ഫോണിന്റെ വഴിയേ, വൈദ്യുതിയും സ്വകാര്യ കമ്പനികളുടെ കൈകളിലേക്ക്
text_fieldsന്യൂഡൽഹി: ടെലിഫോൺ, മൊബൈൽ-ഇന്റർനെറ്റ് സേവനങ്ങൾ സ്വകാര്യ ടെലികോം കമ്പനികളുടെ കൈപ്പിടിയിലായ സ്ഥിതിയിലേക്ക് വൈദ്യുതി മേഖലയും. വൈദ്യുതി നിയമഭേദഗതി ബിൽ പാർലമെന്റ് അതേപടി പാസാക്കിയാൽ വൈദ്യുതി വിതരണ രംഗത്ത് സംഭവിക്കാൻ പോകുന്ന മാറ്റം അതാണ്. സർക്കാർ കമ്പനികൾ നോക്കുകുത്തിയാവും. സേവനവും നിരക്കുമെല്ലാം സ്വകാര്യമേഖല നിശ്ചയിക്കും.
വൈദ്യുതി ഏതു കമ്പനിയിൽ നിന്ന് വാങ്ങണമെന്ന് ഗാർഹിക, വാണിജ്യ ഉപയോക്താക്കൾക്ക് സ്വന്തനിലയ്ക്ക് തീരുമാനിക്കാം. വിതരണ ശൃംഖല വിവേചന രഹിതമായി എല്ലാവർക്കും തുറന്നു കൊടുക്കാൻ പാകത്തിൽ വൈദ്യുതി നിയമത്തിന്റെ 42-ാം വകുപ്പ് ഭേദഗതി ചെയ്യും.
ഇങ്ങനെ ലൈസൻസ് ലഭിച്ച എല്ലാവർക്കും വൈദ്യുതി ലൈനുകൾ അടക്കം വിതരണ ശൃംഖല ഉപയോഗിക്കാം. ഇതിന് 14-ാം വകുപ്പ് ഭേദഗതി ചെയ്യും. മത്സരം പ്രോത്സാഹിപ്പിച്ചാൽ കാര്യക്ഷമത വർധിപ്പിക്കും, സേവനം മെച്ചപ്പെടും, കമ്പനികളുടെ നിലനിൽപ് ഭദ്രമാവും എന്നിങ്ങനെയാണ് സർക്കാർ വിശദീകരണം. വർഷന്തോറും വൈദ്യുതി നിരക്ക് പുതുക്കാൻ ഈ നിയമഭേദഗതി കമ്പനികൾക്ക് അധികാരം നൽകും. ഇതിന് 62-ാം വകുപ്പ് ഭേദഗതി ചെയ്യും. പരമാവധി ഉപയോഗം, മിനിമം നിരക്ക് തുടങ്ങിയ കാര്യങ്ങൾക്ക് പുതുക്കിയ വ്യവസ്ഥ കൊണ്ടുവരും. വൈദ്യുതി വിതരണ അതോറിറ്റികളുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ പാകത്തിൽ 166-ാം വകുപ്പിലും ഭേദഗതി. വൈദ്യുതി നിയമം ലംഘിക്കുന്നവർക്ക് തടവ്, പിഴ എന്നിവയുടെ തോത് നിശ്ചയിക്കാൻ പാകത്തിൽ 146-ാം വകുപ്പിലും ഭേദഗതി ബില്ലിൽ നിർദേശിച്ചിട്ടുണ്ട്. എല്ലാവിധ വൈദ്യുതി സബ്സിഡിയും അവസാനിക്കുമെന്നും കർഷകർക്കും പാവപ്പെട്ടവർക്കും വലിയതോതിൽ ദോഷം ചെയ്യുമെന്നും സമരം ചെയ്യുന്ന ഊർജ മേഖലാ ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.
സർക്കാർ നിയന്ത്രണത്തിൽ വൈദ്യുതി ബോർഡുകൾ സ്ഥാപിച്ച വൈദ്യുതി വിതരണ ശൃംഖലകളിലൂടെ പുതിയ സ്വകാര്യ വിതരണ കമ്പനികൾ വൈദ്യുതി നൽകും. സബ്സിഡി, ക്രോസ് സബ്സിഡി എന്നിവ നിർത്തലാക്കും. എല്ലാ വിഭാഗം ഉപയോക്താക്കളിൽ നിന്നും വൈദ്യുതിയുടെ മുഴുവൻ വിലയും ഈടാക്കും.
എല്ലാ വിഭാഗം ഉപയോക്താക്കൾക്കും വൈദ്യുതി നൽകിയിരിക്കണമെന്ന 'സാർവത്രിക വൈദ്യുതി വിതരണ ബാധ്യത' വ്യവസ്ഥ പാലിക്കാൻ സർക്കാർ കമ്പനികൾ മാത്രം ബാധ്യസ്ഥം. ലാഭം കൊയ്യുന്ന വാണിജ്യ-വ്യവസായ ഉപയോക്താക്കൾക്ക് വൈദ്യുതി വിറ്റ് ലാഭമുണ്ടാക്കുന്നത് സ്വകാര്യ വിതരണ കമ്പനികളായിരിക്കും. വിതരണ ശൃംഖലയുടെ അറ്റകുറ്റപ്പണി സർക്കാർ കമ്പനികളുടെ ഉത്തരവാദിത്തം. അതിനു നിശ്ചിത തുക നൽകുക മാത്രമാണ് സ്വകാര്യ കമ്പനികൾ ചെയ്യുക.
കർഷകരും തൊഴിലാളികളും സമരമുഖത്ത്; തടിയൂരി സർക്കാർ
ന്യൂഡൽഹി: കർഷകരും തൊഴിലാളികളും പ്രതിപക്ഷ പാർട്ടികളും ഒരുപോലെ എതിർക്കുന്ന വൈദ്യുതി ബിൽ സർക്കാറിനെതിരെ പുതിയ സമരായുധമായി മാറുന്നുവെന്ന് തിരിച്ചറിഞ്ഞതോടെയാണ് സഭാ സമിതിയുടെ പരിഗണനക്ക് വിട്ട് സർക്കാർ തൽക്കാലം തടിയൂരിയത്. 13 ബി.ജെ.പി ഇതര സംസ്ഥാന സർക്കാറുകളും വിവാദ ബില്ലിനെതിരാണ്.
വൈദ്യുതി നിയമഭേദഗതി ബിൽ മരവിപ്പിക്കുമെന്നും വിശദചർച്ച നടത്തുമെന്നും കർഷകസമരം അവസാനിപ്പിക്കുമ്പോൾ സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അതിനു വിരുദ്ധമായി കൊണ്ടുവരുന്ന ബില്ലിനെതിരെ പഞ്ചാബിൽ നിന്നടക്കം കർഷകരും എല്ലാ ട്രേഡ് യൂനിയനുകളും തിരിഞ്ഞു. തിങ്കളാഴ്ച ദേശവ്യാപകമായി തൊഴിലാളികൾ പണിമുടക്കുകയും പ്രതിഷേധ പ്രകടനങ്ങൾ നടത്തുകയും ചെയ്തു. വൈദ്യുതി ജീവനക്കാരുടെയും എൻജിനീയർമാരുടെയും ദേശീയ ഏകോപന സമിതിയുടെ ആഹ്വാന പ്രകാരമായിരുന്നു പണിമുടക്ക്. ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, എച്ച്.എം.എസ്, സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ടി.യു.സി.സി, സേവ, യു.ടി.യു.സി, എൽ.പി.എഫ്, എ.ഐ.സി.സി.ടി.യു എന്നീ സംഘടനകൾ പിന്തുണച്ചു. വൈദ്യുതി എൻജിനീയർമാരുടെ അഖിലേന്ത്യ ഫെഡറേഷനായ എ.ഐ.പി.ഇ.എഫ് കഴിഞ്ഞയാഴ്ച പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് കത്തെഴുതിയിരുന്നു.
പഞ്ചാബ് കർഷകർ വീണ്ടും ഇടയുന്നത് ആം ആദ്മി പാർട്ടി, ശിരോമണി അകാലിദൾ എന്നിവയുടെ പ്രതിഷേധത്തിലൂടെ ബി.ജെ.പി തിരിച്ചറിഞ്ഞു. സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അധികാരത്തിന് നേരെയുള്ള ആക്രമണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്സിങ് മാൻ കുറ്റപ്പെടുത്തി. ജനങ്ങളുടെ കഷ്ടപ്പാട് കൂടുകയും ഏതാനും കമ്പനികൾക്ക് നേട്ടമുണ്ടാക്കി കൊടുക്കുകയും ചെയ്യുന്ന അപകടകാരിയായ ബില്ലാണിതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.