ഇനി ട്വീറ്റുകളും മാറും; ട്വിറ്ററിനെ വേറിട്ടു നിർത്തിയ ആ 'ഫീച്ചർ' മസ്ക് പൊളിച്ചെഴുതുന്നു
text_fieldsഇലോൺ മസ്‌ക് ഔദ്യോഗികമായി ട്വിറ്ററിന്റെ ചുമതല ഏറ്റെടുത്തതോടെ, മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോമിൽ ക്രമേണ നിരവധി മാറ്റങ്ങൾ വരുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ടെസ്‍ല സി.ഇ.ഒ തന്റെ ആദ്യ ദിവസം തന്നെ വലിയ മാറ്റങ്ങൾ വരുത്തി അതിന് തുടക്കംകുറിക്കുന്ന കാഴ്ചയായിരുന്നു. സി.ഇ.ഒ പരാഗ് അഗ്രവാൾ, ലീഗൽ പോളിസി ചീഫ് വിജയ ഗാഡ്ഡെ, സി.എഫ്.ഒ നെൽ സെഗാൾ എന്നീ തലതൊട്ടപ്പൻമാരെ തന്നെയാണ് ലോകകോടീശ്വരൻ ആദ്യം പുറത്താക്കിയത്.
എന്നാൽ, ഇനി ട്വിറ്റർ എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലാണ് മസ്ക് മാറ്റങ്ങൾ വരുത്താൻ പോകുന്നത്. ട്വിറ്ററിനെ മറ്റ് സമൂഹ മാധ്യമങ്ങളിൽ നിന്ന് വേറിട്ട് നിർത്തുന്ന പ്രധാനപ്പെട്ട കാര്യം 'ട്വീറ്റുകളാ'ണ്. 280 അക്ഷരങ്ങൾ മാത്രമാണ് നിലവിൽ ഒരു ട്വീറ്റിൽ ഉൾപ്പെടുത്താൻ കഴിയുക. ഈ അക്ഷര പരിമിതി ട്വിറ്ററിൽ നിന്ന് ഇല്ലാതാക്കുമെന്നാണ് ഇലോൺ മസ്ക് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ട്വീറ്റുകളിലെ അക്ഷര പരിമിതി ഒഴിവാക്കുമോ.. അല്ലെങ്കിൽ പരിധ കൂട്ടുമോ ? എന്ന ഒരു ട്വിറ്റർ യൂസറുടെ ചോദ്യത്തിന് 'തീർച്ചയായും' എന്ന മറുപടി നൽകിക്കൊണ്ടാണ് മസ്ക് പുതിയ മാറ്റത്തിന്റെ സൂചന നൽകിയത്. ദൈര്‍ഘ്യമേറിയ ട്വീറ്റുകള്‍ എത്തിക്കുന്നതില്‍ ട്വിറ്റര്‍ ഏറെ വൈകിയെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ദൈർഘ്യമേറിയ വിഷയങ്ങൾ പല ട്വീറ്റുകളുടെ ഒരു ത്രെഡായാണ് ആളുകൾ പോസ്റ്റ് ചെയ്യുന്നത്. 'ട്വിറ്റര്‍ ത്രെഡ് സംവിധാനം പെട്ടെന്ന് തന്നെ ഒഴിവാക്കുമെന്നും' അദ്ദേഹം പറയുന്നു. മുമ്പ് ട്വീറ്റുകളിൽ 140 അക്ഷരങ്ങൾ മാത്രമായിരുന്നു ഉൾപ്പെടുത്താൻ കഴിഞ്ഞിരുന്നത്. അത് 2017ലാണ് 280 ആക്കിയത്.
ട്വിറ്ററിൽ എഡിറ്റ് ബട്ടൺ വേണമെന്ന് ജാക്ക് ഡോഴ്സി ട്വിറ്റർ തലവനായിരുന്ന കാലത്ത് തന്നെ ഇലോൺ മസ്ക് ആവശ്യപ്പെട്ടിരുന്നു. നിലവിൽ ട്വിറ്റർ ബ്ലൂ എന്ന പ്രീമിയം വേർഷൻ ഉപയോഗിക്കുന്നവർക്ക് മാത്രമാണ് ആ സൗകര്യമുള്ളത്. ഇലോൺ മസ്ക് തലപ്പത്തെത്തിയതോടെ അത് എല്ലാവർക്കും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.