ഇലോൺ മസ്ക് ടിക്ടോക് വാങ്ങുമോ? വാർത്ത നിഷേധിച്ച് കമ്പനി
text_fieldsന്യൂയോർക്ക്: വിഡിയോ ഷെയറിങ് പ്ലാറ്റ്ഫോമായ ടിക്ടോക്, യു.എസിലെ നിരോധനം മറികടക്കാൻ ലക്ഷ്യമിട്ട് ശതകോടീശ്വരനായ ഇലോൺ മസ്കിന് വിൽക്കുന്നുവെന്ന റിപ്പോർട്ട് നിഷേധിച്ച് കമ്പനി രംഗത്ത്. മാതൃകമ്പനിയായ ബൈറ്റ്ഡാൻസിന്റെ കീഴിൽ തന്നെ നിലനിൽക്കുക എന്നതാണ് ടിക് ടോകിന്റെ ആദ്യ പരിഗണന. എന്നാൽ, ഇതിന് സാധിച്ചില്ലെങ്കിൽ മസ്കിന് വിൽക്കാൻ കമ്പനി ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. ആപിന്റെ യു.എസ് വകഭേദത്തെ വിൽക്കാനാണ് ചൈന ഒരുങ്ങുന്നതെന്നും ബ്ലൂംബെർഗ് റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ റിപ്പോർട്ടിനെ തള്ളിക്കളഞ്ഞ ടിക്ടോക്, ഇത് കെട്ടുകഥ മാത്രമാണെന്നനും വ്യക്തമാക്കി. പ്ലാറ്റ്ഫോമിന്റെ ഓഹരികൾ ചൈനീസ് ഇതര കമ്പനിക്ക് വിറ്റില്ലെങ്കിൽ നിരോധനമേർപ്പെടുത്തുമെന്ന നിയമം യു.എസ് ഫെഡറൽ അപ്പീൽ കോടതി വെള്ളിയാഴ്ച ശരിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിൽപ്പന സംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നത്. പുതിയ പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേൽക്കുമ്പോൾ ടിക്ടോക് നിരോധനത്തിനുള്ള സാധ്യതയേറെയെന്ന് വിലയിരുത്തുന്ന ആളുകളുടെ എണ്ണം കൂടുതലാണ്.
ചൈനയോട് കടുത്ത നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് ഡോണൾഡ് ട്രംപ്. അത് തിരിച്ചടിയാവുമെന്നാണ് ടിക്ടോക്കിന്റേയും മാതൃകമ്പനിയായ ബൈറ്റ്ഡാൻസിന്റേയും വിലയിരുത്തൽ. ഡോണൾഡ് ട്രംപുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യവസായിയാണ് ഇലോൺ മസ്ക്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന് പിന്തുണ നൽകുന്നതായി മസ്ക് പ്രഖ്യാപിച്ചിരുന്നു. പിന്നാലെ പ്രചാരണത്തിനായി സംഭാവനയും നൽകി. നിയുക്ത യു.എസ് പ്രസിഡന്റിന് കീഴിൽ നിർണായക സ്ഥാനം മസ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.