‘ഇസ്രായേലിൽ സംഭവിക്കുന്നത് കാണുമ്പോൾ ദുഃഖം തോന്നുന്നു’ - ഇലോൺ മസ്ക്
text_fieldsവ്യാപക ആക്രമണം തുടരുന്ന ഇസ്രയേൽ, ഫലസ്തീൻ പ്രദേശങ്ങളിൽ ഇരുപക്ഷത്തുമായി ഇന്നലെ മാത്രം കൊല്ലപ്പെട്ടത് 450 ലേറെ പേരാണ്. 3000-ത്തിലേറെ പേർക്ക് പരിക്കുമുണ്ട്. നിരവധി പേരെ ഹമാസ് ബന്ദികളാക്കിയതായി ഇസ്രയേൽ സ്ഥിരീകരിച്ചു. ഇസ്രായേൽ ഗസ്സയിൽ നടത്തിയ പ്രത്യാക്രമണത്തിൽ 232 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 1697 പേർക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചയും ഗസ്സക്കു മേൽ ഇസ്രായേൽ സൈന്യത്തിന്‍റെ വ്യോമാക്രമണം തുടർന്നിരുന്നു.
അതേസമയം, ഫലസ്തീൻ-ഇസ്രായേൽ ‘യുദ്ധ’ത്തിൽ പ്രതികരിച്ച് രംഗത്തുവന്നിരിക്കുകയാണ് ശതകോടീശ്വരനും ടെസ്‍ല സ്ഥാപകനുമായ ഇലോൺ മസ്ക്. ഇസ്രായേലിലെ സംഭവവികാസങ്ങളിൽ താൻ ദുഃഖിതനാണെന്ന് അദ്ദേഹം പറഞ്ഞു. “ഇസ്രായേലിൽ എന്താണ് സംഭവിക്കുന്നതെന്ന് കാണുമ്പോൾ ദുഃഖം തോന്നുന്നു. ഒരു ദിവസം അവിടെ സമാധാനമുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ” -അദ്ദേഹം തന്റെ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ എക്‌സിൽ എഴുതി. അടുത്തിടെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി മസ്ക് കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇലോൺ മസ്കിന്റെ ട്വീറ്റിന് പ്രതികരണവുമായി നിരവധിയാളുകളാണ് എത്തിയത്. ‘ഫലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള മസ്കിന്റെ പോസ്റ്റുകളൊന്നും കണ്ടില്ലല്ലോ’ എന്നാണ് മാധ്യമ പ്രവർത്തകനായ റോബർട്ട് കാർട്ടർ ചോദിച്ചത്. ‘അധിനിവേശക്കാരോട് മാത്രം സഹതാപം എന്നതാണോ എക്സിന്റെ പുതിയ മുദ്രാവാക്യമെന്നും’ അദ്ദേഹം ചോദിച്ചു. എന്ന് അധിനിവേശം അവസാനിപ്പിക്കുന്നോ, അന്ന് അവിടെ സമാധാനമുണ്ടാകുമെന്നാണ് ആസിഫ് ഖാൻ എന്നയാൾ മറുപടിയായി കുറിച്ചത്.
അതേസമയം, ഹമാസിന്റെ ആക്രമണത്തിൽ ഇസ്രായേലിൽ 250 പേരാണ് കൊല്ലപ്പെട്ടത്. 50 വർഷം മുമ്പ് യോങ്കിപ്പൂർ യുദ്ധത്തിനു ശേഷം ഇസ്രായേൽ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണിത്. പതിറ്റാണ്ടുകളായി ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങൾക്കും മസ്ജിദുൽ അഖ്സക്കു നേരെയുള്ള കൈയേറ്റ ശ്രമങ്ങൾക്കും മറുപടിയായാണ് മിന്നലാക്രമണം നടത്തിയതെന്ന് ഹമാസ് വ്യക്തമാക്കിയിരുന്നു. എന്നാൽ, 'നഷ്ടപ്പെട്ട ജീവനുകൾക്ക് ഞങ്ങൾ പകരം വീട്ടും. ഗസ്സയെ ഒരു വിജന ദ്വീപാക്കി മാറ്റും'- എന്നാണ് ഇസ്രായേലിന്റെ ഭീഷണി. ഇസ്രായേലിന്റെ തിരിച്ചടിയിൽ ഗസ്സയിൽ 230 പേരുടെ ജീവൻ പൊലിഞ്ഞിരുന്നു. 1500ലേറെ ആളുകൾക്ക് പരിക്കുണ്ട്. അതേസമയം, ഭീകരർക്കെതിരായ വ്യാപകയുദ്ധത്തിന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പൂർണപിന്തുണ പ്രഖ്യാപിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.