‘അടുത്ത പണി യൂട്യൂബിന്’; പുതിയ ആപ്പ് അവതരിപ്പിക്കാനൊരുങ്ങി ഇലോൺ മസ്ക്
text_fieldsട്വിറ്ററിനെ 44 ബില്യൺ ഡോളർ നൽകി സ്വന്തമാക്കിയതിന് ശേഷം ശതകോടീശ്വരനായ ഇലോൺ മസ്ക് ആപ്പിൽ അടിമുടി മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണ്. ‘എക്സ്’ എന്ന് പേരുമാറ്റിക്കൊണ്ടായിരുന്നു എല്ലാത്തിന്റേയും തുടക്കം. പിന്നാലെ ട്വിറ്റർ ബ്ലൂ സബ്സ്ക്രിപ്ഷൻ ഫീച്ചർ അവതരിപ്പിച്ച് ട്വീറ്റുകളുടെ ‘240 അക്ഷരങ്ങൾ’ എന്ന പരിധി എടുത്തുകളയുകയും ദൈർഘ്യമേറിയ വിഡിയോ പങ്കിടാനുള്ള ഓപ്ഷനുമൊക്കെ നൽകി. ദിവസങ്ങൾക്ക് മുമ്പ് ആപ്പിൽ ഓഡിയോ - വിഡിയോ കോൾ സംവിധാനവും അവതരിപ്പിച്ചു.
വൈകാതെ, ഓൺലൈൻ പണമിടപാടും ഡേറ്റിങ് സൗകര്യവും ഇ-കൊമേഴ്സ് സംവിധാനവുമൊക്കെയുള്ള ‘എവരിതിങ് ആപ്പാ’ക്കി മൈക്രോ ബ്ലോഗിങ് സൈറ്റായ എക്സിനെ മാറ്റാനാണ് മസ്ക് ഉദ്ദേശിക്കുന്നത്.
എന്നാൽ, അടുത്തതായി എക്സിൽ അവതരിപ്പിക്കുന്ന ഫീച്ചറിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇലോൺ മസ്ക്. വൈകാതെ ‘എക്സ്’ എന്ന സോഷ്യൽ നെറ്റ്‍വർക്കിലൂടെ സ്മാർട്ട് ടെലിവിഷനുകളിൽ ദൈർഘ്യമേറിയ വീഡിയോകൾ ആസ്വദിക്കാൻ കഴിയുമെന്നാണ് അദ്ദേഹം പറയുന്നത്. നിലവിൽ സ്മാർട്ട് ടിവികളിൽ യൂട്യൂബ് ആപ്പാണ് ആളുകൾ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത്. യൂട്യൂബിന് വെല്ലുവിളിയുയർത്താനാണ് എക്സി’ലൂടെ ഇലോൺ മസ്ക് ലക്ഷ്യമിടുന്നത്.
അതെ, ടിവികൾക്ക് വേണ്ടി മാത്രമായി എക്സിന്റെ പുതിയൊരു ആപ്പ് അവതരിപ്പിക്കുകയാണ് ലക്ഷ്യം. ഫോര്‍ച്ച്യൂണ്‍ റിപ്പോര്‍ട്ട് അനുസരിച്ച് സാംസങ്, ആമസോണ്‍ സ്മാര്‍ട് ടിവി എന്നിവയിലാകും എക്‌സിന്റെ ടിവി ആപ്പ് ആദ്യം എത്തുക. ഗൂഗിളിന് മാത്രമല്ല, മറ്റ് സോഷ്യൽ മീഡിയ ഭീമൻമാരുമായും ഏറ്റുമുട്ടാനാണ് മസ്കിന്റെ പദ്ധതി. ഗെയിം സ്ട്രീമർമാരുടെ കോട്ടയായ ട്വിച്ച്, സന്ദേശമയക്കൽ ആപ്പായ സിഗ്നൽ, റെഡ്ഡിറ്റ് എന്നിവക്കെല്ലാം ബദൽ സേവനം അവതരിപ്പിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.