‘വിക്കിപീഡിയക്ക് ഒരു ബില്യൺ ഡോളർ നൽകും’, വിചിത്ര നിബന്ധനയുമായി മസ്ക്
text_fieldsപതിവുപോലെ എക്സി’ലൂടെ പുതിയൊരു പരിഹാസ ട്വീറ്റുമായി ശതകോടീശ്വരനായ ഇലോൺ മസ്ക് എത്തിയിരിക്കുകയാണ്. ഓൺലൈൻ എൻസൈക്ലോപീഡിയയായ ‘വിക്കിപീഡിയ’യാണ് ഇത്തവണ ഇര. വിക്കിപീഡിയ എന്ന പേരുമാറ്റാൻ തയ്യാറായാൽ ഒരു ബില്യൺ ഡോളർ നൽകാമെന്ന് ഓഫർ നൽകിയിരിക്കുകയാണ് ടെസ്‍ല സ്ഥാപകൻ. പേര് 'ഡിക്കിപീഡിയ (Dickipedia)' എന്ന് മാറ്റണമെന്നാണ് മസ്ക് പരിഹാസരൂപേണ ആവശ്യപ്പെടുന്നത്.
ഉടൻ പേര് മാറ്റാനും, ഇലോൺ മസ്ക് നൽകുന്ന പണം സ്വീകരിച്ചതിന് ശേഷം പഴയപടിയാക്കാനും വിക്കിപീഡിയയോട് ഒരാൾ ആവശ്യപ്പെട്ടപ്പോൾ, അതിന് മറുപടിയായി ഇലോൺ മസ്ക് ഒരു നിബന്ധന വെച്ചു. ഒരു വർഷമെങ്കിലും ‘ഡിക്കിപീഡിയ’ എന്ന പേര് നിലനിർത്തണമെന്നാണ് അദ്ദേഹം മറുപടിയായി എക്സിൽ കുറിച്ചത്. വിക്കിപീഡിയയുടെ ഹോം പേജിലുള്ള 'വിക്കിപിഡീയ ഈസ് നോട്ട് ഫോര്‍ സെയില്‍' എന്ന സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചായിരുന്നു മസ്‌കിന്റെ പ്രതികരണം.
"വിക്കിമീഡിയ ഫൗണ്ടേഷൻ ഇത്രയധികം പണം ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വിക്കിപീഡിയ പ്രവർത്തിപ്പിക്കാൻ അത്രയും പണം തീർച്ചയായും ആവശ്യമില്ല. നിങ്ങൾക്ക് അതിലെ മുഴുവൻ ഉള്ളടക്കത്തിന്റെ ഒരു പകർപ്പ് നിങ്ങളുടെ ഫോണിൽ സ്റ്റോർ ചെയ്യാൻ കഴിയും ! അപ്പോൾ, പണം എന്തിനുവേണ്ടിയാണ്? അന്വേഷിക്കുന്ന മനസ്സുകൾ അറിയാൻ ആഗ്രഹിക്കുന്നു... - ഇലോൺ മസ്ക് കുറിച്ചു.
അവിടെയും നിർത്താതെ, മറ്റൊരു പോസ്റ്റുമായി അദ്ദേഹം എത്തി. തന്റെ വിക്കിപീഡിയ പേജിൽ പശുവിന്റെ ഇമോജിയും ഒരു പൂപ് ഇമോജിയും ചേർക്കാമോ എന്നാണ് മസ്ക് ആവശ്യപ്പെട്ടത്. ഒരു കോടിയിലേറെ ആളുകളാണ് വിക്കിപീഡിയയെ ലക്ഷ്യമിട്ടുള്ള ഇലോൺ മസ്കിന്റെ പോസ്റ്റ് കണ്ടത്. ഒരു ലക്ഷത്തിലേറെ ലൈക്കുകളും ലഭിച്ചു.
ഒരു സ്വതന്ത്ര-ഉള്ളടക്ക ഓൺലൈൻ എൻസൈക്ലോപീഡിയയാണ് വിക്കിപീഡിയ. പരസ്യങ്ങളുടെ ശല്യമില്ലാതെ, സൗജന്യ ഉള്ളടക്കങ്ങൾ വാഗ്ദാനം ചെയ്യുന്ന വിക്കിപീഡിയ ആളുകളോട് ഡൊണേഷൻ ആവശ്യപ്പെടാറുണ്ട്. വളരെ ചെറിയ തുക മുതൽ വലിയ തുക വരെ അവർ ഡൊണേഷനായി സ്വീകരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.