'ബല്ലേ ബല്ലേ ലാൻഡ്'; മെറ്റാവേഴ്സിൽ സ്ഥലം വാങ്ങിയ ആദ്യ ഇന്ത്യക്കാരനായി ദലേർ മെഹന്തി - വിഡിയോ
text_fieldsഅതെ, മെറ്റാവേഴ്സുമായി ചുറ്റിപ്പറ്റി നിൽക്കുന്ന ഹൈപ്പ് വെറും കെട്ടുകഥയല്ല... അത് യാഥാർത്ഥ്യമാണ്. ആളുകൾ ത്രിമാന വെർച്വൽ ലോകം അനുഭവിക്കാനായി ഭ്രാന്തമായി കാത്തുനിൽക്കുന്നുണ്ട്. പ്രമുഖ പഞ്ചാബി പോപ് ഗായകൻ ദലേർ മെഹന്തിക്കും തന്റെ ആവേശം പിടിച്ചുനിർത്താനായില്ല. അതിനാൽ, അദ്ദേഹം മെറ്റാവേഴ്സിൽ കുറച്ച് സ്ഥലവും വാങ്ങി. അതിന് നൽകിയ പേരും രസകരമാണ്, 'ബല്ലേ ബല്ലേ ലാൻഡ് (Balle Balle Land - BBL)'.
സ്ഥലം വാങ്ങിയതോടെ ഒരു റെക്കോർഡും മെഹന്തിയുടെ പേരിലായി. മെറ്റാവേഴ്സിൽ ആദ്യമായി ഒരു പ്രോപർട്ടി സ്വന്തമാക്കുന്ന ഇന്ത്യക്കാരനാണ് നിലവിൽ ദലേർ മെഹന്തി. മെയ്ഡ് ഇൻ ഇന്ത്യ മെറ്റാവേഴ്സ് പ്ലാറ്റ്ഫോമായ പാർട്ടി നൈറ്റിലാണ് മെഹന്തിയുടെ 'ബല്ലേ ബല്ലേ ലാൻഡ്' ഉള്ളത്.
ഹോളി ദിനത്തിലായിരുന്നു അദ്ദേഹം അതിന്റെ ഉദ്ഘാടനം നിർവഹിച്ചത്. വെർച്വൽ ഭൂമി വാങ്ങുന്നതിന് മുമ്പായി മെറ്റാവേർസിൽ കച്ചേരി അവതരിപ്പിച്ച ആദ്യ ഇന്ത്യക്കാരനായും മെഹന്തി മാറിയിരുന്നു.
തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ ബി.ബി.എല്ലിനെക്കുറിച്ചുള്ള നിരവധി അപ്‌ഡേറ്റുകൾ അദ്ദേഹം പങ്കുവെക്കുന്നുണ്ട്. "ബല്ലേ ബല്ലേ ലാൻഡിന്റെ ഉടമയായ ആദ്യത്തെ മെറ്റാവേർസ് മനുഷ്യൻ'' എന്നാണ് അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാം ബയോയിൽ കുറിച്ചിരിക്കുന്നത്. മെഹന്തിയുടെ ജനപ്രിയമായ ബല്ലേ ബല്ലേ സ്റ്റെപ്പ് ബി.ബി.എല്ലിൽ വെച്ച് പെർഫോം ചെയ്യുന്നതായും കാണാൻ സാധിക്കും.
ബി.ബി.എൽ കൂടുതൽ സംവേദനാത്മകമാക്കാനായി ദലേർ മെഹന്തി പല പദ്ധതികളും ആവിഷ്കരിക്കുന്നുണ്ട്. മെറ്റാവേഴ്സിലെ തന്റെ ഔദ്യോഗിക വ്യാപാര സ്റ്റോർ ഉടൻ തന്നെ NFT-കൾ വിൽക്കാൻ തുടങ്ങുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ട്. അതിലൂടെ സന്ദർശകർക്ക് മറ്റനേകം ഡിജിറ്റൽ ശേഖരണങ്ങളും വാങ്ങാൻ സാധിക്കും.
പാർട്ടിനൈറ്റിന്റെ (PartyNite) ഔദ്യോഗിക വെബ്‌സൈറ്റ് വഴി ബല്ലേ ബല്ലേ ലാൻഡിലെ അടുത്ത ഇവന്റിനായി നിങ്ങൾക്ക് നിലവിൽ സ്ലോട്ട് റിസർവ് ചെയ്യാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.