വാക്സിൻ രജിസ്ട്രേഷെൻറ മറവിൽ സൈബർ തട്ടിപ്പ്; സ്വകാര്യ വിവരങ്ങൾ തേടി കോളുകൾ ലഭിച്ചത് നിരവധി പേർക്ക്
text_fieldsലഖ്നൗ: വരുന്ന ആഴ്ചകളിൽ കൊറോണ വൈറസിനെതിരായ പ്രതിരോധ കുത്തിവെപ്പ് നടത്താൻ അധികൃതർ സജ്ജമായിക്കൊണ്ടിരിക്കുകയാണ്. അതിനിടെ വാക്സിൻ രജിസ്ട്രേഷെൻറ മറവിൽ സ്വകാര്യ വിവരങ്ങൾ ആവശ്യപ്പെട്ട് സൈബർ കുറ്റവാളികൾ വിളിക്കുന്നതായുള്ള പരാതിയുമായി ഉത്തർപ്രദേശ് നിവാസിൾ. ഇത്തരം തട്ടിപ്പുകളുമായി ബന്ധപ്പെട്ട നിരവധി കേസുകൾ സമീപകാലത്തായി അധികാരികളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട്, ഇൻഷുറൻസ് പോളിസി വിശദാംശങ്ങൾ തുടങ്ങിയ സുപ്രധാന വ്യക്തിഗത വിവരങ്ങൾ തേടിയുള്ള കോളുകളാണ് ലഭിക്കുന്നത്. ഗോരഖ്പൂർ, ദിയോറിയ, ബസ്തി, മൗ, ഘാസിപൂർ, പ്രതാപ്ഗഢ് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി ആളുകൾക്ക് ഇത്തരം കോളുകൾ ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
സൈബർ തട്ടിപ്പുകളിൽ വഞ്ചിതരാകാതിരിക്കാൻ പൊതുജനങ്ങൾക്ക് ആരോഗ്യ വകുപ്പും പോലീസ് ഉദ്യോഗസ്ഥരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആരുമായും വിശദാംശങ്ങൾ പങ്കുവെക്കരുതെന്നും കെണിയിൽ വീഴരുതെന്നും അവർ അറിയിച്ചു.
'ആളുകളെ രജിസ്റ്റർ ചെയ്യുന്നതിനോ വാക്സിനേഷൻ നൽകുന്നതിനോ ആരോഗ്യവകുപ്പ് ആരെയും കോൾ ചെയ്യാറില്ല. സൈബർ കുറ്റകൃത്യത്തിന് ഇരയാകാൻ സാധ്യതയുള്ളതിനാൽ വാക്സിൻ രജിസ്ട്രേഷെൻറ പേരിൽ ആർക്കും വിവരങ്ങൾ നൽകരുത്. നിലവിൽ നിരവധി തട്ടിപ്പുകൾ നമ്മുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്'. ഫ്രണ്ട്ലൈനിലുള്ള കോവിഡ് യോദ്ധാക്കൾക്കായുള്ള പ്രതിരോധ കുത്തിവെപ്പ് ജനുവരി മൂന്നാം വാരത്തിൽ ആരംഭിക്കുമെന്നും മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥൻ ഇതുമായി ബന്ധപ്പെട്ട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.