ടെലഗ്രാമിനും പിടിവീഴും; ഇ-പേപ്പർ അനധികൃതമായി അപ്ലോഡ് ചെയ്യുന്നവരുടെ വിവരം നൽകണമെന്ന് കോടതി
text_fieldsന്യൂഡൽഹി: മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാമിനോട് ഉപഭോക്താക്കളുടെ വിവരം നൽകാൻ നിർദേശിച്ച് ഡൽഹി ഹൈകോടതി. ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരണിന്‍റെ ഇ-പേപറുകൾ ടെലഗ്രാം ഗ്രൂപ്പുകളിലൂടെ അനധികൃതമായി പങ്കുവെച്ചവരുടെ വിവരങ്ങൾ നൽകാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. ദൈനിക് ജാഗരൺ ഉടമകളായ ജാഗരൺ പ്രകാശ് ലിമിറ്റഡ് നൽകിയ ഹരജിയിലാണ് നടപടി.
പണമടച്ച് വരിക്കാരാകുന്നവർക്ക് മാത്രമാണ് ദൈനിക് ജാഗരൺ ഇ-പേപർ വായിക്കാൻ ലഭ്യമാകൂ. എന്നാൽ, പി.ഡി.എഫ് രൂപത്തിൽ ഡൗൺലോഡ് ചെയ്യുന്ന ഇ-പേപർ വിവിധ ടെലഗ്രാം ചാനലുകളിലൂടെ പങ്കുവെക്കപ്പെട്ടിരുന്നു. ഇതിനെതിരെ 2020ലാണ് പത്ര ഉടമകൾ നിയമനടപടി ആരംഭിച്ചത്.
ഇ-പേപർ പങ്കുവെച്ച ഉപഭോക്താക്കളുടെ വിവരം നൽകാൻ 2020 മേയിൽ കോടതി ടെലഗ്രാമിനോട് നിർദേശിച്ചിരുന്നു. എന്നാൽ, ടെലഗ്രാം വിവരം നൽകാതായതോടെ 2020 ഡിസംബറിൽ പത്ര ഉടമകൾ ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽപെടുത്തി.
തുടർന്ന്, ഇ-പേപറുകൾ പങ്കുവെച്ച ചാനലുകൾ നീക്കം ചെയ്തതായും പക്ഷേ ഉപഭോക്താക്കളുടെ വിവരം നൽകുന്നതിന് തടസങ്ങളുണ്ടെന്നും ടെലഗ്രാം കോടതിയെ അറിയിച്ചു. എന്നാൽ, ടെലഗ്രാമിന്‍റെ സെർവർ സിംഗപ്പൂരിലാണെങ്കിൽ പോലും ഇന്ത്യൻ നിയമവ്യവസ്ഥകൾ പാലിക്കാൻ ബാധ്യസ്ഥരാണെന്ന് കോടതി കഴിഞ്ഞ ആഗസ്റ്റിൽ ചൂണ്ടിക്കാട്ടി. ഈയൊരു കാരണത്താൽ പരാതിക്കാരുടെ പ്രശ്നത്തിന് പരിഹാരമുണ്ടാകാത്ത അവസ്ഥയുണ്ടാകരുതെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ ആഗസ്റ്റിലെ ഈ നിർദേശം ചൂണ്ടിക്കാട്ടിക്കൊണ്ട് മൂന്നാഴ്ചക്കകം മുദ്രവെച്ച കവറിൽ ഉപഭോക്താക്കളുടെ വിവരം ലഭ്യമാക്കാനാണ് ഹൈകോടതി ടെലഗ്രാമിനോട് നിർദേശിച്ചിരിക്കുന്നത്. വിവരം ലഭ്യമാക്കുന്നതിന് കൂടുതൽ നിർദേശങ്ങൾ ആവശ്യമാണെങ്കിൽ അക്കാര്യം അടുത്ത തവണ പരിഗണിക്കുമെന്നും കോടതി പറഞ്ഞു. കേസ് 2023 മാർച്ച് 27നാണ് വീണ്ടും പരിഗണിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.