നിങ്ങൾക്ക് ഈ ആപ്പുകളിൽ അക്കൗണ്ടുണ്ടോ? എങ്കിൽ പണിവരുന്നുണ്ടോന്ന് സൂക്ഷിക്കണം
text_fieldsലോകത്ത് ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഉള്ള പ്രമുഖ സോഷ്യൽ മീഡിയ ആപ്പുകളിലും ഓൺലൈൻ പർച്ചേസിങ്ങ് ആപ്പുകളിലും വൻ വിവരച്ചോർച്ചകളാണ് കഴിഞ്ഞ ആറ് മാസത്തിനുള്ളിലുണ്ടായത്. സൈബർ ആക്രമണത്തിൽ ആപ്പുകൾ പലതും പതറുന്ന കാഴ്ചയായിരുന്നു ടെക്ലോകത്ത്. ആപ്പുകളെ വിശ്വസിച്ച് ഉപയോഗിച്ച കോടിക്കണക്കിന് ഉപയോക്താക്കളുടെ ബാങ്കിങ്ങ്, മൊബൈൽ, ലൊക്കേഷൻ അടക്കമുള്ള സ്വകാര്യവിവരങ്ങളാണ് ചോർന്നത്. ഹാക്കർമാർ ചോർത്തിയെടുത്ത വിവരങ്ങൾ ലക്ഷങ്ങൾ വിലയിട്ട് ഡാർക്വെബിൽ വിൽപ്പനക്കുവെച്ചു.അങ്ങനെ വിവരങ്ങൾ ചോർന്ന ആപ്പുകളിൽ ചിലത് പരിചയപ്പെടാം
ഫേസ്ബുക്കിൽ നിന്ന് ചോർന്നത് 53.3 കോടി പേരുടെ വ്യക്തിഗത വിവരങ്ങൾ
ഏറ്റവും വലിയ വിവരചോർച്ച നടന്നത് പ്രമുഖ സോഷ്യൽമീഡിയ ആപ്പായ േഫസ്ബുക്കിൽ നിന്നാണ്. 106 രാജ്യങ്ങളിൽ നിന്നുള്ള 53.3 കോടി കോടി ഫേസ്‌ബുക്ക് ഉപഭോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങളാണ് ചോർന്നത്. ഇ മെയിൽ ഐ.ഡി,പൂർണമായ പേര്, മൊബൈൽ നമ്പരുകൾ, ജനനത്തിയതി, ലൊക്കേഷൻ ഹിസ്റ്ററി എന്നിവയാണ് ചോർന്നത്. ഇന്ത്യയിൽ നിന്നുള്ള 61 ലക്ഷം പേരുടെ വിവരങ്ങളും ചോർന്നതിൽ പെടുന്നു.
ബിഗ്ബാസ്ക്കറ്റിൽ നിന്ന് ചോർന്നത് രണ്ടു കോടി യൂസർമാരുടെ വിവരങ്ങൾ
ഇന്ത്യയില്‍ ലക്ഷക്കണക്കിന് ഉപയോക്താക്കളുള്ള ഓണ്‍ലൈന്‍ ഗ്രോസറി സ്ഥാപനമായ ബിഗ്ബാസ്‌കറ്റിലുണ്ടായ സുരക്ഷാ വീഴ്ചയിൽ രണ്ടു കോടിയോളം പേരുടെ വിവരങ്ങളാണ് ചോർന്നത്. ഈ വിവരങ്ങൾ ചോർത്തിയ ഹാക്കർമാർ 30 ലക്ഷം രൂപക്ക് വിറ്റുവെന്നാണ് യു.എസ് ആസ്ഥാനമായ സൈബർ ഇന്‍റലിജൻസ് സ്ഥാപനം പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നത്. പേരുകള്‍, ഇ മെയില്‍ ഐഡി, ഒ.ടി.പി, പാസ്വേർഡ്, മൊബൈൽ നമ്പര്‍, വീടിന്‍റെ വിലാസം, ജനന തീയതി, സ്ഥലം, ലോഗിന്‍ ഐപി അഡ്രസ് എന്നിവയാണ് ചോർന്നത്.
മൊബിക്വിക്കിൽ നിന്നും വിവരങ്ങൾ നഷ്ടമായി
മൊബൈല്‍ പേയ്മെന്റ് ആപ്പായ മൊബിക്വിക്കില്‍ നിന്നും 110 ദശലക്ഷം പേരുടെ വിവരങ്ങളാണ് ചോർന്നത്. ബജാജ് ഫിനാന്‍സ്, സെക്യൂയോ ക്യാപിറ്റല്‍ തുടങ്ങിയവയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ആപ്പിലെ ഉപയോക്താക്കളുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ അടക്കമാണ് ചോർന്നത്.
ലിങ്കിഡ് ഇന്നിനും കിട്ടി മുട്ടൻ പണി
പ്രൊഫഷണൽ നെറ്റ്വർക്കിങ്ങ് സൈറ്റായ ലിങ്കിഡ് ഇന്നിൽ നിന്നാണ് മറ്റൊരു ഗുരുതരമായ വിവരച്ചോർച്ചയുണ്ടായത്. 50 കോടി പേരുടെ ഡേറ്റയാണ് ചോര്‍ന്നത്. പേരുകള്‍, ഇ-മെയില്‍, ഫോണ്‍ നമ്പര്‍, ജോലിസ്ഥലം തുടങ്ങിയ വിവരങ്ങളാണ് ചോർന്നത്.
ഡൊമിനോസിൽ നിന്ന് പത്തുലക്ഷം ക്രെഡിറ്റ് കാർഡ് വിവരങ്ങൾ
ഏറ്റവും അവസാനമായി വിവരചോർച്ച നടന്നത് പിസ വിൽപനക്കാരായ ഡൊമിനോസിൽ നിന്നാണ്. ഡൊമിനോസിൽ നിന്ന് ക്രെഡിറ്റ് കാർഡ് വഴിയും അല്ലാതെയും പർച്ചേസ് നടത്തിയവരുടെ വിവരങ്ങളാണ് ചോർന്നത്.10 ലക്ഷം ഉപയോക്താക്കളുടെ ക്രഡിറ്റ് കാർഡ് വിവരങ്ങൾ ചോർന്നു. ഇതിന് പുറമെ പേര്, ഫോൺ നമ്പർ, ക്രഡിറ്റ് കാർഡ് ഉൾപ്പടെയുള്ള പണമിടപാട് വിവരങ്ങൾ എന്നിവയാണ് ചോർന്നത്.
ജസ്പേ, അപ്സ്റ്റോക്സ്, ബൈയുകോയിൻ തുടങ്ങിയ നിരവധി ആപ്പുകളും സൈബർ ആക്രമണത്തിനിരയാവുകയും വിവരങ്ങൾ ചോരുകയും ചെയ്തിട്ടുണ്ട്. ആപ്പുകളിൽ സ്വകാര്യവിവരങ്ങൾ നൽകുന്നതിൽ ഒരു കരുതലുണ്ടാകുന്നത് നല്ലതാണെന്നാണ് ഇത്തരം സംഭവങ്ങൾ സൂചിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.