'ഡാറ്റാ സുരക്ഷ രാജ്യസുരക്ഷയ്ക്ക് ആവശ്യം'; ബിപിൻ റാവത്ത്
text_fieldsതിരുവനന്തപുരം; സൈബർ ലോകത്ത് ഡാറ്റ സുരക്ഷിതമാക്കാനുള്ള സാഹചര്യം ഉണ്ടാവേണ്ടത് വ്യക്തി സുരക്ഷക്കും, രാജ്യ സുരക്ഷക്കും അനിവാര്യമാണെന്ന് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് പറഞ്ഞു. കേരള പൊലീസിന്‍റെ നേതൃത്വത്തിൽ സൈബർ സുരക്ഷാ രംഗത്ത് നടത്തി വരുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ കോൺഫറൻസായ കൊക്കൂൺ 14 മത് എഡിഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് മഹാമാരിക്ക് പിന്നാലെ ജീവിത സാഹചര്യങ്ങൾ മാറിയതിനെ തുടർന്ന്, ഇന്‍റർനെറ്റ് ഉപയോഗം നിർബന്ധിതമാവുകയും അതോടെ അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ പല മടങ്ങു വർധിക്കുകയും ചെയ്തു. പല ജോലികളും ഓൺലൈനിലേക്ക് മാറിയതോടെ പ്രൈവറ്റ് ആയ കാര്യങ്ങൾ പോലും പബ്ലിക് ഡാറ്റയാകുന്ന സ്ഥിതിയിലേക്ക് മാറി. ഇതോടെ ആ രംഗത്തെ കുറ്റകൃത്യങ്ങളും കൂടി.
ദേശീയ തലത്തിൽ സൈബർ സെക്യൂരിറ്റി പോളിസി രൂപീകരിക്കുന്നത് അന്തിമ ഘട്ടത്തിലാണെന്നും ബിപിൻ റാവത്ത് പറഞ്ഞു. രാജ്യത്ത് ഐടി ആക്ട് നവീകരിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു. സൈബർ സുരക്ഷക്കായി രാജ്യത്തുള്ള എല്ലാ ഏജൻസികളും ഒരുമിച്ച് പ്രവർത്തിക്കണം. സൈബർ സുരക്ഷയ്ക്കും രാജ്യ സുരക്ഷയ്ക്കും വേണ്ടി കേരള പൊലീസ് കൈക്കൊള്ളുന്ന ഇത്തരം പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. കഴിഞ്ഞ 13 വർഷവും മികച്ച ജനപങ്കാളിത്തമാണ് കൊക്കൂണിന് ലഭിക്കുന്നത്. അത് തന്നെ സൈബർ സുരക്ഷയുമായി നടത്തുന്ന ഇത്തരം കോൺഫറൻസുകളിലുള്ള ജന വിശ്വാസതയാണ്. അത് കൂടുതൽ പേർക്ക് പ്രയോജനകരമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ഡിജിപി അനിൽകാന്ത് ഐപിഎസ് ആമുഖ പ്രഭാഷണം നടത്തി. എഡിജിപിയും കൊക്കൂൺ ഓർഗനൈസറുമായ മനോജ് എബ്രഹാം ഐപിഎസ് കൊക്കൂൺ 14 എഡിഷന്റെ പ്രത്യേകതകളെക്കുറിച്ച് വിവരിച്ചു. കോൺഫറൻസിലെ സഹ സംഘാടകരായ ഇസ്ര പ്രസിഡന്റ് മനു സഖറിയ, കാനഡയിലെ പോലിസിബ് ഡയറക്ടർ ബെസിപാൻ തുടങ്ങിയവർ സംസാരിച്ചു, WWE ഹാൽ ഓഫ് ഫാമർ & പ്രൊഫഷണൽ റെസ്ലിഗ് പ്രമോട്ടർ ആൻഡ് എക്സിക്യൂട്ടീവ് ജെഫ് ജാരെറ്റ് സെലിബ്രേറ്റി ഗസ്റ്റ് ആയി പങ്കെടുത്തു.
ടെക്മഹേന്ദ്രയുടെ എംഡി ആന്റ് സിഇഒ സി.പി. ഗുർനാനി. തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ മുഖ്യപ്രഭാഷണങ്ങൾ നടത്തി. യുഎഇ ഗവൺമെന്റിലെ സൈബർ സെക്യൂരിറ്റി തലവൻ ഡോ. മുഹമ്മദ് ആൽ കുവൈറ്റി, യുഎഇയിലെ റോയൽ ഓഫീസ് ഒഫ് ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് ബിൻ ഫൈസൽ ആൽ ഖസ്മിയുടെ ചെയർമാൻ എച്ച്ഇ. തോമസ് സലേഖി, ഐഎസ്ആർഒ ചെയർമാൻ ഡോ. കെ. ശിവൻ, തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ശനിയാഴ്ച മുഖ്യപ്രഭാഷണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.