സ്ഥാപകൻ ജാക്ക് ഡോർസിയേക്കാൾ നാലിരട്ടി ട്വിറ്റർ ഓഹരി സ്വന്തമാക്കി ഇലോൺ മസ്ക്; ആകാംക്ഷയോടെ നെറ്റിസൺസ്
text_fieldsലോക കോടീശ്വരനും ടെസ്‍ലയുടെ സി.ഇ.ഒയുമായ ഇലോൺ മസ്കിന് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിൽ 9.2 ശതമാനം ഓഹരികളുണ്ടെന്ന് വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമീഷന് മുമ്പിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ട്വിറ്ററിലെ ഓഹരികളെക്കുറിച്ചുള്ള മസ്കിന്റെ വെളിപ്പെടുത്തൽ.
റെഗുലേറ്ററി ഫയലിങ് പ്രകാരം മസ്‌കിന്റെ കൈവശം ഏകദേശം 7.34 കോടി ഓഹരികളാണുള്ളത്. ട്വിറ്റർ സ്ഥാപകനും മുൻ സി.ഇ.ഒയുമായ ജാക്ക് ഡോർസിക്ക് 2.25 ശതമാനം ഓഹരി മാത്രമാണ് ട്വിറ്ററിലുള്ളത്. റെഗുലേറ്ററി ഫയലിങ് പുറത്തിറങ്ങിയതിന് പിന്നാലെ പ്രീമാർക്കറ്റ് ട്രേഡിങ്ങിൽ ട്വിറ്ററിന്റെ ഓഹരി വിലകൾ ഏകദേശം 26 ശതമാനമാണ് ഉയർന്നത്. ട്വിറ്റർ ഓഹരികളുടെ വെള്ളിയാഴ്ചത്തെ ക്ലോസിങ് വിലയുടെ അടിസ്ഥാനത്തിൽ 2.89 ബില്യൺ ഡോളറാണ് മസ്കിന്റെ നിലവിലെ ട്വിറ്ററിലെ ഓഹരി മൂല്യം.
അതേസമയം മസ്ക് വാങ്ങിയിരിക്കുന്നത് 9.2 ശതമാനം നിഷ്ക്രിയ ഓഹരിയാണ്. ഇവിടെ, നിഷ്ക്രിയ ഓഹരി കൊണ്ട് അർത്ഥമാക്കുന്നത്, നിക്ഷേപകന് കമ്പനിയുടെ നടത്തിപ്പിൽ സജീവമായി പങ്കെടുക്കാൻ കഴിയില്ല എന്നതാണ്. ട്വിറ്ററിൽ മസ്ക് ഒരു ദീർഘ കാല നിക്ഷേപകൻ ആയിരിക്കും. സോഷ്യൽ മീഡിയ ഭീമന്റെ ഓഹരികൾ അദ്ദേഹം വിൽക്കാനും സാധ്യത കുറവാണ്. നിലവിൽ ട്വിറ്ററിലെ ഏറ്റവും വലിയ ഓഹരിയുടമകളിൽ ഒരാൾ കൂടിയാണ് ഇലോൺ മസ്ക്.
മാർച്ച് 14നായിരുന്നു മസ്ക് ട്വിറ്ററിൽ ഭീമൻ തുക നിക്ഷേപം നടത്തിയത്. എന്നാൽ, മാർച്ച് 25ന് അദ്ദേഹം തന്റെ ട്വിറ്റർ ഹാൻഡിലിൽ വെച്ച് തന്നെ പ്ലാറ്റ്ഫോമിനെതിരെ രംഗത്തുവന്നത് ഇപ്പോൾ ചർച്ചയാവുകയാണ്. അഭിപ്രായ സ്വാതന്ത്ര്യത്തോടുള്ള ട്വിറ്ററിന്റെ സമീപനത്തെ ചോദ്യം ചെയ്തുകൊണ്ട് ഒരു വോട്ടെടുപ്പും മസ്ക് നടത്തിയിരുന്നു.
'ജനാധിപത്യത്തിന്റെ പ്രവര്‍ത്തനത്തിന് സംഭാഷണ സ്വാതന്ത്ര്യം അത്യന്താപേക്ഷിതമാണ്, ട്വിറ്റര്‍ ഈ തത്വം കൃത്യമായി പാലിക്കാന്‍ ശ്രമിക്കുന്നതായി നിങ്ങള്‍ കരുതുന്നുണ്ടോ..? എന്നായിരുന്നു തന്നെ പിന്തുടരുന്നവരോട് അദ്ദേഹം ചോദിച്ചത്. നിങ്ങളുടെ അഭിപ്രായം വളരെ പ്രാധാന്യമേറിയതാണെന്നും ശ്രദ്ധയോടെ വോട്ടുചെയ്യണമെന്നും അദ്ദേഹം കുറിച്ചിരുന്നു.
മസ്കിന്റെ വോട്ടെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത് 20 ലക്ഷത്തിലധികം പേരായിരുന്നു. അവരിൽ 70.4 ശതമാനം ആളുകൾ 'ഇല്ല' എന്ന ഉത്തരമാണ് നൽകിയത്. അതേസമയം തൊട്ടടുത്ത ട്വീറ്റിൽ മസ്ക് പുതിയ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോം വേണ്ടതുണ്ടോ..? എന്നും ചോദിച്ചിരുന്നു. അതിന് താഴെ ആയിരക്കണക്കിന് പേരാണ് 'വേണമെന്ന' ആവശ്യവുമായി എത്തിയത്.
ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ ഇലോൺ മസ്ക് ട്വിറ്റർ സ്വന്തമാക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് ടെക് ലോകത്ത് അഭിപ്രായമുയർന്നിട്ടുണ്ട്. മസ്കിന്റെ ട്വീറ്റുകൾക്ക് താഴെ ട്വിറ്റർ വാങ്ങാൻ ചിലർ ആഹ്വാനം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.