റോക്കറ്റുകൾ നക്ഷത്രങ്ങളിലേക്ക് അയക്കു; ഇസ്രായേൽ-ഇറാൻ സംഘർഷത്തിനിടെ സമാധാന സന്ദേശവുമായി മസ്ക്
text_fieldsവാഷിങ്ടൺ: ഇസ്രായേൽ-ഇറാൻ സംഘർഷത്തിനിടെ സമാധാന സന്ദേശവുമായി ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്ക്. വെള്ളിയാഴ്ചയാണ് എക്സ് അക്കൗണ്ടിലൂടെ മസ്ക് സമാധാനത്തിനായി ആഹ്വാനം ചെയ്തത്.
നമ്മൾ പരസ്പരം റോക്കറ്റുകൾ അയക്കുകയല്ല വേണ്ടത്, പകരം അവയെ നക്ഷത്രങ്ങളിലേക്ക് അയക്കണമെന്ന് മസ്ക് പറഞ്ഞു. ഒരു റോക്കറ്റിന്റെ ചിത്രവും ഇലോൺ മസ്ക് പങ്കുവെച്ചിട്ടുണ്ട്. നേരത്തെ ഇറാനിലെ ഇസ്ഫഹൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇറാനിലെ റെവലൂഷണറി ഗാർഡുമായി അടുത്തു നിൽക്കുന്ന തസ്നിം വാർത്ത ഏജൻസി സ്ഫോടനം സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറാൻ സൈന്യത്തിന്റെ പ്രധാനപ്പെട്ടൊരു കേന്ദ്രമാണ് ഇസ്ഫഹൻ നഗരം.
ഇസ്രായേൽ ആക്രമണമുണ്ടായെന്ന വാർത്തകൾക്കിടെ പല പ്രവിശ്യകളിലും വ്യോമപ്രതിരോധ സംവിധാനങ്ങൾ ഇറാൻ പ്രയോഗക്ഷമമാക്കുകയും ചെയ്തിരുന്നു. രാജ്യത്തിന്റെ ഔദ്യോഗിക വാർത്ത ഏജൻസിയായ ഇർനയാണ് ഇക്കാര്യം അറിയിച്ചത്. സ്ഫോടന വാർത്തക്ക് പിന്നാലെ ഇറാൻ തലസ്ഥാനമായ തെഹ്റാൻ, ഇസ്ഫഹൻ, ഷിറാസ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയെന്ന് വാർത്ത ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു. അതേമസയം, ഇസ്രായേലിന്റെ ഇറാൻ ആക്രമണത്തെ കുറിച്ച് പ്രതികരിക്കാൻ വൈറ്റ് ഹൗസോ പെന്റഗണോ തയാറായില്ല.
ഇറാന്റെ ഡ്രോണാക്രമണത്തിന് ഇസ്രായേൽ മറുപടി നൽകിയെന്ന റിപ്പോർട്ടുകൾ മിഡിൽ ഈസ്റ്റിൽ സംഘർഷ സാധ്യത വർധിപ്പിക്കുമെന്നാണ് ആശങ്ക. നേരത്തെ സിറിയയിലെ എംബസി ആക്രമണത്തിന് മറുപടിയായാണ് ഇറാൻ ഇസ്രായേലിൽ ഡ്രോണാക്രമണം നടത്തിയത്.
ഇറാന്റെ ആക്രമണത്തിന് പിന്നാലെ തിരിച്ചടിയുണ്ടാവുമെന്ന് ഇസ്രായേൽ അറിയിച്ചിരുന്നു. അതേസമയം, ഇരുരാജ്യങ്ങളോടും സംയമനം പാലിക്കാൻ നിർദേശിച്ച് വിവിധ രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. എന്നാൽ, ഇറാൻ ആക്രമിച്ചാൽ ഇസ്രായേലിനെ പിന്തുണക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നായിരുന്നു യു.എസ് നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.