സക്കർബർഗുമായുള്ള ‘ഏറ്റുമുട്ടൽ’ എക്സിൽ ലൈവ് സ്ട്രീം ചെയ്യുമെന്ന് മസ്ക്; പ്രതികരിച്ച് മെറ്റ തലവൻ
text_fieldsടെസ്‍ല തലവൻ ഇലോൺ മസ്കും മെറ്റ തലവൻ മാർക് സക്കർബർഗും തമ്മിലുള്ള ‘കേജ് ഫൈറ്റ്’ ദിവസങ്ങൾക്ക് മുമ്പ് വലിയ വാർത്തയായി മാറിയിരുന്നു. സക്കർബർഗുമായി ഏറ്റുമുട്ടാൻ തയ്യാറാണെന്ന് മസ്ക് പ്രഖ്യാപിച്ചതും സ്ഥലമറിയിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് മെറ്റ തലവൻ ഇൻസ്റ്റയിൽ വെല്ലുവിളിച്ചതുമെല്ലാം നെറ്റിസൺസിനിടയിൽ ചർച്ചാവിഷയമായി മാറുകയും ചെയ്തു.
കുറച്ച് ദിവസത്തേക്ക് അതുമായി ബന്ധപ്പെട്ടുള്ള പോസ്റ്റുകളൊന്നും കാണാതിരുന്നതോടെ, ശതകോടീശ്വരൻമാർ തമാശ കളിക്കുകയാണെന്ന് പലരും ധരിച്ചു. എന്നാൽ കഴിഞ്ഞ ദിവസം ഇലോൺ മസ്ക് എക്സി’ൽ (ട്വിറ്റർ) അതുമായി ബന്ധപ്പെട്ട പോസ്റ്റുമായി എത്തി. അതോടെ, കേജ് ഫൈറ്റ് വീണ്ടും ചർച്ചയാവുകയാണ്.
‘മാർക്ക് സക്കർബർഗുമായുള്ള ഇടിക്കൂട്ടിലെ ‘തല്ല്’ തന്റെ മൈക്രോ ബ്ലോഗിങ് സൈറ്റായ ‘എക്സി’ൽ തത്സമയം സ്ട്രീം ചെയ്യും’ എന്നായിരുന്നു മസ്ക് കുറിച്ചത്. ദിവസങ്ങൾക്ക് മുമ്പായിരുന്നു എക്സിൽ ലൈവ് വിഡിയോ സ്ട്രീമിങ് ഓപ്ഷൻ അവതരിപ്പിച്ചത്. അതേസമയം, ലൈവ് സ്ട്രീമിങ് വഴി ലഭിക്കുന്ന വരുമാനം ചാരിറ്റി പ്രവർത്തനങ്ങൾക്കായി നൽകുമെന്നും പോസ്റ്റിൽ മസ്ക് കൂട്ടിച്ചേർത്തു.
‘‘ഞാൻ ദിവസം മുഴുവൻ ഭാരം ഉയർത്തി, പോരാട്ടത്തിന് തയ്യാറെടുക്കുന്നു. വർക് ഔട്ട് ചെയ്യാൻ സമയമില്ലാത്തതിനാൽ, അതിനുള്ള ഉപകരണങ്ങളെല്ലാം ജോലി ചെയ്യുന്നിടത്തേക്ക് കൊണ്ടുവരും’’.മറ്റൊരു ട്വീറ്റിൽ മസ്ക് കുറിച്ചു.
എന്നാൽ, മസ്കിന്റെ ട്വീറ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് സക്കർബർഗ് അതിനുള്ള പ്രതികരണവുമായി എത്തി. തങ്ങളുടെ കേജ് ഫൈറ്റ് സംഘടിപ്പിക്കാനായി ആഗസ്ത് 26 എന്ന തീയതി താൻ മുന്നോട്ടുവെച്ചിരുന്നതായും എന്നാൽ, മസ്ക് അതിൽ യാതൊരു സ്ഥിരീകരണവും നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ ശ്വാസം അടക്കി പിടിച്ചിരിക്കുകയല്ലെന്നും സക്കർബർഗ് ത്രെഡ്സിൽ എഴുതി. ‘‘എക്‌സി’ന് പകരം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പണം സ്വരൂപിക്കാൻ കഴിയുന്ന കൂടുതൽ അനുയോജ്യമായ പ്ലാറ്റ്‌ഫോം ഉപയോഗിക്കണമെന്നും’’ അദ്ദേഹം നിർദ്ദേശിച്ചു.
എന്തായാലും മസ്ക് ഇപ്പോഴും എക്സി’ൽ കേജ് ഫൈറ്റുമായി ബന്ധപ്പെട്ടുള്ള തമാശ നിറഞ്ഞ ചില പോസ്റ്റുകൾ പങ്കുവെക്കുന്നുണ്ട്. അതുകൊണ്ട് തന്നെ, അദ്ദേഹം സക്കർബർഗിനെയും നെറ്റിസൺസിനെയും തമാശയാക്കുകയാണെന്നുള്ള കമന്റുകളും വന്നുതുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.