വിദ്യാഭ്യാസം പ്ലസ് ടു, ദിവസവും സമ്പാദിക്കുന്നത് 5 കോടിയിലേറെ; സൈബർ കുറ്റവാളിയും സംഘവും വലയിൽ
text_fieldsമുംബൈ: പൊലീസുകാരെന്ന വ്യാജേന രാജ്യത്തുടനീളമുള്ള പലരിൽ നിന്നുമായി പണം തട്ടുന്ന സൈബർ കുറ്റവാളികളുടെ സംഘത്തെ പിടികൂടി മുംബൈ പൊലീസ്. പ്ലസ്ടു വിദ്യാഭ്യാസം മാത്രമുള്ള സംഘത്തിന്റെ സൂത്രധാരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ദിവസവും അഞ്ച് കോടിയിലധികം രൂപയുടെ ഇടപാടുകളാണ് ഇയാളുടെ വിവിധ അക്കൗണ്ടുകളിലായി നടന്നിരുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.
കാര്യമായ വിദ്യാഭ്യാസമില്ലെങ്കിലും മികച്ച സാങ്കേതിക പരിജ്ഞാനമുള്ള സൂത്രധാരൻ ശ്രീനിവാസ് റാവു ദാദിയെ (49) ഹൈദരാബാദിലെ ഒരു ഹോട്ടലിൽ നിന്ന് ബാംഗൂർ നഗർ പോലീസ് സ്റ്റേഷനിലെ ഒരു സംഘം കസ്റ്റഡിയിലെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ദാദിയെ കൂടാതെ, താനെയിൽ നിന്നുള്ള രണ്ടാളും കൊൽക്കത്തയിൽ നിന്നുള്ളവരും ഉൾപ്പെടെ ഇയാളുടെ സംഘത്തിലെ നാല് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.
റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരൻ എന്നാണ് ദാദി സ്വയം പരിചയപ്പെടുത്തിയിരുന്നത്. ആശയവിനിമയം നടത്തുന്നത് ടെലിഗ്രാം ആപ്പിലൂടെ മാത്രവും. ഇതുവരെ അയാൾ ഉപയോഗിച്ചിരുന്ന 40 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായും ഇയാളിൽ നിന്ന് 1.5 കോടി രൂപ കണ്ടെടുത്തതായും മുംബൈ പൊലീസ് അറിയിച്ചു.
തട്ടിപ്പ് നടത്തുന്ന രീതി..
പൊലീസ് ഓഫീസർമാർ എന്ന വ്യാജേന ആളുകളെ (കൂടുതലായും സ്ത്രീകളെ) വിളിച്ച് പറ്റിക്കുന്നതാണ് ദാദിയുടെയും കൂട്ടാളികളുടെയും രീതി. കാൾ എടുക്കുന്ന ആൾ അയച്ച കൊറിയറിൽ മയക്കുമരുന്നോ ആയുധങ്ങളോ കണ്ടെത്തിയതായി അവരോട് പറയും.
കൊറിയർ തങ്ങൾ സംസാരിക്കുന്ന വ്യക്തിയുടേതല്ലെന്ന് പരിശോധിച്ചുറപ്പിക്കാനെന്ന് പറഞ്ഞുകൊണ്ട് കോളർ, ബാങ്ക് അല്ലെങ്കിൽ ആദായ നികുതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ആവശ്യപ്പെടും.
മിക്ക ആളുകളും ഭയം കാരണം, അവരുടെ ബാങ്ക് അല്ലെങ്കിൽ ഇൻകം ടാക്ട് വിശദാംശങ്ങൾ പങ്കിടുമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (സോൺ -11) അജയ് കുമാർ ബൻസാൽ പറഞ്ഞു. ഇരകൾ ഒ.ടി.പി പാസ്‌വേഡും (OTP) പങ്കിടും, ചില സന്ദർഭങ്ങളിൽ AnyDesk പോലുള്ള ആപ്പുകൾ ഡൗൺലോഡ് ചെയ്തുകൊണ്ട് തട്ടിപ്പുകാർക്ക് അവരുടെ മൊബൈൽ ഫോണുകളുടെ നിയന്ത്രണം ഏറ്റെടുക്കാനും ഇരകൾ അനുവാദം കൊടുക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
അത്തരത്തിൽ വിവരങ്ങൾ ശേഖരിച്ച് അക്കൗണ്ടിലുള്ള ലക്ഷങ്ങൾ തട്ടുന്നതാണ് ഈ സൈബർ കുറ്റവാളികളുടെ രീതി. രാജ്യമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകളെ ഈ രിതിയിൽ പറ്റിച്ചിട്ടുണ്ടത്രേ. അഞ്ച് മുതൽ 10 കോടി വരെയുള്ള ഇടപാടുകളാണ് ദിവസവും ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ നടക്കുന്നത്. ലഭിക്കുന്ന പണം ക്രിപ്റ്റോ കറൻസിയാക്കി ചൈനീസ് പൗരന് ട്രാൻസ്ഫർ ചെയ്യുമെന്നും പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.