‘ആറ് ദിവസമായി ഒരു പോസ്റ്റ് പോലുമില്ല, ത്രെഡ്സിനെ കൈവിട്ടോ’..? സക്കർബർഗിനെ കൊട്ടി മസ്ക്
text_fieldsമെറ്റയുടെ ട്വിറ്റർ ബദൽ ആപ്പായ ‘ത്രെഡ്സ്’ ആദ്യ ദിവസങ്ങളിൽ ഇന്റർനെറ്റ് ലോകത്തെ പിടിച്ചുകുലുക്കിയിരുന്നു. ഏറ്റവും വേഗത്തിൽ 100 മില്യൺ (10 കോടി) യൂസർമാരെ സ്വന്തമാക്കുന്ന സോഷ്യൽ മീഡിയ ആപ്പായി മാർക്ക് സക്കർബർഗിന്റെ ത്രെഡ്സ് മാറിയിരുന്നു. ഇൻസ്റ്റഗ്രാമുമായി ബന്ധിപ്പിച്ചുള്ള മെറ്റയുടെ ട്രിക്കായിരുന്നു ആളുകളെ കൂട്ടമായി ത്രെഡ്സിലേക്ക് എത്തിച്ചത്. എന്നാൽ, ഇപ്പോൾ കാര്യങ്ങൾ അൽപ്പം കൈവിട്ട മട്ടാണ്.
ത്രെഡ്സിൽ സമയം ചിലവിടാൻ ആദ്യമുണ്ടായിരുന്ന ആവേശം ഇപ്പോൾ പലർക്കുമില്ലെന്നാണ് റിപ്പോർട്ടുകൾ. ഇൻസ്റ്റഗ്രാം പോലെ ആളുകളെ ദീർഘനേരം പിടിച്ചിരുത്താൻ ത്രെഡ്സിന് കഴിയുന്നില്ല. ഇൻസ്റ്റഗ്രാമിലുള്ളവരല്ലാതെ, ട്വിറ്റർ യൂസർമാരെ കൂട്ടമായി തങ്ങളുടെ മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമിലേക്ക് എത്തിക്കാൻ മെറ്റയ്ക്ക് കഴിഞ്ഞിട്ടില്ല. കുറഞ്ഞ ഫീച്ചറുകളും അതിനുള്ള പ്രധാന കാരണമാണ്. ട്വിറ്റർ വർഷങ്ങൾ കൊണ്ട് നേടിയെടുത്ത സ്വീകാര്യതയും മറ്റ് സമൂഹ മാധ്യമങ്ങളിൽ നിന്ന് വ്യത്യസ്തരായ യൂസർ ബേസും ത്രെഡ്സിന് വലിയ അളവിൽ സ്വന്തമാക്കാൻ ഇപ്പോൾ സാധിച്ചിട്ടില്ല.
അതേസമയം, സാക്ഷാൽ മാർക് സക്കർബർഗിനും ത്രെഡ്സിനോട് താൽപര്യം കുറഞ്ഞോ എന്നാണ് ഇപ്പോൾ ട്വിറ്ററാട്ടികൾ ചോദിക്കുന്നത്. ഇലോൺ മസ്കും സക്കർബർഗിനെ കൊട്ടുന്ന തരത്തിലുള്ള ട്വീറ്റുമായി എത്തിയിട്ടുണ്ട്.
മെറ്റാ സി.ഇ.ഒ മാർക്ക് സക്കർബർഗ് ആറ് ദിവസമായി ത്രെഡ്സിൽ ഒരു പോസ്റ്റും പങ്കുവെച്ചിട്ടില്ലെന്ന് ഒരു ട്വീറ്റ് ചൂണ്ടിക്കാണിച്ചതിന് പിന്നാലെ ട്വിറ്റർ ഉടമ ഇലോൺ മസ്‌ക് പ്രതികരിക്കുകയായിരുന്നു. ഇപ്പോൾ തന്നെ സക്കർബർഗ് ത്രെഡ്സ് കൈവിട്ടോ..? എന്നായിരുന്നു ഒരു ട്വിറ്റർ യൂസർ ചോദിച്ചത്. "അദ്ദേഹം (സക്കർബർഗ്) തന്റെ പുതിയ പ്രൊഡക്ടിനെ ശ്രദ്ധിക്കുന്നില്ല എന്നാണ് തോന്നുന്നത്." -അതിന് മറുപടിയായി മസ്‌ക് എഴുതി. പത്ത് കോടി യൂസർമാരെ സ്വന്തമാക്കിയ വിവരം പങ്കുവെച്ചുള്ള പോസ്റ്റായിരുന്നു അവസാനമായി ത്രെഡ്സിൽ സക്കർബർഗ് പങ്കുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.