ട്വിറ്റർ പാപ്പരാകുമെന്ന മുന്നറിയിപ്പുമായി ഇലോൺ മസ്ക്
text_fieldsവാഷിങ്ടൻ: ട്വിറ്റർ പാപ്പരത്വത്തിലേക്ക് നീങ്ങുകയാണെന്ന മുന്നറിയിപ്പുമായി പുതിയ മേധാവി ഇലോൺ മസ്ക്. മുതിർന്ന ഉദ്യോഗസ്ഥർ അപ്രതീക്ഷിതമായി രാജിവെച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്നും അദ്ദേഹം അറിയിച്ചു. 44 ബില്യൻ ഡോളറിന് മസ്ക് ട്വിറ്റർ വാങ്ങി ആഴ്ചകൾക്കകമാണ് വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് സ്ഥാപനം കൂപ്പുകുത്തുന്നത്.
മസ്ക് ഏറ്റെടുത്തതിന് പിന്നാലെ 50 ശതമാനത്തോളം ജീവനക്കാരെ ട്വിറ്ററിൽനിന്ന് പിരിച്ചുവിട്ടിരുന്നു. അതിനു പുറമെ ചീഫ് സെക്യൂരിറ്റി ഓഫിസർ ലിയ കിസ്നർ, മുതിർന്ന എക്‌സിക്യൂട്ടീവുകളായ യോയെൽ റോത്ത്, റോബിൻ വീലർ, ചീഫ് പ്രൈവസി ഓഫിസർ ഡാമിയൻ കീറൻ, ചീഫ് കംപ്ലയൻസ് ഓഫിസർ മരിയാനെ ഫൊഗാർട്ടി തുടങ്ങിയവരുടെ രാജി പ്രതിസന്ധി രൂക്ഷമാക്കി. പ്രൈവസി, കംപ്ലയൻസ് ഓഫിസർമാർ രാജിവെച്ചത് ഏറെ ആശങ്കയോടെയാണ് കാണുന്നതെന്ന് യു.എസ് ഫെഡറൽ ട്രേഡ് കമീഷൻ അറിയിച്ചു.
വ്യാഴാഴ്ച ട്വിറ്ററിലെ മുഴുവൻ ജീവനക്കാരുമായും മസ്ക് ആദ്യമായി നടത്തിയ കൂടിക്കാഴ്ചയിൽ കമ്പനി വൻ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അടുത്ത വർഷത്തേക്ക് കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമുണ്ടാകുമെന്നും അറിയിച്ചതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഒക്ടോബർ 27നാണ് മസ്ക് ട്വിറ്റർ ഏറ്റെടുത്തത്. ഇതിനു പിന്നാലെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുകയായിരുന്നു. താൻ സ്ഥാപനം ഏറ്റെടുത്തതോടെ പരസ്യദാതാക്കൾ പിൻവാങ്ങിയെന്നും ഒരു ദിവസം നാല് മില്യൺ ഡോളറിലധികം നഷ്ടമുണ്ടാകുന്നുണ്ടെന്നുമാണ് അന്ന് നൽകിയ വിശദീകരണം. കൂട്ടപ്പിരിച്ചുവിടലിനു പിന്നാലെ ബ്ലൂ ടിക്ക് ലഭിക്കാൻ ഉപയോക്താക്കൾ മാസം എട്ടു ഡോളർ നൽകണമെന്നും മസ്ക് അറിയിച്ചിരുന്നു. ഇതിനു പിന്നാലെ വർക് ഫ്രം ഹോമും അവസാനിപ്പിച്ചു. പ്രയാസകരമായ സമയം വരികയാണെന്ന് വ്യക്തമാക്കിക്കൊണ്ട് മസ്ക് ജീവനക്കാർക്ക് അയച്ച മെയിലിലാണ് ഇക്കാര്യം അറിയിച്ചത്. പരസ്യ വരുമാനത്തിലെ കുറവ് ട്വിറ്ററിനെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കിയെന്നും മസ്ക് അറിയിച്ചിട്ടുണ്ട്. ആഴ്ചയിൽ കുറഞ്ഞത് 40 മണിക്കൂറെങ്കിലും ജോലി ചെയ്യണമെന്നാണ് പുതിയ നിബന്ധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.