ഓപൺ എ.ഐയുമായി കൈകോർത്താൽ തന്റെ കമ്പനികളിൽ ആപ്പിൾ ഉൽപന്നങ്ങൾ നിരോധിക്കുമെന്ന് ഇലോൺ മസ്ക്
text_fieldsകാലിഫോർണിയ: എ.ഐ അധിഷ്ഠിത നെക്സ്റ്റ് ജനറേഷൻ ഓപറേറ്റിങ് സിസ്റ്റം അവതരിപ്പിക്കാൻ ആപ്പിൾ തയാറാകുന്നുവെന്ന വാർത്തകൾക്കു പിന്നാലെ, ഇതിനായി ഓപൺ എ.ഐയുമായി കൈകോർത്താൽ തന്റെ കമ്പനികളിൽ ഐഫോൺ ഉൾപ്പെടെയുള്ള ആപ്പിൾ ഉൽപന്നങ്ങൾ നിരോധിക്കുമെന്ന് ടെസ്‌ല സി.ഇ.ഒ ഇലോൺ മസ്ക്. ഓപൺ എ.ഐയുമായി ചേർന്ന് തയാറാക്കുന്ന ‘ആപ്പിൾ ഇന്റലിജൻസ്’, ഫോണിലെ വിവരങ്ങൾ ചോരാൻ ഇടയാക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് മസ്ക് നിലപാട് പ്രഖ്യാപിച്ചത്.
ആപ്പിൾ ഇന്റലിജൻസിനെ കുറിച്ചുള്ള ടിം കുക്കിന്‍റെ എക്സ് പോസ്റ്റിനു താഴെയാണ് മസ്ക് കമന്റുമായി രംഗത്തുവന്നത്. ‘ഈ ചാര സോഫ്റ്റ്‍വെയർ ഒഴിവാക്കണം, അല്ലെങ്കിൽ ആപ്പിളിന്‍റെ എല്ലാ ഉൽപന്നങ്ങളും എന്‍റെ കമ്പനികളുടെ പരിസരത്ത് നിരോധിക്കും’ എന്നാണ് മസ്ക് കുറിച്ചത്. നേരത്തെ ഓപൺ എ.ഐയെ സമീപിക്കുന്നതിനു പകരം ആപ്പിളിന് സ്വന്തമായി എ.ഐ സോഫ്റ്റ്‍വെയർ തയാറാക്കിക്കൂടേ എന്നും മസ്ക് ചോദിച്ചിരുന്നു. ഓപൺ എ.ഐക്ക് വിവരങ്ങൾ നൽകിയാൽ അവരത് വിറ്റ് കാശാക്കുമെന്നും മസ്ക് വിമർശിച്ചു.
ബ്ലൂംബർഗ് റിപ്പോർട്ട് പ്രകാരം ഐഫോണുകളിൽ നിർമിതബുദ്ധി സേവനം ലഭ്യമാക്കുന്നത് ഓപൺ എ.ഐ വഴിയാണ്. ഐഫോൺ 15 പ്രോയിലാണ് സമ്പൂർണ എ.ഐ അനുഭവം ലഭ്യമാക്കുക. ഡെവലപർമാർക്കുവേണ്ടി എ.ഐ പിന്തുണയുള്ള എക്സ് കോഡും അവതരിപ്പിക്കുന്നു. എം1 മുതലുള്ള ചിപ് ഉള്ള ഐപാഡിലും മാക്കിലും ആപ്പിൾ ഇന്റലിജൻസ് ഉണ്ടാകും. ചാറ്റ് ജി.പി.ടി അധിഷ്ഠിത സംസാരസംവിധാനമുള്ള ‘സിറി’യാണ് മുഖ്യ സവിശേഷത. ആപ്പിളിന്‍റെ ഫസ്റ്റ് പാർട്ടി ആപ്പുകളായ നോട്ട്സ്, മ്യൂസിക്, വോയ്സ് മെമോ തുടങ്ങിയവയും എ.ഐ അധിഷ്ഠിതമാക്കാനാണ് പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.