ഐ.പി.എൽ പോയാലെന്താ; നെറ്റ്ഫ്ലിക്സിനെ തകർത്ത് ഡിസ്നി ഒന്നാമൻ
text_fieldsസബ്സ്ക്രൈബർമാരുടെ എണ്ണത്തിൽ നെറ്റ്ഫ്ലിക്സിനെ പിന്നിലാക്കി വാൾട്ട് ഡിസ്നി. ഏറ്റവും പുതിയ പാദത്തിന്റെ അവസാനത്തിൽ മൊത്തം 221 ദശലക്ഷം സ്ട്രീമിംഗ് സബ്‌സ്‌ക്രൈബർമാരാണ് വാൾട്ട് ഡിസ്നി കമ്പനിക്കുള്ളത്. അതേസമയം, തങ്ങൾക്ക് 220.7 ദശലക്ഷം സ്ട്രീമിംഗ് വരിക്കാരുണ്ടെന്ന് നെറ്റ്ഫ്ലിക്സ് അറിയിച്ചു. ഹുളു, ഇ.എസ്.പി.എൻ + എന്നീ പ്ലാറ്റ്ഫോമുകൾ ചേർത്തുള്ള കണക്കുകളാണ് ഡിസ്നി പുറത്തുവിട്ടത്.
" രണ്ടാം നൂറ്റാണ്ടിനോട് അടുക്കുമ്പോൾ, ഞങ്ങളുടെ നിരവധി പ്ലാറ്റ്‌ഫോമുകളിൽ ആകർഷകമായ രീതിയിൽ പുതിയ തരത്തിലുള്ള കഥപറച്ചിലിലൂടെ ഞങ്ങൾ വിനോദത്തെ പരിവർത്തനം ചെയ്യുന്നത് തുടരുകയാണ്," -വാൾട്ട് ഡിസ്നി കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ബോബ് ചാപെക് പറഞ്ഞു.
അതേസമയം, തങ്ങളുടെ സബ്സ്ക്രിപ്ഷൻ നിരക്ക് ഉയർത്തുമെന്നും ഡിസ്നി അറിയിച്ചിട്ടുണ്ട്. ഡിസ്നിയുടെ കീഴിലുള്ള മറ്റൊരു പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോമായ ഹുളു (Hulu)-വുമായി സഹകരിച്ചുള്ള പരസ്യങ്ങളില്ലാത്ത ഡിസ്നി + ഹുളു സേവനത്തിനാകും ചാർജ് വർധിപ്പിക്കുക. 2024 സെപ്‌റ്റംബർ അവസാനത്തോടെ ഡിസ്‌നി 215 ദശലക്ഷത്തിനും 245 ദശലക്ഷത്തിനും ഇടയിൽ മൊത്തം ഡിസ്‌നി + ഉപഭോക്താക്കളെയാണ് ലക്ഷ്യമിടുന്നത്.
ഇന്ത്യയിൽ പരുങ്ങലിൽ
അതേസമയം, ഇന്ത്യയിൽ ഡിസ്നി അൽപ്പം പരുങ്ങലിലാണ്. ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരങ്ങളുടെ സ്ട്രീമിംഗ് അവകാശം കമ്പനിക്ക് നഷ്‌ടപ്പെട്ടിരുന്നു. അംബാനിയുടെ കീഴിലുള്ള വയാകോം 18-ന് മുമ്പിലാണ് ഡിസ്നി പ്ലസ് ഹോട്സ്റ്റാർ അടിയറവ് പറഞ്ഞത്. 23,758 കോടി രൂപയ്ക്കായിരുന്നു 2023 മുതൽ 2027 വരെയുള്ള ഐപിഎൽ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം വയാകോം സ്വന്തമാക്കിയത്.
അതോടെ ഒരു നിശ്ചിത സംഖ്യ ലക്ഷ്യമിട്ട് ഇന്ത്യയിൽ നിന്നുള്ള വരിക്കാരുടെ എണ്ണം വർധിപ്പിക്കാമെന്ന ഉദ്ദേശം തൽക്കാലം വാൾട്ട് ഡിസ്നിക്കില്ല. എങ്കിലും 2024 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ Disney+ Hotstar 80 ദശലക്ഷത്തിലെത്തുമെന്ന് അവർ പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.