‘നിയമവിരുദ്ധ നിയന്ത്രണം’; കേന്ദ്രത്തിനെതിരെ ഹൈകോടതിയിൽ കേസ് ഫയൽ ചെയ്ത് മസ്കിന്റെ എക്സ്
text_fieldsഇലോൺ മസ്ക്
ബംഗളൂരു: ഉള്ളടക്കത്തിൽ നിയമവിരുദ്ധ നിയന്ത്രണവും സെൻസർഷിപ്പും ഏർപ്പെടുത്തുന്നുവെന്ന് ആരോപിച്ച് യു.എസ് ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സ് കർണാടക ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തു. ഐ.ടി നിയമത്തിലെ പല വകുപ്പുകളും കേന്ദ്രം തെറ്റായ രീതിയിലാണ് വ്യാഖ്യാനിക്കുന്നതെന്നും ഓൺലൈൻ പ്ലാറ്റ്ഫോമിൽ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന രീതിയിലാണ് നിയന്ത്രണങ്ങളെന്നും ഹരജിയിൽ പറയുന്നു.
ഐ.ടി ആക്ട് സെക്ഷൻ 79(3)(ബി), കോടതി ഉത്തരവ് പ്രകാരമോ സർക്കാർ വിജ്ഞാപന പ്രകാരമോ ആവശ്യപ്പെടുന്ന പ്രകാരം ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ കണ്ടന്റ് നീക്കംചെയ്യണമെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നു. ഈ വകുപ്പ് ആവിഷ്കാര സ്വാതന്ത്ര്യത്തെ നിയന്ത്രിച്ച് കണ്ടന്റ് ബ്ലോക്ക് ചെയ്യാൻ ഉപയോഗിക്കുന്നുവെന്നും സെക്ഷൻ 69എ പ്രകാരമുള്ള നിയമപരമായ രീതി സ്വീകരിക്കാതെയാണ് ഇത് ചെയ്യുന്നത്. കൃത്യമായ പരിശോധനകൾ നടത്തി നിയമനടപടികളിലൂടെ മാത്രമേ കണ്ടന്റ് ബ്ലോക്ക് ചെയ്യാവൂ എന്ന് 2015ൽ ശ്രേയ സിംഘാൾ കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിന് വിരുദ്ധമാണിതെന്നും ഹരജിയിൽ പറയുന്നു.
സർക്കാർ നിർദേശം 36 മണിക്കൂറിനകം നടപ്പാക്കിയില്ലെങ്കിൽ സമൂഹമാധ്യമ പ്ലാറ്റ്ഫോമിന് 79(1) വകുപ്പ് പ്രകാരമുള്ള പരിരക്ഷ നഷ്ടമാകും. ഐ.പി.സിയിലെ വിവധ വകുപ്പുകൾ പ്രകാരം പ്രതിസ്ഥാനത്തുമാകും. നേരായ രീതി അവലംബിക്കാതെ സർക്കാർ നേരിട്ട് സെൻസർഷിപ്പ് ഏർപ്പെടുത്തുന്ന രീതി അംഗീകരിക്കാനാകില്ലെന്നാണ് എക്സിന്റെ നിലപാട്. ജുഡീഷ്യൽ മേൽനോട്ടമില്ലാതെ ഓൺലൈൻ കണ്ടന്റുകളും ഇടപെടലുകളും നിയന്ത്രിക്കാനുള്ള സർക്കാരിന്റെ മറ്റൊരു ശ്രമമാണിതെന്നും എക്സ് വാദിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.