന് പിഴ ചുമത്തിയത്.
റഷ്യൻ വാർത്താ വിനിമയ നിയന്ത്രണ വിഭാഗമായ റോസ്‌കോംനാഡ്‌സറിന്റെ പരാതിയെത്തുടർന്ന് മോസ്കോയിലെ ടാഗൻസ്കി ഡിസ്ട്രിക്റ്റ് കോടതിയുടേതാണ് നടപടി. 30 ലക്ഷം റൂബിൾ (ഏകദേശം 40,77,480 രൂപ) ആണ് ഒടുക്കേണ്ടത്. ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോമായ ടിക് ടോക്ക്. കോടതി ഉത്തരവിനോട് കമ്പനി ഇതുവരെ പ്രതികരിച്ചില്ലെന്ന് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
LGBT, റാഡിക്കൽ ഫെമിനിസം, പരമ്പരാഗത ലൈംഗിക ബന്ധങ്ങളെക്കുറിച്ചുള്ള വികലമായ കാഴ്ചപ്പാട് എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനെതിരായ റഷ്യൻ നിയമങ്ങൾ കമ്പനി ലംഘിച്ചതായി കോടതി കണ്ടെത്തി. ഈ വർഷം ആദ്യമാണ് ടിക്ടോക്ക് പ്രസ്തുത വിഡിയോ പ്രസിദ്ധീകരിച്ചത്.
അതിനിടെ, ഇന്റർനെറ്റിലും സോഷ്യൽ മീഡിയയിലും കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള ശ്രമങ്ങൾ റഷ്യൻ സർക്കാർ ശക്തമാക്കി.
റോസ്‌കോംനാഡ്‌സറിന്റെ പരാതിയിൽ വാട്ട്‌സ്ആപ്പിനും സ്‌നാപ്ചാറ്റിനും ഈ വർഷം ആദ്യം കോടതി പിഴ ചുമത്തിയിരുന്നു. ഡേറ്റിങ് ആപ്പായ ടിൻഡറിന്റെ ഉടമസ്ഥതയിലുള്ള സ്‌പോട്ടിഫൈ, മാച്ച് ഗ്രൂപ്പിനും റഷ്യ പിഴ ചുമത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.