ഒപ്റ്റിമസ് റോബോട്ട് ഷർട്ട് മടക്കിവെക്കുന്ന വിഡിയോ പങ്കുവെച്ച് ഇലോൺ മസ്ക്
text_fieldsമനുഷ്യനെ പോലെ തന്നെ ജോലികള്‍ ചെയ്യാന്‍ കഴിവുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട് പുതിയ ഹ്യൂമനോയ്ഡ് റോബോട്ടുമായി ശതകോടീശ്വരൻ ഇലോൺ മസ്ക് എത്തിയപ്പോൾ പലരും നെറ്റിചുളിച്ചിരുന്നു. കാരണം, അൽപ്പമെങ്കിലും മെയ്‍വഴക്കമുള്ള റോബോട്ടുകളെ സിനിമകളിലല്ലാതെ ആരും കണ്ടിട്ടില്ല. അപകടകരമായ സാഹചര്യങ്ങളില്‍ മനുഷ്യന് പകരം ജോലി ചെയ്യിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ഹ്യൂമനോയിഡ് റോബോട്ടിനെ വികസിപ്പിക്കുന്നതെന്ന് ടെസ് ലയുടെ വെബ്‌സൈറ്റില്‍ പറയുന്നു.
ഒപ്റ്റിമസ് റോബോട്ടിന്റെ പ്രോട്ടോ ടൈപ്പ് വിവിധ ജോലികൾ ചെയ്യുന്നതിന്റെ വിഡിയോ കമ്പനി മേധാവി ഇലോൺ മസ്ക് ഇടക്കിടെ പങ്കുവെക്കാറുണ്ട്. മുമ്പ് ഒപ്റ്റിമസ് റോബോട്ട് മുട്ട കൈകൊണ്ട് പൊട്ടാതെ എഗ് ബോയിലറില്‍ വെക്കുന്നതും നൃത്തം ചെയ്യുന്നതുമൊക്കെയായിരുന്നു മസ്ക് ആളുകൾക്ക് മുന്നിലേക്കെത്തിച്ചത്. ഇപ്പോഴിതാ ഒപ്റ്റിമസിനെ കൊണ്ട് മറ്റൊരു ജോലി ചെയ്യിപ്പിക്കുന്ന വിഡിയോയുമായി അദ്ദേഹമെത്തിയിരിക്കുകയാണ്. ഇത്തവണ ഷർട്ട് മടക്കിവെക്കുന്ന വിഡിയോ ആണ് അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്തത്.
മേശയിൽ വെച്ച് ശ്രദ്ധയോടെ റോബോട്ട് ടീ ഷർട്ട് മടക്കിവെക്കുകയാണ്. എന്നാൽ, വളരെ പതുക്കെയാണ് ഒപ്റ്റിമസ് അത് ചെയ്യുന്നത്. ‘തനിക്ക് ഇതിലും വേഗത്തിൽ തുണി മടക്കിവെക്കാൻ കഴിയു’മെന്നാണ് വിഡിയോക്ക് അടിക്കുറിപ്പായി ഇലോൺ മസ്ക് എഴുതിയത്. അതുപോലെ, റോബോട്ട് സ്വന്തമായല്ല തുണി മടക്കുന്നതെന്നും നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുക മാത്രമാണെന്നും മസ്ക് ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ, വൈകാതെ ഇത്തരം കാര്യങ്ങളെല്ലാം തന്നെ റോബോട്ടിന് സ്വയം ചെയ്യാൻ സാധിക്കുമെന്നും മസ്ക് പറയുന്നു.
റോബോട്ടിന്റെ കൈ-കാലുകളുടെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും മറ്റുമുള്ള പരിശീലനം പുരോഗമിക്കുകയാണ്. അതുപോലെ, റോബോട്ടിന്റെ ബാലന്‍സ്, ഗതി നിര്‍ണയം, പുറംലോകവുമായുള്ള ഇടപെടല്‍, തിരിച്ചറിവ് എന്നിവ സാധ്യമാക്കുന്ന സോഫ്റ്റ് വെയറുകളുടെ വികസനവുമൊക്കെ നടന്നുകൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.