പാർലമെന്ററി സമിതിയുടെ ശിപാർശ; ഡേറ്റ സംരക്ഷണ നിയമം കൊണ്ടുവരണം
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാർ പാസാക്കാതെവെച്ച ഡേറ്റ സംരക്ഷണ ബില്ലിന് അന്തിമരൂപം നൽകി അടിയന്തരമായി പാർലമെന്റിൽ അവതരിപ്പിക്കണമെന്ന് പാർലമെന്ററി സ്ഥിര സമിതി. രാജ്യം ദേശീയ സൈബർ കുറ്റകൃത്യ നയം രൂപവത്കരിക്കണമെന്നും മാഗുണ്ട ശ്രീനിവാസുലു റെഡ്ഢി അധ്യക്ഷനായ വാണിജ്യ കാര്യങ്ങൾക്കുള്ള പാർലമെന്ററി സമിതി ബുധനാഴ്ച പുറത്തുവിട്ട 'ഇന്ത്യയിലെ ഇ- കോമേഴ്സ് പ്രോത്സാഹനവും നിയന്ത്രണവും' എന്ന റിപ്പോർട്ട് ശിപാർശ ചെയ്തു.
ഡേറ്റ ഉപയോഗം സംബന്ധിച്ച് രാജ്യത്ത് നിലവിൽ നയമില്ലാത്തത് നിരവധി കമ്പനികളുടെ ഡേറ്റ ദുരുപയോഗത്തിനും ചൂഷണത്തിനുമിടയാക്കുന്നുണ്ടെന്ന് പാർലമെന്ററി സമിതി ചൂണ്ടിക്കാട്ടി. ഇ -വിപണികളിലെ മത്സരത്തെയും അത് ബാധിക്കുന്നുണ്ട്. അതിനാൽ 2019ൽ തയാറാക്കിയ 'വ്യക്തിഗത ഡേറ്റ സംരക്ഷണ ബില്ലി'ന് എത്രയും പെട്ടെന്ന് അന്തിമരൂപം നൽകേണ്ടത് നിർണായകമാണ്. ബിൽ പാസാക്കുന്നതിലുള്ള കാലതാമസം രാജ്യത്തിന് സാമ്പത്തിക നഷ്ടവുമുണ്ടാക്കും. ഇ- കോമേഴ്സ് പ്ലാറ്റ്ഫോമുകളിൽ ഡേറ്റ പങ്കുവെക്കുന്നതിനും ഉപയോഗിക്കുന്നതിനും വ്യക്തമായ മാർഗനിർദേശങ്ങൾ കേന്ദ്ര സർക്കാർ പുറപ്പെടുവിക്കണം. വ്യക്തിഗത ഡേറ്റയും അല്ലാത്തതും ഒരേ നിയന്ത്രണ സംവിധാനത്തിൽ കൊണ്ടുവരുന്നത് സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിന് ഗുണകരമല്ല. അതിനാൽ വെവ്വേറെ നിയന്ത്രണ ചട്ടക്കൂടുകൾ വേണം. ഡിജിറ്റൽ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിൽ വൈദഗ്ധ്യവും പരിശീലനവും നൽകാനും പ്രത്യേക സൈബർ കുറ്റകൃത്യ വിഭാഗം ഉണ്ടാക്കാനും സൈബർ സുരക്ഷ മാനദണ്ഡങ്ങൾ നിർണയിക്കാനും പരാതി പരിഹാരങ്ങൾക്കും ചട്ടക്കൂടുണ്ടാക്കാൻ ദേശീയ സൈബർ കുറ്റകൃത്യ നയം രൂപവത്കരിക്കണമെന്നും സമിതി ശിപാർശ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.