സ്വരചിഹ്നങ്ങളിൽ ഇടർച്ച: ഓപൺ എ.ഐയുടെ പിഴവ് കണ്ടെത്തി ഡിജിറ്റൽ യൂനിവേഴ്സിറ്റി ഗവേഷകർ
text_fieldsതിരുവനന്തപുരം: ഓപൺ എ.ഐ പുറത്തിറക്കിയ വിസ്പർ എന്ന നിർമിതബുദ്ധി സംവിധാനത്തിന്റെ ഗുണനിലവാര പരിശോധനാഘട്ടത്തിലെ നിർണായക പിഴവ് കണ്ടെത്തി ഡിജിറ്റൽ യൂനിവേഴ്സിറ്റിയിലെ ഗവേഷകർ. സംസാരം എഴുത്താക്കി മാറ്റുന്നതിൽ എ.ഐ മോഡലുകൾ എത്രമാത്രം കൃത്യത പാലിക്കുന്നുണ്ടെന്ന് ഓട്ടോമാറ്റിക്കായി പരിശോധിച്ചറിഞ്ഞിട്ടാണ് കമ്പനികൾ ഇത് പൊതു ഉപയോഗത്തിനായി നൽകുന്നത്. എന്നാൽ, ഈ പരിശോധനയിലെ പിഴവുമൂലം മലയാളമടക്കമുള്ള ഇന്ത്യൻ ഭാഷകളിലെ എ.ഐ സംവിധാനത്തിന്റെ കൃത്യത യഥാർഥത്തിലുള്ളതിനേക്കാൾ മെച്ചമാണെന്നാണ് ഓപൺ എ.ഐ റിപ്പോർട്ട് ചെയ്തിരുന്നത്.
ഇതിനെയാണ് കേരള ഡിജിറ്റൽ യൂനിവേഴ്സിറ്റിയിലെ ഡോ. എലിസബത്ത് ഷേർളി നേതൃത്വം കൊടുക്കുന്ന വിർച്വൽ റിസോഴ്സ് സെന്റർ ഫോർ ലാംഗ്വേജ് കമ്പ്യൂട്ടിങ് കേന്ദ്രത്തിലെ ഗവേഷകരായ കാവ്യ മനോഹർ, ലീന ജി. പിള്ള എന്നിവർ ചോദ്യംചെയ്തത്. ഇത് തെളിയിക്കുന്ന പരീക്ഷണഫലങ്ങളുള്ള ഗവേഷണപ്രബന്ധം ഫ്ലോറിഡയിൽ ഈ മാസം നടക്കുന്ന എംപിരിക്കൽ മെതേഡ്സ് ഇൻ നാച്ചുറൽ ലാംഗ്വേജ് പ്രോസസിങ്ങ് എന്ന അന്താരാഷ്ട്ര കോൺഫറൻസിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്. ഇതിനുള്ള അംഗീകാരമായി അസോസിയേഷൻ ഓഫ് കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സിന്റെ ഗ്രാന്റും ലഭിച്ചു. കൃത്യതാപരിശോധനക്കിടയിൽ ഓപൺ എ.ഐ ഇന്ത്യൻഭാഷകളിലെ സ്വരചിഹ്നങ്ങൾ പാടേ ഒഴിവാക്കുന്നതായാണ് ഇവർ കണ്ടെത്തിയത്. ഉദാഹരണത്തിന് മലയാളത്തിലെ എഴുത്തിൽ സ്വരചിഹ്നങ്ങളും ചന്ദ്രക്കലയും ഇല്ലെങ്കിൽ ‘ഡിജിറ്റൽ യൂനിവേഴ്സിറ്റി’ എന്നത് ‘ഡ ജ റ റ ൽ യ ണ വ ഴ സ റ റ’ എന്നായി മാറും. ചിഹ്നങ്ങൾ പരിശോധനക്ക് വിധേയമാക്കാത്തതുകൊണ്ട് അതിൽ കടന്നുകൂടുന്ന തെറ്റുകൾ കണ്ടെത്താനാവാതെ വരുന്നെന്നാണ് ഇവർ തിരിച്ചറിഞ്ഞ പ്രശ്നം. ഇതേ പിഴവുകൾ മെറ്റ അവരുടെ എ.ഐ മോഡലുകളുടെ പരിശോധനയിൽ പിന്നീട് ആവർത്തിക്കുന്നതായും ഇവർ കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.