സമൂഹ മാധ്യമ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് സൈബർ തട്ടിപ്പ്; ‘മെറ്റ’യുടെ അപരനെയും ഉപയോഗിക്കുന്നു
text_fieldsതിരുവനന്തപുരം: സജീവ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഹാക്ക് ചെയ്തും സൈബർ തട്ടിപ്പ്. ഹാക്ക് ചെയ്ത അക്കൗണ്ട് തിരിച്ചുകിട്ടാൻ വലിയ തുക നൽകുകയോ ക്രിപ്റ്റോ കറൻസി വെബ്സൈറ്റുകളിൽ പണം നിക്ഷേപിക്കുകയോ വേണ്ടിവരും. വ്യക്തിഗത അക്കൗണ്ട് മാത്രമല്ല, വിവിധ സർക്കാർ-സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളുടെയും സിനിമ താരങ്ങൾ ഉൾപ്പെടെയുള്ള പ്രശസ്തരുടെയും അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെടുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
ഫേസ്ബുക്ക്, വാട്സ്ആപ്, ഇൻസ്റ്റഗ്രാം എന്നിവയുടെ മാതൃകമ്പനിയായ ‘മെറ്റ’യുടേതിനു സമാന വെബ്സൈറ്റ് സൃഷ്ടിച്ചാണ് തട്ടിപ്പ്. സമൂഹ മാധ്യമ കമ്പനികളിൽ നിന്നുള്ള സന്ദേശങ്ങളുടെ മാതൃകയിൽ കമ്യൂണിറ്റി സ്റ്റാൻഡേർഡ് നിയമം പാലിക്കുന്നില്ലെന്നും മോണിറ്റൈസേഷൻ നടപടിക്രമങ്ങൾ, പകർപ്പാവകാശ നിയമലംഘനം തുടങ്ങിയവ ചൂണ്ടിക്കാണിച്ച് സന്ദേശം വരും. യഥാർഥമാണെന്ന് കരുതി ലിങ്കിൽ ക്ലിക്ക് ചെയ്ത് നിർദേശമനുസരിച്ച് വിവരം നൽകുന്നതോടെ യൂസർനെയിം, പാസ് വേഡ് എന്നിവ നേടി സമൂഹ മാധ്യമ ഹാൻഡിലുകളുടെ നിയന്ത്രണം തട്ടിപ്പുകാർ ഏറ്റെടുക്കും. ഈ അക്കൗണ്ടുകൾ തിരികെ ലഭ്യമാക്കാൻ വൻ തുക നൽകാനും ക്രിപ്റ്റോ കറൻസി വെബ്സൈറ്റുകളിൽ പണം നിക്ഷേപിക്കാനും ആവശ്യപ്പെടുന്നതാണ് രീതി.
വീട്ടിലിരുന്ന് സമ്പാദിക്കാമെന്ന സന്ദേശങ്ങളിലൂടെയും എസ്.ബി.ഐ ഉൾപ്പെടെ ബാങ്കുകളുടേതിന് സമാനമായ അപര വെബ്സൈറ്റുകളിലൂടെയുമുള്ള സൈബർ തട്ടിപ്പുകൾ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. അക്കൗണ്ട് ഹാക്കിങ് തട്ടിപ്പാണ് പുതിയ രീതിയെന്നും ജാഗ്രത പുലർത്തണമെന്നും സൈബർ പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
- എളുപ്പം ഊഹിച്ചെടുക്കാൻ പറ്റാത്ത പാസ്വേഡ് ഉപയോഗിക്കുക, ഇവ ഇടക്കിടെ മാറ്റുക, എഴുതി വെക്കാതെ ഓർമയിൽ സൂക്ഷിക്കുക
- ജന്മദിനം, വർഷം, മൊബൈൽ നമ്പർ, വാഹന നമ്പർ, കുടുംബാംഗങ്ങളുടെ പേര് മുതലായവ ഉൾപ്പെടുത്തി പാസ്വേഡ് ഉണ്ടാക്കാതിരിക്കുക.
- മൊബൈൽ, ലാപ്ടോപ്, കമ്പ്യൂട്ടർ തുടങ്ങിയവ നഷ്ടപ്പെടുമ്പോൾ ലോഗിൻ ചെയ്ത സമൂഹ മാധ്യമ അക്കൗണ്ടുകൾ സുരക്ഷിതമാക്കുക.
- സമൂഹ മാധ്യമ അക്കൗണ്ടുകൾക്ക് ദ്വിതല സുരക്ഷ സംവിധാനം ഏർപ്പെടുത്തുക.
- സമൂഹമാധ്യമങ്ങളോട് ബന്ധിപ്പിച്ച ഇ-മെയിൽ, മെസഞ്ചർ, ഇൻസ്റ്റഗ്രാം ഡയറക്ട് തുടങ്ങിയവയിൽ വരുന്ന സന്ദേശങ്ങളോടും മൊബൈൽഫോൺ സന്ദേശങ്ങളോടും സൂക്ഷ്മതയോടെ പ്രതികരിക്കുക. ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.