'മാന്ദ്യം' പേജ് ലോക്ക് ചെയ്തതിന് വിക്കിപീഡിയയെ ചൊറിഞ്ഞു; മസ്കിന് വയറുനിറച്ച് കൊടുത്ത് വിക്കി തലവൻ
text_fieldsഓൺലൈൻ എൻസൈക്ലോപീഡിയ പ്ലാറ്റ്‌ഫോമായ വിക്കിപീഡിയക്കെതിരെ ടെസ്‍ല സ്ഥാപകനും ശതകോടീശ്വരനുമായ ഇലോൺ മസ്ക് രംഗത്ത്. ഉപയോക്താക്കള്‍ക്ക് എഡിറ്റ് ചെയ്യാവുന്ന വിജ്ഞാന ബാങ്കായ വിക്കിപീഡിയയിൽ 'മാന്ദ്യ'ത്തെ (recession) കുറിച്ചുള്ള പേജിന്റെ എഡിറ്റിങ് താൽക്കാലികമായി നിർത്തിയതിന് പിന്നാലെയാണ് മസ്ക് ട്വിറ്ററിൽ പ്രതിഷേധവുമായി എത്തിയത്.
വിക്കിപീഡിയക്ക് അതിന്റെ വസ്തുനിഷ്ഠത നഷ്‌ടപ്പെടുകയാണെന്ന് മസ്ക് പറഞ്ഞു. സഹസ്ഥാപകൻ ജിമ്മി വെയിൽസിനെ ടാഗ് ചെയ്തുകൊണ്ടാണ് മസ്കിന്റെ പോസ്റ്റ്. അതേസമയം, ജിമ്മി വെയിൽസ് മസ്കിന്റെ ട്വീറ്റിനോട് രൂക്ഷമായാണ് പ്രതികരിച്ചത്. ''ധാരാളം ട്വിറ്റർ അസംബന്ധങ്ങൾ വായിച്ച് നിങ്ങളൊരു വിഡ്ഢിയാവുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഒരു യഥാർത്ഥ ചർച്ചക്ക് തയ്യാറാണെങ്കിൽ അടുത്ത ആഴ്ച എന്നെ വിളിക്കൂ''. -വെയിൽസ് ട്വീറ്റ് ചെയ്തു. മാന്ദ്യത്തെ കുറിച്ചു വിക്കിപീഡിയ പേജ് പങ്കുവെച്ച അദ്ദേഹം മസ്കിനോട് അത് വായിക്കാനും ആവശ്യപ്പെട്ടു.
യൂസർമാർ സൈറ്റിലെ 'മാന്ദ്യം' എന്ന പദത്തിന്റെ നിർവചനം നിരന്തരം എഡിറ്റ് ചെയ്ത് മാറ്റുന്ന സാഹചര്യമുണ്ടായതോടെയാണ് വിക്കിപീഡിയ കടുത്ത നടപടിയുമായി മുന്നോട്ടുവന്നത്. അതേസമയം, തുടർച്ചയായ രണ്ടാം പാദത്തിലും ജിഡിപി ഇടിഞ്ഞതിന് പിന്നാലെ, അമേരിക്ക മാന്ദ്യത്തിലേക്ക് കടന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, ബൈഡൻ ഭരണകൂടം ഇതുവരെ രാജ്യം മാന്ദ്യത്തിലാണെന്ന് പ്രഖ്യാപിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.