എക്സിൽ (ട്വിറ്റർ) വാർത്തകൾ പങ്കുവെച്ചാൽ, ‘തലക്കെട്ട്’ കാണില്ല; മാറ്റവുമായി ഇലോൺ മസ്ക്
text_fieldsശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള മൈക്രോ ബ്ലോഗിങ് സൈറ്റായ എക്സിൽ (ട്വിറ്റർ) വാർത്തകളുടെ ലിങ്കുകൾ പ്രദർശിപ്പിക്കുന്നതിൽ സുപ്രധാന മാറ്റങ്ങൾ വരുന്നു. ഇനി മുതൽ എക്സിൽ ന്യൂസ് ലിങ്കുകൾ പങ്കുവെക്കുമ്പോൾ അവയടെ തലക്കെട്ടുകൾ കാണാൻ കഴിയില്ല. പകരം, വാർത്തയിൽ നൽകിയ ഒരു ചിത്രമാകും പ്രദർശിപ്പിക്കുക. ഈ മാറ്റം പോസ്റ്റുകള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ദൃശ്യമാക്കുമെന്ന് ഇലോണ്‍ മസ്‌ക് പറയുന്നു.
പൊതുവെ വാർത്തകളുടെ ലിങ്കുകൾ പങ്കുവെക്കുമ്പോൾ ഒരു ചിത്രവും തലക്കെട്ടുമാണ് യൂസർമാർക്ക് ദൃശ്യമാവാറുള്ളത്. ഇനി മുതൽ ഉള്ളടക്കത്തിലുള്ള ഒരു ചിത്രവും ഒപ്പം ചിത്രത്തിന് ഇടത് ഭാഗത്ത് താഴെയായി ആ വെബ്‌സൈറ്റിന്റെ ഡൊമൈനും പ്രദര്‍ശിപ്പിക്കും. ഉപഭോക്താവ് പങ്കുവെക്കുന്ന കുറിപ്പായിരിക്കും പോസ്റ്റിന്റെ കാപ്ഷനായി കാണാൻ സാധിക്കുക. ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്താൽ, വാർത്തയിലേക്ക് പോകാനും സാധിക്കും.
ഒറ്റ നോട്ടത്തിൽ എക്സിൽ ഒരു ചിത്രം പങ്കുവെച്ചത് പോലെയാകും വാർത്തകൾ ദൃശ്യമാവുക. സാധാരണ പോസ്റ്റുകളും വാർത്തകളും തിരിച്ചറിയാൻ അൽപ്പമൊന്ന് ബുദ്ധിമുട്ടേണ്ടി വന്നേക്കും. എന്തായാലും പുതിയ മാറ്റം എക്സിലൂടെ വാർത്തകൾ പങ്കിടുന്ന മാധ്യമങ്ങളെ ചൊടിപ്പിക്കാനാണ് സാധ്യത.
ഏറെ കാലമായി പരമ്പരാഗത മാധ്യമങ്ങളുമായി ഇലോൺ മസ്ക് അത്ര രസത്തിലല്ല. ‘ട്വിറ്ററാണ് മികച്ച വിവര സ്രോതസ്സെന്ന്’ അദ്ദേഹം പലപ്പോഴായി അവകാശപ്പെട്ടിട്ടുണ്ട്. ‘ദ ന്യൂയോർക് ടൈംസ്’ പോലുള്ള മാധ്യമങ്ങളുടെ പോസ്റ്റുകൾ പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിക്കുന്നത് മനഃപ്പൂർവ്വം വൈകിപ്പിച്ചതിനും പ്രമുഖ മാധ്യമ പ്രവർത്തകരെ എക്സിൽ നിന്ന് വിലക്കിയതിനുമൊക്കെ പഴികേട്ട ചരിത്രവും എക്സിനുണ്ട്.
“താൻ ഇനി ഒരിക്കലും പരമ്പരാഗത മാധ്യമങ്ങളിൽ നിന്നുള്ള വാർത്തകൾ വായിക്കില്ല,” എന്ന് മസ്‌ക് കഴിഞ്ഞ ദിവസം എക്സിൽ പോസ്റ്റ് ചെയ്തിരുന്നു. "എക്‌സിൽ ദിവസങ്ങൾക്ക് മുമ്പ് പോസ്റ്റ് ചെയ്‌ത ഒരു കാര്യത്തെക്കുറിച്ച് 1,000 വാക്കുകളുള്ള വാർത്ത വായിക്കുന്നതിന്റെ അർത്ഥമെന്താണ്?" - അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വിദ്വേഷ പോസ്റ്റുകളുടെ വർധനയും മസ്‌കിന്റെ പെരുമാറ്റവും കാരണം ചില മാധ്യമ ഗ്രൂപ്പുകൾ X-ൽ പോസ്റ്റുചെയ്യുന്നത് പൂർണ്ണമായും നിർത്തിയിട്ടുണ്ട്. എഎഫ്‌പിയും മറ്റ് ഫ്രഞ്ച് വാർത്താ ഔട്ട്‌ലെറ്റുകളും പകർപ്പവകാശ ലംഘനങ്ങൾ ആരോപിച്ച് എക്സിനെതിരെ നിയമപരമായി രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.