എക്സിൽ 200 മില്യൺ ഫോളോവേഴ്സിനെ സ്വന്തമാക്കി ഇലോൺ മസ്ക്
text_fieldsന്യൂഡൽഹി: എക്സിൽ 200 മില്യൺ (20 കോടി) ഫോളോവേഴ്സിനെ സ്വന്തമാക്കി റെക്കോഡിട്ട് ഇലോൺ മസ്ക്. 2022ലാണ് 44 ബില്യൺ ഡോളറിന് മസ്ക് എക്സ് വാങ്ങിയത്. ഫോളോവേഴ്സിന്റെ കാര്യത്തിൽ യു.എസ് മുൻ പ്രസിഡന്റ് ബറാക് ഒബാമയും ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമാണ് മസ്കിന് തൊട്ടുപിന്നാലെയുള്ളത്. ഒക്ടോബർ മൂന്നിലെ കണക്ക് പ്രകാരം ഒബാമക്ക് 131.9 മില്യണും ക്രിസ്റ്റ്യാനോക്ക് 113.2 മില്യൺ ഫോളോവേഴ്സുമാണുള്ളത്.
110.3 മില്യൺ ഫോളോവേഴ്സുമായി കനേഡിയൻ ഗായകൻ ജസ്റ്റിൻ ബീബർ ആണ് നാലാംസ്ഥാനത്ത്. ഗായിക റിഹാന 108.4 മില്യൺ ഫോളോവേഴ്സുമായി അഞ്ചാംസ്ഥാനത്തുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എക്സിൽ 102.4 മില്യൺ ഫോളോവേഴ്സുണ്ട്.
എക്സിൽ എല്ലാദിവസവും സജീവമായിട്ടുള്ളത് 300 മില്യൺ യൂസർമാരാണെന്ന് അടുത്തിടെ മസ്ക് പറഞ്ഞിരുന്നു.അതിനിടെ, മസ്കിന്റെ ഫോളോവേഴ്സിന്റെ എണ്ണം വ്യാജമാണെന്നും ലക്ഷക്കണക്കിന് സജീവമല്ലാത്ത അക്കൗണ്ട് ഉപയോക്താക്കളെ കൂടി മസ്ക് ഫോളോവേഴ്സായി കാണുന്നുണ്ടെന്നും ആരോപണമുയർന്നിരുന്നു.
യു.എസിൽ എക്സ് ഉപയോഗിക്കുന്നവരുടെ എണ്ണം മുമ്പത്തെ അപേക്ഷിച്ച് ഇപ്പോൾ വളരെ കൂടുതലാണെന്നും മസ്ക് അവകാശപ്പെട്ടിരുന്നു. എക്സിനെ ആളുകൾക്ക് സിനിമകളും ടെലിവിഷൻ ഷോകളും പോസ്റ്റ് ചെയ്യാനും ഡിജിറ്റൽ പേയ്‌മെന്റുകൾ നടത്താനും കഴിയുന്ന ഒരു സമ്പൂർണ ആപ്പ് ആക്കാനാണ് ടെക് കോടീശ്വരൻ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.